ന്യൂഡല്‍ഹി: പ്രമുഖ ടെലികോം ഓപറേറ്ററായ ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) വിങ്ക് മ്യൂസിക്ക് ആപ്പിലൂടെ തല്‍സമയ ഓണ്‍ലൈന്‍ സംഗീത പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്നു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സഞ്ചാരങ്ങള്‍ക്ക് നിയന്ത്രണവും സാമൂഹ്യ അകല പാലന നിബന്ധനകളും നിലനില്‍ക്കെ സംഗീത കലാകാരന്മാര്‍ ലൈവ് സ്ട്രീമിങിലേക്കും വിര്‍ച്വല്‍ സംഗീത പരിപാടികളിലേക്കും ശ്രദ്ധകൊടുക്കാന്‍ തുടങ്ങിയതാണ് പുതിയ നീക്കത്തിനു പിന്നില്‍.
വിങ്ക് മ്യൂസിക്ക് കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് തല്‍സമയ സംഗീത പരിപാടികള്‍ നടത്തിയിരുന്നു. ''്#വിങ്ക്കണ്‍സേര്‍ട്ട്സ് അമ്പ്രല്ല''യ്ക്കു കീഴില്‍ അടുത്ത മാസം മുതല്‍ അവതരിപ്പിക്കാനിരിക്കുന്ന പുതിയ വേദിയുടെ തുടക്കമായിരുന്നു ഇത്
എന്നാല്‍, എയര്‍ടെലിന്റെ തല്‍സമയ സംഗീത പരിപാടിയുടെ സാങ്കേതിക പ്ലാറ്റ്ഫോം പൂര്‍ണമായും ആഭ്യന്തരമായി വികസിപ്പിച്ചതാണെന്നും ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ഒരേസമയം കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നുമാണ് അറിയുന്നത്.
ഈയിടെ അവതരിപ്പിച്ച ആസ്ത ഗില്ലിന്റെ തല്‍സമയ സംഗീത പരിപാടി 35,000 വരിക്കാരാണ് കണ്ടത്. ഇതില്‍ നിന്നുള്ള പ്രോത്സാഹനമാണ് വിങ്ക് മ്യൂസിക്ക് ടീമിന് മുന്നോട്ട് പോകാന്‍ ഉത്തേജനമായത്.
കൊറോണ വൈറസിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണില്‍ സംഗീത റെക്കോഡിങുകളെല്ലാം നിലച്ചപ്പോള്‍ വിങ്ക് മ്യൂസിക്കിന്റെ ഓണ്‍ലൈന്‍ തല്‍സമയ സംഗീത പരിപാടി കലാകാരന്മാര്‍ക്ക് ഡിജിറ്റല്‍ മാര്‍ഗം ആരാധകരിലേക്കെത്താന്‍ പുതിയ അവസരങ്ങള്‍ തുറന്നിരിക്കുകയാണ്.
സാമൂഹ്യ അകലം പാലിക്കല്‍ കുറച്ചു കാലത്തേക്ക് തുടരേണ്ടി വരുമെന്നാണ് സൂചനകള്‍. ഇവിടെയാണ് ഡിജിറ്റല്‍ സംഗീത പരിപാടിയുടെ പ്രസക്തി ഏറുന്നതും വ്യവസായത്തിന് ഓണ്‍ലൈനിലൂടെ വലിയ തോതില്‍ തിരിച്ചു വരവിന് വഴിയൊരുക്കുന്നതും.
ഡിജിറ്റല്‍ സംഗീത പരിപാടിക്ക് വേറെയും സവിശേഷതകളുണ്ട്. ആയിരക്കണക്കിന് എന്നതിനു പകരം ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഒരേസമയം, സ്ഥലത്തിന്റെ തടസങ്ങളില്ലാതെ, വേദിയുടെ ശേഷി നോക്കാതെ സുരക്ഷാ പ്രശ്നങ്ങളില്ലാതെ ഈ സംഗീത പരിപാടിയില്‍ പങ്കെടുക്കാം.
വിങ്ക് മ്യൂസിക്കിന് ഈ രംഗത്ത് വലിയ പദ്ധതികളാണ് ഉള്ളത്. രാജ്യാന്തര തലത്തിലെയും ഇന്ത്യയിലെയും വലിയ കലാകാരന്മാരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് ഈ പ്ലാറ്റ്ഫോമിലൂടെ പുതിയ ആരാധകരെ കണ്ടെത്താമെന്നും വൃത്തങ്ങള്‍ കൂട്ടിചേര്‍ത്തു.
Content Highlights: airtel to conduct live music concerts on wynk music