ഡ്രൈവിങിനിടെ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് നിയമമെങ്കിലും ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്നും ഫോണ്‍ ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതും ശിക്ഷിക്കുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. അനേകായിരം വാഹനങ്ങള്‍ക്കിടയില്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിക്കുന്നവരെ മാത്രം കണ്ടെത്താന്‍ ട്രാഫിക് പോലീസിനെ സംബന്ധിച്ചിടത്തോളം പ്രയാസമാണ്. 

ഈ വെല്ലുവിളി പരിഹരിക്കാനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തികുന്ന ട്രാഫിക്ക് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വേയ്ല്‍ ഭരണകൂടം. 

ഡ്രൈവര്‍മാര്‍ ഫോണ്‍ ഉപയോഗിച്ചാണ് വാഹനമോടിക്കുന്നതെങ്കില്‍ ക്യാമറ ഓട്ടോമാറ്റിക് ആയി അത് കണ്ടെത്തും. ഈ ക്യാമറ ഉപയോഗിച്ച് പിടികൂടിയ ഡ്രൈവര്‍മാരെ ആദ്യ മൂന്ന് മാസം മുന്നറിയിപ്പ് നല്‍കി വിട്ടയക്കുച്ചു. പിന്നീട് 344 ഓസ്‌ട്രേലിയന്‍ ഡോളര്‍ (16,800 രൂപ) പിഴയായി ചുമത്തുകയും അഞ്ച് ഡീമെറിങ്ങ് പോയിന്റ്് നല്‍കുകയും ചെയ്തു. 

ഡ്രൈവിങിനിടെയുള്ള ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ ഈ ക്യാമറകള്‍ സഹായിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ക്യാമറകളുടെ ആദ്യ ഘട്ട പരീക്ഷണത്തില്‍ ഒരു ലക്ഷം ഡ്രൈവര്‍മാരെയാണ് നിയമവിരുദ്ധമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിടികൂടിയത്. ഗുരുതരമായ വലിയ 100 വാഹനാപകടങ്ങള്‍ എങ്കിലും ഒഴിവാക്കാന്‍ ഈ ക്യാമറകള്‍കൊണ്ട് സാധിച്ചിട്ടുണ്ടെന്ന് ന്യൂ സൗത്ത് വെയ്ല്‍ റോഡ് സേഫ്റ്റി സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബെര്‍ണാര്‍ട് കാര്‍ലന്‍ പറഞ്ഞു.  

Content Highlights: AI cameras to find drivers using phone while driving