ഡീപ്പ് ഫേക്ക് വീഡിയോകള്‍ ഇന്ന് വലിയൊരു ചര്‍ച്ചാ വിഷയമാണ്. വീഡിയോ ദൃശ്യങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്യുന്ന ഈ സാങ്കേതിക വിദ്യ വലിയ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുമെന്ന വിമര്‍ശനമാണ് ഉയരുന്നത്. അത്തരത്തില്‍ ചില സംഭവങ്ങള്‍ അടുത്തിടെ ഉണ്ടാവുകയും ചെയ്തു. 

ഇപ്പോഴിതാ ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്റ്റാര്‍ ട്രെക്ക് എന്ന പ്രശസ്തമായ ശാസ്ത്രകഥാ ടെലിവിഷന്‍ പരമ്പരയിലെ കഥാപാത്രങ്ങളായിരിക്കുകയാണ് ആമസോണ്‍ മേധാവി ജെഫ് ബെസോസു ടെസ്‌ല, സ്‌പേസ് എക്‌സ് കമ്പനികളുടെ മേധാവി ഇലോണ്‍ മസ്‌കും. ദി ഫേക്കെനിങ് എന്ന യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ ഇതിനോടകം ഒരുലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. 

വളരെ ലളിതമായി പറഞ്ഞാല്‍ ഒരു വ്യക്തിയെ ഉള്‍പ്പെടുത്തി ഒന്നാന്തരം വ്യാജ വീഡിയോ നിര്‍മിക്കാന്‍ സാധിക്കുന്ന നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയാണ് ഡീപ്പ് ഫേക്ക്. 

സ്റ്റാര്‍ ട്രെക്കിന്റെ ആദ്യ എപ്പിസോഡായ ദി കേജിലെ കഥാപാത്രങ്ങളായാണ് ഈ ഡീപ്പ് ഫേക്ക് വീഡിയോയില്‍ ജെഫ് ബെസോസും ഇലോണ്‍ മസ്‌കും എത്തുന്നത്. താലോസിയാന്‍ എന്ന കഥാപാത്രമായി ബെസോസിനേയും, കാപ്റ്റന്‍ ക്രിസ്റ്റഫര്‍ പൈക്ക് ആയി ഇലോണ്‍ മസ്‌കിനേയും ആവിഷ്‌കരിച്ചിരിക്കുന്നു. 

അടിമയാക്കി മാറ്റുന്നതിനായി പൈക്കിനെ പിടികൂടിയിരിക്കുകയാണ് താലോസിയന്‍ അന്യഗ്രഹജീവികള്‍. ഒരു തകര്‍ക്കപ്പെട്ട സമൂഹത്തെ പുനര്‍നിര്‍മിക്കുന്നതിനു വേണ്ടി പൈക്കിനെ ഉപയോഗിച്ച് കൂടുതല്‍ മനുഷ്യരെ ഉല്‍പ്പാദിപ്പിക്കാനാണ് താലോസിയനുകള്‍ ആഗ്രഹിക്കുന്നത്. താലോസിയനുകളില്‍ നിന്നും രക്ഷപ്പെടാനുള്ള പൈക്കിന്റെ ശ്രമങ്ങളാണ് ഈ എപ്പിസോഡ് മുഴുവന്‍. 

താലോസിയന്‍ അന്യഗ്രഹ ജീവിയും കാപ്റ്റന്‍ പൈക്കും തമ്മിലുള്ള സംഭാഷണ രംഗമാണ് മസ്‌കിനേയും, ബെസോസിനേയും വെച്ച് നിര്‍മിച്ചത്. 

അതേസമയം താലോസിയന്റെ സ്ഥാനത്ത് ബെസോസിന്റെ മുഖം സ്ഥാപിക്കേണ്ടിയിരുന്നില്ലെന്നും താലോസിയന്റെ മുഖവും ബെസോസിന്റെ മുഖവും സാമ്യമുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്തായാലും ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യയുടെ ഇത്തരമൊരു സാധ്യത അത്ഭുതത്തോടെയാണ് ലോകം കാണുന്നത്. 

Content Highlights: Amazon and Tesla CEOs in a ‘Star Trek’ episode through Deepfake tech