സാങ്കേതിക വിദ്യകള്‍ കുട്ടികളെ വിവിധങ്ങളായ അപകടങ്ങളില്‍ ചെന്നു ചാടിക്കുന്ന സംഭവങ്ങള്‍ നിരവധി കേട്ടിരിക്കുന്നു നമ്മള്‍. ഓണ്‍ലൈന്‍ ചലഞ്ചുകള്‍ അപകടം വിതച്ച നിരവധി സംഭവങ്ങള്‍. ഇപ്പോഴിതാ അത്തരം ഒരു അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരിക്കുകയാണ് ഒരു പത്തു വയസുകാരി.

ആമസോണിന്റെ ഇന്റലിജന്റ് അസിസ്റ്റന്റ് സംവിധാനമായ അലെക്‌സയാണ് ഇവിടെ വില്ലനായത്. 10 വയസുകാരിക്കു ചെയ്യുന്നതിനായി ഒരു ടാസ്‌ക് പറഞ്ഞു തരാന്‍ അലെക്‌സയോട് ആവശ്യപ്പെട്ടു. ഒരു ഫോണ്‍ ചാര്‍ജര്‍ ഒരു പ്ലഗില്‍ പകുതിയോളം കയറ്റിയതിന് ശേഷം ഒരു നാണയം ഉപയോഗിച്ച് പുറത്തേക്ക് കാണുന്ന ചാര്‍ജറിന്റെ ലോഹമുനകളില്‍ വെക്കുക എന്ന നിര്‍ദേശമാണ് അലെക്‌സ നല്‍കിയത്. 

'പെന്നി ചലഞ്ച്' എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന ഈ അപകടകരമായ വെല്ലുവിളിയാണ് ടാസ്‌ക് എന്ന പേരില്‍ ഒരു കുട്ടിയ്ക്ക് അലെക്‌സ നിര്‍ദേശിച്ചത്. 

പെണ്‍കുട്ടിയുടെ മാതാവ് ക്രിസ്റ്റിന്‍ ലിവ്ദാല്‍ ട്വിറ്ററിലൂടെ തങ്ങളുടെ അനുഭവം പുറത്തുവിട്ടതോടെയാണ് സംഭവം ലോകമറിഞ്ഞത്. മകള്‍ക്കൊപ്പം അവര്‍ അടുത്തുണ്ടായിരുന്നതിനാല്‍ അപകടം ഒന്നും സംഭവിച്ചില്ല. 

യൂട്യൂബില്‍ ഒരു ഫിസ്‌ക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍ നല്‍കിയിരുന്ന ചലഞ്ചുകള്‍ ചെയ്യാറുള്ള കുട്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടിയാണ് അലെക്‌സയോട് ചോദിച്ചത്. അതാണ് കുഴപ്പമായത്. അലെക്‌സയുടെ മറുപടി പൂര്ത്തിയാകും മുമ്പേ ക്രിസ്റ്റിന്‍ ഇടപെടുകയായിരുന്നു. 

പെന്നി ചലഞ്ചില്‍ പറയുന്നതിനനുസരിച്ച് ഫോണ്‍ ചാര്‍ജര്‍ പ്ലഗില്‍ പകുതി കുത്തിവെത്ത് പുറത്തേക്ക് കാണുന്ന ലോഹ മുനകള്‍ തമ്മില്‍ സ്പര്‍ശിക്കുന്ന വിധത്തില്‍ നാണയം വെച്ചാല്‍ വീട്ടിലെ മുഴുവന്‍ ഇലക്ട്രിക് നെറ്റ്വര്‍ക്കും തകരാറിലാവും വിധം പൊട്ടിത്തെറിയും തീപ്പിടിത്തവും വരെ ഉണ്ടാവാനിടയുണ്ട്. ഇത് ആളപായത്തിന് വരെ വഴിവെക്കാം. 

penny challengeസെര്‍ച്ച് റിസല്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ആമസോണ്‍ അലെക്‌സയുടെ പ്രതികരണങ്ങള്‍ മിക്കതും പ്രവര്‍ത്തിക്കുന്നത്. പെന്നി ചലഞ്ച് പോലുള്ളവ ഇന്റര്‍നെറ്റില്‍ വ്യാപകമായി യുവാക്കള്‍ തിരയുന്നതുകൊണ്ടാവാം ഈ ചലഞ്ചും അലെക്‌സയിലെത്തിയത്. 

ഇത്തരം സാഹചര്യങ്ങളില്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ തന്റെ മകള്‍ മിടുക്കിയാണെന്ന് ക്രിസ്റ്റിന്‍ പറയുന്നു. എങ്കിലും ഇതൊരു അപകട സാധ്യതയാണെന്നും തടയിടേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. 

ഇങ്ങനെ ഒരു പ്രശ്‌നം മറ്റാര്‍ക്കും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ ആമസോണ്‍ പ്രശ്‌നം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചു. കൃത്യവും അര്‍ത്ഥവത്തും മൂല്യവുമുള്ള വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടിയാണ് അലെക്‌സ പ്രവര്‍ത്തിക്കുന്നതെന്നും ആമസോണ്‍ പറയുന്നു.

Content Highlights: Alexa suggest dangerous penny challenge to a 10-Year Old Girl