Photo: Gettyimages
ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ റീട്ടെയിൽ കമ്പനികളിലൊന്നായ ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡ് (ABFRL) വൻതോതിലുള്ള ഡാറ്റ ചോർച്ചക്ക് ഇരയായതായി റിപ്പോർട്ടുകൾ. ആദിത്യ ബിർള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമിൽനിന്ന് ഏകദേശം 54 ലക്ഷത്തിലധികം ഇ മെയിൽ വിലാസങ്ങൾ ഉൾപ്പെടുന്ന വിവരങ്ങളാണ് ചോർന്നതിന് പിന്നാലെ ഓൺലൈനിൽ പോസ്റ്റ് ചെയ്തതായി കാണപ്പെട്ടിരിക്കുന്നത്.
മെസേജ്-ഡൈജസ്റ്റ് 5 അൽഗോരിതം 5 (MD5) ഹാഷുകളായി ഡാറ്റബേസിൽ സൂക്ഷിച്ചിരുന്ന പേരുകൾ, ഫോൺ നമ്പറുകൾ, വിലാസങ്ങൾ, ജനനത്തീയതികൾ, സാധനങ്ങൾ ഓർഡർ ചെയ്തതിന്റെ വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ, പാസ്വേഡുകൾ എന്നിവ പോലുള്ള സുപ്രധാന വ്യക്തിഗത ഉപഭോക്തൃ വിവരങ്ങൾ ചോർന്നവയിൽ ഉൾപ്പെടുന്നു. കൂടാതെ, കമ്പനിയിലെ ജീവനക്കാരുടെ ശമ്പളം, മതം, അവരുടെ വൈവാഹിക നില എന്നിവയും ചോർന്ന വിവരങ്ങളിൽ ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്.
ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിലിന്റെ ഡാറ്റാബേസ് ഷൈനി ഹണ്ടേഴ്സ് എന്നറിയപ്പെടുന്ന ഒരു ഹാക്കർ ഗ്രൂപ്പാണ് ചോർന്നതായി പരസ്യമാക്കിയത്. അതോടൊപ്പം തന്നെ ഡാറ്റാ ബ്രീച്ച് ട്രാക്കിംഗ് വെബ്സൈറ്റായ "Have I Been Pwned’ (HIBP)", വ്യക്തിഗത വിവരങ്ങൾ ചോർന്ന ഉപയോക്താക്കൾക്ക് വിവരം നൽകുകയും ചെയ്തു. ഏകദേശം 5,470,063 അക്കൗണ്ട് വിവരങ്ങളാണ് ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡിൽനിന്ന് ചോർന്നിരിക്കുന്നത്. ചോർത്തിയ ഡാറ്റകൾ തിരിച്ചു നൽകാൻ ഹാക്കർമാർ പണം ആവശ്യപ്പെട്ടത് കമ്പനി നിരസിച്ചതോടെയാണ് ഇത്രയും അക്കൗണ്ട് വിവരങ്ങൾ ഒരു ഹാക്കിംഗ് ഫോറത്തിൽ പരസ്യമായി പോസ്റ്റ് ചെയ്തത്. എന്നാൽ ഹാക്കർമാർ ആവശ്യപ്പെട്ട തുക എത്ര എന്നത് വെളിപ്പെടുത്തിയിട്ടില്ല.
"ഇത് ഒരു വലിയ അളവിലുള്ള ഡാറ്റയാണ്, അതിൽ സോഴ്സ് കോഡും ഉൾപ്പെടുന്നു. ഉപഭോക്താക്കളുടെ
മാത്രമല്ല, സ്റ്റാഫിന്റെയും ധാരാളം വ്യക്തിഗത വിവരങ്ങൾ അതിൽ ഉൾപ്പെടുന്നു. വൈവാഹിക നില പോലുള്ള വളരെ വ്യക്തിപരമായ കാര്യങ്ങൾക്കൊപ്പം മതം പോലുള്ള സെൻസിറ്റീവ് ഡാറ്റകൾ എന്തിനാണ് അവർ സൂക്ഷിക്കുന്നത് എന്ന് എനിക്കറിയില്ല. ഒരാൾക്ക് അവരുടെ ജോലി നിറവേറ്റുന്നതിന് ഇത് ആവശ്യമായി വരുന്നത് എന്തുകൊണ്ടാണെന്നും വ്യക്തമല്ല" എന്ന് 'Have I Been Pwned' എന്ന വെബ്സൈറ്റിന്റെ സ്ഥാപകൻ ട്രോണി ഹണ്ട് 'ഗാഡ്ജറ്റ് 360'-ക്ക് നൽകിയ റിപ്പോർട്ടിൽ പരാമർശിക്കുന്നു.
"ഡാറ്റകൾ ഹാക്കിംഗ് ഫോറങ്ങളിൽ വളരെ വിപുലമായി പ്രചരിക്കുന്നുണ്ട്, എനിക്കറിയാവുന്നിടത്തോളം, കമ്പനി ഇതുവരെ ഉപഭോക്താക്കളെ അറിയിച്ചിട്ടില്ല. അത് ക്ഷമിക്കാനാകാത്ത ഒന്നാണ്. ഈ വിഷയത്തിൽ ആദിത്യ ബിർള ഫാഷനിൽ നിന്ന് പൂർണ്ണമായ വെളിപ്പെടുത്തൽ ഇതുവരെ ഉണ്ടായിട്ടില്ല." ഹണ്ട് പ്രതികരിച്ചു.
ചോർന്ന വിവരങ്ങളിൽ Pantaloons.com ലേയും Jaypore.com-ൽ നിന്നുമുള്ള വിവരങ്ങളും ഉൾപ്പെടുന്നതായി ഗാഡ്ജറ്റ് 360 റിപ്പോർട്ട് ചെയ്യുന്നു. ചോർന്ന ഡാറ്റാബേസിൽ 21ജിബിയോളം വരുന്ന ഇൻവോയ്സുകളും ഇടപാട് വിശദാംശങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്നു. Pantaloons,com-ൽ നിന്ന് ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാർഡ് ഡാറ്റകളാണ് ചോർത്തിയിട്ടുള്ളത്.
Content Highlights : Aditya Birla Fashion (ABFRL) Data Allegedly Leaked Online
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..