ചെന്നൈ: കുംഭമേള, ഹജ്ജ്, മണ്ഡലകാലം പോലെ ആള്‍ത്തിരക്കുള്ള അവസരങ്ങളില്‍ തിരക്ക് എളുപ്പം കൈകാര്യം ചെയ്യാന്‍ കഴിവുള്ള അല്‍ഗൊരിതം വികസിപ്പിച്ച് ഐഐടി മദ്രാസ്. ഈ കംപ്യൂട്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏത് മേഖലയിലാണ് പോലീസുകാരെ ഉപയോഗിച്ച് നിയന്ത്രിക്കേണ്ടതെന്നും തിരക്ക് ക്രമീകരിക്കേണ്ടതെന്നും കണ്ടെത്താനാവും. ഫിസിക്കല്‍ റിവ്യൂ ലെറ്റേഴ്‌സിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. 

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയിലെ എല്‍ഫിന്‍സ്റ്റോണ്‍ ബ്രിഡ്ജ് ദുരന്തം സംഭവിച്ച പശ്ചാത്തലത്തിലാണ് ആള്‍ക്കൂട്ടത്തെ തുടര്‍ന്നുണ്ടാവുന്ന ദുരന്തങ്ങള്‍ തടയാന്‍ അതിന്റെ ഭൗതിക ശാസ്ത്രം അറിഞ്ഞാല്‍ മതിയാവുമെന്ന് ഞങ്ങള്‍ ചിന്തിച്ചത്. ഐഐടി മദ്രാസിലെ പ്രൊഫസര്‍ മഹേഷ് പഞ്ചഗ്നുല പറഞ്ഞു.

ആള്‍ക്കൂട്ടത്തിലെ പരിഭ്രാന്തി എവിടെ ആരംഭിക്കുമെന്നും അത് എവിടേക്ക് വ്യാപിക്കുമെന്നുമെല്ലാം അറിഞ്ഞാല്‍ അത് തടയാനുള്ള വഴികളും ലഭിക്കും. ആള്‍ക്കൂട്ട പരിഭ്രാന്തികള്‍ ആരംഭിക്കുന്നതിന് വ്യക്തമായ രീതികളുണ്ട്. അത് തുടക്കത്തിലെ തിരിച്ചറിയാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. മഹേഷ് പറഞ്ഞു.

സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് ഈ സാങ്കേതിക വിദ്യ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ഗവേഷകര്‍. ഇതിന്റെ ചിലവ് കുറവാണെന്നും, നിലവില്‍ ലഭ്യമായ വിഭവങ്ങള്‍ തന്നെ ഇതിന് വേണ്ടി പ്രയോജനപ്പെടുത്താനാവുമെന്നും ഗവേഷകര്‍ പറഞ്ഞു. 

Content Highlights:  Algorithm That Can Control The heavy crowd Thanks To IIT Madras