കാലത്തിനനുസൃതമായ മാറ്റവുമായി ആകാശവാണി. ഓള്‍ ഇന്ത്യാ റേഡിയോ ഇനി സ്മാര്‍ട്‌സ്പീക്കറിലൂടേയും കേള്‍ക്കാം. ആമസോണിന്റെ ശബ്ദനിയന്ത്രിതമായ അലെക്‌സ സ്മാര്‍ട് സ്പീക്കറുകളിലൂടേയും കേള്‍ക്കാം. ആമസോണ്‍ അലെക്‌സ വഴിയുള്ള സ്ട്രീമിങ് സേവനങ്ങള്‍ക്ക് ഓള്‍ ഇന്ത്യാ റേഡിയോ വെള്ളിയാഴ്ച തുടക്കം കുറിച്ചു. ഇതോടെ ലോകത്തെവിടെയും ഓള്‍ ഇന്ത്യാ റേഡിയോ ശ്രവിക്കാനുള്ള അവസരം ശ്രോതാക്കള്‍ക്ക് ലഭിക്കും. 

വിവിധ് ഭാരതിയും 14 ഓളം പ്രാദേശിക ഭാഷകളിലുള്ള റേഡിയോ സേവനങ്ങളും ആമസോണ്‍ അലെക്‌സയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് സ്പീക്കറുകള്‍ വഴി കേള്‍ക്കാം. ഓള്‍ ഇന്ത്യാ റേഡിയോയില്‍ വരുന്ന പഴയ പരിപാടികളും ഭാവയില്‍ സ്മാര്‍ട് സ്പീക്കര്‍ വഴി ലഭ്യമാവുമെന്നും ഓള്‍ ഇന്ത്യ റേഡിയോ പറഞ്ഞു.

ആമസോണ്‍ അലെക്‌സ പോലുള്ള സേവനങ്ങള്‍ ജന‌ജീവിതം കൂടുതല്‍ സുഗമമാക്കുന്നുവെന്ന് പുതിയ സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് പറഞ്ഞു. പഴയതും പുതിയതുമായ ആശയവനിമയ സംവിധാനങ്ങളുടെ സംയോജനമാണിതെന്നും ലോകത്തെവിടെയുമുള്ള ഇന്ത്യക്കാര്‍ക്ക് ഇത് പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ശബ്ദനിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന ആമസോണിന്റെ സ്മാര്‍ട്ട് അസിസ്റ്റന്റ് സാങ്കേതിക വിദ്യയാണ് അലെക്‌സ. സ്മാര്‍ട് ഉപകരണങ്ങള്‍ നിയന്ത്രിക്കുന്നതിനും, പാട്ടുകള്‍ കേള്‍ക്കുന്നതിനും, വാര്‍ത്തകള്‍ അറിയുന്നതിനുമെല്ലാം അലെക്‌സസയുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.