മാധ്യമപ്രവര്‍ത്തകര്‍, ആക്റ്റിവിസ്റ്റുകള്‍, രാഷ്ട്രീയക്കാര്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യില്ലെന്ന് ട്വിറ്റര്‍. അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ട്വിറ്റര്‍ ഒരു ബ്ലോഗ്‌പോസ്റ്റില്‍ പറഞ്ഞു. കര്‍ഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ആയിരത്തിലേറെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 

കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ഐടി ആക്റ്റ് സെക്ഷന്‍ 69 എയ്ക്ക് കീഴില്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള വിവിധ ഉത്തരവുകളാണ് ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയത്തില്‍ നിന്ന് ലഭിച്ചത് എന്ന് ട്വിറ്റര്‍ പറയുന്നു.

ഈ ഉത്തരവുകളില്‍ പറയുന്ന ഒരു ഭാഗം അക്കൗണ്ടുകള്‍ ട്വിറ്ററിന്റെ കണ്‍ട്രി വിത്‌ഹെല്‍ഡ് കണ്ടന്റ് പോളിസിയ്ക്ക് കീഴില്‍ ഇന്ത്യയില്‍ മാത്രമായാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്. ആ അക്കൗണ്ടുകള്‍ ഇന്ത്യയ്ക്ക് പുറത്ത് ലഭിക്കും.

തങ്ങളോട് നിര്‍ദേശിച്ച നടപടികള്‍ ഇന്ത്യന്‍ നിയമവുമായി പൊരുത്തപ്പെടുന്നതാണെന്ന് വിശ്വസിക്കുന്നില്ല ട്വിറ്റര്‍ പറയുന്നു. കൂടാതെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി മാധ്യമസ്ഥാപനങ്ങള്‍, മാധ്യപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍ എന്നിവരുടെ അക്കൗണ്ടുകള്‍ക്ക് നേരെ ഞങ്ങള്‍ നടപടിയെടുത്തിട്ടില്ല. അങ്ങനെ ചെയ്താല്‍ അത് ഇന്ത്യന്‍ നിയമത്തിന്‍ കീഴില്‍ പറയുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന്റെ ലംഘനമാവും. ഞങ്ങള്‍ സ്വീകരിച്ച നടപടികള്‍ ഫെബ്രുവരി പത്തിന് മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും ട്വിറ്റര്‍ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. 

കര്‍ഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കും ട്വീറ്റുകള്‍ക്കും നേരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി നിലനില്‍ക്കുന്ന അഭിപ്രായ വെത്യാസങ്ങളില്‍ നിലപാട് വ്യക്തമാക്കുകയാണ് ബ്ലോഗ് പോസ്റ്റിലൂടെ ട്വിറ്റര്‍.

Content Highlights: Action Against Journalists Activists, Politicians Would Violate Right to Free Expression