വരുന്ന രണ്ട് മണിക്കൂറില്‍ മഴപെയ്യുമോ ഇല്ലയോ എന്നറിയാന്‍ നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സാധിക്കുമെന്ന് ഗവേഷകര്‍. യുകെയിലെ ദേശീയ കാലാവസ്ഥാ സേവനമായ മെറ്റ് ഓഫീസുമായി ചേര്‍ന്ന് അതിനായുള്ള നൗകാസ്റ്റിങ് സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ലണ്ടനിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബായ ഡീപ്പ് മൈന്‍ഡും, എക്‌സെറ്റര്‍ സര്‍വകലാശാലയും.

പരമ്പരാഗത രീതിയനുസരിച്ച് ആറ് മണിക്കൂറിനും രണ്ടാഴ്ചയ്ക്കും ഇടയിലുള്ള കാലാവസ്ഥാ പ്രവചനമേ സാധ്യമാവൂ. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിലൂടെ കുറഞ്ഞ സമയപരിധിയിലുള്ള വെള്ളപ്പൊക്കം, ശക്തമായ മഴ പോലുള്ളവയുടെ  കൃത്യമായ പ്രവചനങ്ങള്‍ സാധ്യമാവും.  

കാലാവസ്ഥാ വ്യതിയാനം പലപ്പോഴും മുന്‍കൂട്ടിയുള്ള പ്രവചനങ്ങളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായ ശക്തമായ മഴ ആള്‍നാശത്തിനും കനത്ത നാശനഷ്ടങ്ങള്‍ക്കിടയാക്കുകയും ചെയ്യുന്നു. 

എന്നാല്‍ കുറഞ്ഞ സമയ പരിധിക്കുള്ളിലെ കാലാവസ്ഥാ പ്രവചനം ആളുകളെ സുരക്ഷിതരായിരിക്കാന്‍ സഹായിക്കും. 

2016-2018 വരെയുള്ള യുകെയിലെ റഡാര്‍ മാപ്പ് ഉപയോഗിച്ച് മഴയുടെ സാധാരണ രീതികളെ തിരിച്ചറിയാന്‍ ഈ സംവിധാനം പഠിക്കുകയും ഈ ഡാറ്റാബേസ് ഉപയോഗിച്ച് 2019 ലെ മാപ്പുകളില്‍ ഇത് പരീക്ഷിച്ച് നോക്കി വിജയം കാണുകയും ചെയ്തു. 89 ശതമാനം കൃത്യമായ പ്രവചനം നടത്താന്‍ ഈ സംവിധാനത്തിന് സാധിച്ചു. നേച്ചര്‍ ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. 

അതേസമയം സാങ്കേതിക വിദ്യ അതിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് ഡീപ്പ് മൈന്‍ഡ് സീനിയര്‍ സൈന്റിസ്റ്റായ ഷാക്കിര്‍ മുഹമ്മദ് പറഞ്ഞു. അതേസമയം കാലാവസ്ഥാ പ്രവചനത്തിന് ശക്തമായൊരു ടൂള്‍ ആണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നാണ് ഈ പരീക്ഷണം വ്യക്തമാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.