വര്‍ഷം റിയല്‍മി പുറത്തിറക്കുന്ന 20,000 രൂപയ്ക്ക് മുകളില്‍ വിലയുള്ള ഫോണുകളിലെല്ലാം 5ജി ഉണ്ടാകുമെന്ന് റിയല്‍മി ഇന്ത്യ മേധാവി മാധവ് ഷേത്ത്. ഈ വര്‍ഷം കമ്പനി പുറത്തിറക്കാന്‍ പോവുന്ന ഫോണുകളുടെ പകുതി 5ജി-യോടു കൂടിയുള്ളതാവുമെന്നും മാധവ് ഷേത്ത് പറഞ്ഞു. 

2020 തുടക്കത്തില്‍ തന്നെ എക്‌സ്50 പ്രോ ഫോണ്‍ അവതരിപ്പിച്ച് ഇന്ത്യയില്‍ 5ജി ഫോണ്‍ എത്തിച്ച കമ്പനികളില്‍ ഒന്നായി റിയല്‍മി മാറിയിരുന്നു. ഇന്ത്യയില്‍ ഇതുവരെയും 5ജി നെറ്റ് വര്‍ക്ക് ലഭ്യമായിട്ടില്ല. എയര്‍ടെലും റിലയന്‍സ് ജിയോയും അതിനുള്ള ശ്രമത്തിലാണ്. 

മെച്ചപ്പെട്ട കണക്റ്റിവിറ്റിയും വേഗതയുമാണ് 5ജി-യുടെ പ്രധാന നേട്ടങ്ങള്‍. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വ്യവസായ രംഗങ്ങളില്‍ സമൂലപരിവര്‍ത്തനമുണ്ടാക്കുമെന്നും വീടുകളെ സ്മാര്‍ട്‌ഹോമുകളാക്കുമെന്നും  വിശ്വസിക്കുന്നതായും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മാധവ് ഷേത്ത്  പറഞ്ഞു. 

5ജി പിന്തുണയ്ക്കുന്ന പ്രൊസസര്‍ ചിപ്പുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയതും റിയല്‍മിയുടെ  ഈ ശ്രമങ്ങള്‍ക്ക് ശക്തിപകരുന്നുണ്ട്. ക്വാല്‍കോം, മീഡിയടെക്ക് തുടങ്ങിയ കമ്പനികള്‍ 5ജി-യുള്ള മിഡ് റേഞ്ച് ചിപ്പുകള്‍ പുറത്തിറക്കാന്‍ തുടങ്ങിയതോടെയാണ് വിലക്കുറവില്‍ 5ജി ഫോണുകള്‍ രംഗത്തിറങ്ങാനുള്ള കളമൊരുങ്ങിയത്. മീഡിയ ടെക്കിന്റെ ഡൈമെന്‍സിറ്റി 800യു, ഡൈമെന്‍സിറ്റി 1000+ എന്നീ പ്രൊസസറുകള്‍ ആണ് റിയല്‍മി അടുത്തിടെ പുറത്തിറക്കിയ റിയല്‍മി എക്‌സ7 5ജി, എക്‌സ് 7 പ്രോ 5ജി ഫോണുകളില്‍ ഉപയോഗിച്ചിട്ടുള്ളത്. 

10,000 രൂപ വില നിരക്കിലുള്ള ഫോണുകളില്‍ 5ജി എത്തിക്കാന്‍ സഹായിക്കുന്ന പ്രൊസസറാണ് ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 480 ചിപ്പ് സെറ്റ്. ഈ സാഹചര്യത്തില്‍ റിയല്‍മിയെ പോലെ  മറ്റ് കമ്പനികളും താമസിയാതെ 5ജി പ്രഖ്യാപനങ്ങള്‍ നടത്താനാണ് സാധ്യത.

Content Highlights: all realme smartphones above 20000 will feature 5g says madhav sheth