ലാസ് വെഗാസ്‌: ഈ വര്‍ഷം പകുതിയോടെ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പ് നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഇന്റല്‍. ഫെയ്‌സ്ബുക്കുമായി സഹകരിച്ചാണ് ഇന്റല്‍ നിര്‍മിത ബുദ്ധിയില്‍ അധിഷ്ടിതമായ കംപ്യൂട്ടര്‍ ചിപ്പ് വികസിപ്പിക്കുന്നത്. ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കംപ്യൂട്ടിങ് വിപണിയില്‍ സ്വാധീനം നേടിയെടുക്കാനുള്ള കമ്പനിയുടെ കരുനീക്കമാണ് ഈ ചിപ്പ്. എന്നാല്‍ ഈ രംഗത്ത് ഇന്റലിന് എതിരാളികളുണ്ട്. എന്‍വിഡിയ കോര്‍പ്പ്, ആമസോണ്‍ വെബ്‌സര്‍വീസസ് യൂണിറ്റ് തുടങ്ങിയ സ്ഥാപനങ്ങളും ഇതേ പദ്ധതിയ്ക്ക് പിറകെയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കംപ്യൂട്ടിങ് രംഗത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് ഈ ചിപ്പിലൂടെ ലക്ഷ്യമിടുന്നത്. 

മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യയുടെ പ്രയോഗത്തില്‍ ഇന്റല്‍ പ്രൊസസറുകള്‍ക്ക് വിപണിയില്‍ ആധിപത്യമുണ്ട്. ഇന്റലിനെ നേരിടാന്‍ സെപ്റ്റംബറില്‍ എന്‍വിഡിയ സ്വന്തമായി എഐ ചിപ്പുകള്‍ അവതരിപ്പിച്ചിരുന്നു. നവംബറില്‍ ആമസോണും സ്വന്തമായി എഐ ചിപ്പ് നിര്‍മിച്ചിരുന്നു. എന്നാല്‍ ആമസോണിന്റെ ചിപ്പുകള്‍ ഇന്റലിനോ എന്‍വിഡിയയ്‌ക്കോ നേരിട്ട് വെല്ലുവിളിയാവില്ല. കാരണം ആമസോണ്‍ ചിപ്പുകള്‍ വില്‍ക്കുന്നില്ല.

എന്നാല്‍ ഈ ചിപ്പിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ലൗഡ് സേവനങ്ങള്‍ വരും വര്‍ഷം ആരംഭിക്കാനാണ് ആമസോണിന്റെ പദ്ധതി. ആമസോണ്‍ സ്വന്തം ചിപ്പുകളെ ആശ്രയിക്കാന്‍ തുടങ്ങിയാല്‍ ഇന്റലിനും എന്‍വിഡിയയ്ക്കും പ്രധാനപ്പെട്ടൊരു ഉപയോക്താവിനെ നഷ്ടമാവും.

അതേസമയം ആറ് പുതിയ ഒമ്പതാം തലമുറ  കോര്‍ പ്രൊസസറുകള്‍ ഇന്റല്‍ സിഇഎസ് 2019 ല്‍ അവതരിപ്പിച്ചു. കോര്‍ ഐത്രീ പ്രൊസസര്‍ മുതല്‍ കോര്‍ ഐ9 പ്രൊസസര്‍ വരെയുള്ളതാണ് പുതിയ ചിപ്പുകള്‍. 2019 ആദ്യ പാദത്തില്‍ തന്നെ ചിപ്പുകള്‍ വിപണിയില്‍ ലഭ്യമാക്കിത്തുടങ്ങും. കമ്പനിയുടെ തന്നെ സണ്ണി കോവ് ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കി നിര്‍മിച്ച 10nm പ്രൊസസറുകളും ഇന്റല്‍ പ്രഖ്യാപിച്ചു. 

Content Highlights: Advertising Intel working with Facebook on AI chip