ന്യൂഡല്‍ഹി: ടെലികോം വകുപ്പ് തിങ്കളാഴ്ച നടത്തിയ സ്‌പെക്ട്രം ലേലത്തില്‍ 18,699 കോടി രൂപയുടെ സ്‌പെക്ട്രം സ്വന്തമാക്കിയതായി ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍. 

സബ് ജിഗാഹെര്‍ട്‌സില്‍ 355.45 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം, മിഡ് ബാന്റ്, 2300 മെഗാഹെര്‍ട്‌സ് ബാന്റ് എന്നിവയാണ് എര്‍ടെല്‍ സ്വന്തമാക്കിയത്. ഇതുവഴി രാജ്യത്തെ ഏറ്റവും ശക്തമായ സ്‌പെക്ട്രം സ്വന്തമാക്കാനായതായി എയര്‍ടെല്‍ അവകാശപ്പെട്ടു. 

ഈ സ്‌പെക്ട്രം ഭാവിയില്‍ 5ജി സേവനങ്ങള്‍ എത്തിക്കാന്‍ എയര്‍ടെലിനെ പ്രാപ്തമാക്കുമെന്നും കമ്പനി പറഞ്ഞു. 

സബ് ജിഗാഹെര്‍ട്‌സ് സ്‌പെക്ട്രം സ്വന്തമാക്കിയതോടെ രാജ്യത്തുടനീളം കവറേജ് വര്‍ധിപ്പിക്കുന്നതിനും എല്ലാ നഗരങ്ങളിലേയും കെട്ടിടങ്ങള്‍ക്കുള്ളിലെ കവറേജ് ശക്തമാക്കുന്നതിനും ഗ്രാമങ്ങളിലെ സേവനം മെച്ചപ്പെടുത്തുന്നതിന് എയര്‍ടെലിന് സാധിക്കും. മിഡ് ബാന്‍ഡ് സെപെക്ട്രം വാങ്ങിയതിലൂടെ ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 

കാര്യക്ഷമമായ രീതിയില്‍ സ്‌പെക്ട്രം ലേലം സംഘടിപ്പിച്ചതിനും വിവിധങ്ങളായ ബാന്റുകളില്‍ വലിയ അളവില്‍ സ്‌പെക്ട്രം ലഭ്യമാക്കിയതിനും എയര്‍ടെല്‍ ടെലികോം വകുപ്പിന് നന്ദി അറിയിച്ചു. 

 700 MHz, 800 MHz, 900 MHz, 1800 MHz, 2100 MHz, 2300 MHz and 2500 MHz ഏഴോളം ഫ്രീക്വന്‍സി ബാന്റുകളാണ് ലേലത്തിന് വെച്ചത്. 20 വര്‍ഷക്കാലത്തേക്കാണ്‌ ഇത് വാങ്ങാന്‍ സാധിക്കുക. എന്നാല്‍ 5ജി സ്‌പെക്ട്രം ഇതില്‍ ഉള്‍പ്പെടുന്നില്ല. 5ജിയ്ക്ക് ആവശ്യമായ 33600-3600 മെഗാഹെര്‍ട്‌സ് ഫ്രീക്വന്‍സികള്‍ ലേലത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അത് പിന്നീട് സംഘടിപ്പിക്കും. 

Content Highlights: Airtel acquires spectrum worth  ₹18,699 cr in latest auction