ന്യൂഡല്‍ഹി: ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണത്തിന് താഴ്ന്ന ഭ്രമണ പഥത്തില്‍ 300 കിലോമീറ്റര്‍ പരിധി തിരഞ്ഞെടുത്തത് മറ്റ് ബഹിരാകാശ വസ്തുക്കളെ ബാധിക്കാതിരിക്കാനെന്ന് ഡിആര്‍ഡിഓ ചെയര്‍മാന്‍ സതീഷ് റെഡ്ഡി. ഒരു ഉത്തരവാദിത്വമുള്ള രാജ്യമെന്ന നിലയില്‍ ബഹിരാകാശത്തുള്ള വിലയേറിയ വസ്തുക്കളെല്ലാം സുരക്ഷിതമാകണമെന്നും എല്ലാ അവശിഷ്ടങ്ങളും വേഗം നശിക്കണമെന്നുമാണ് തങ്ങള്‍ ആഗ്രഹിച്ചതെന്നും എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഒറീസയിലെ ബലാസോര്‍ വിക്ഷേപണത്തറയില്‍ നിന്നും ബുധനാഴ്ച രാവിലെ 11:16 നാണ് മിസൈല്‍ വിക്ഷേപിച്ചത്. അത് മൂന്ന് മിനിറ്റിനുള്ളില്‍ തന്നെ ഭൂമിയില്‍ നിന്നും 300 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ പ്രവര്‍ത്തനരഹിതമായ ഒരു ഉപഗ്രഹത്തില്‍ വിജയകരമായി പതിച്ചു. പൂര്‍ണമായും ഇന്ത്യയില്‍ തന്നെ നിര്‍മിച്ച മിസൈല്‍ കൃത്യതയോടെയാണ് ലക്ഷ്യസ്ഥാനം ഭേദിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് പരീക്ഷണ വിജയം പ്രഖ്യാപിച്ചത്. 

ഉപഗ്രഹങ്ങളെ തകര്‍ക്കുന്നതിനായി പ്രത്യേകം രൂപകല്‍പന ചെയ്ത മിസൈലാണിത്. വിമാനങ്ങളേയും മറ്റും തകര്‍ക്കാന്‍ ഉപയോഗിക്കുന്ന ബാലിസ്റ്റിക് ആയുധങ്ങളിലുള്ള സാങ്കേതിക വിദ്യകള്‍ എ-സാറ്റ് മിസൈലില്‍ ഉപയോഗിച്ചിട്ടുണ്ട്. 

താഴ്ന്ന ഭ്രമണപഥത്തിലെ എല്ലാ ഉപഗ്രങ്ങളെയും ലക്ഷ്യമിടാനുള്ള കഴിവ് ഇന്ത്യയുടെ എ-സാറ്റ് മിസൈലിനുണ്ട്. 300 കിലോമീറ്റര്‍ പരിധിയിലാണ് ഇപ്പോള്‍ പരീക്ഷണം നടത്തിയതെങ്കിലും 1000 കിലോമീറ്റര്‍ പരിധിയില്‍ ലക്ഷ്യം ഭേദിക്കാന്‍ ഈ മിസൈലിനാവും.

രണ്ട് വര്‍ഷം മുമ്പാണ് സര്‍ക്കാരില്‍ നിന്നും പദ്ധതിയ്ക്ക് അനുമതി ലഭിച്ചതെന്നും ആറ് മാസം മുമ്പാണ് അത് ഒരു മിഷന്‍ രൂപത്തിലേക്ക് പരിണമിച്ചതെന്നും റെഡ്ഡി പറഞ്ഞു. നിശ്ചയിച്ച തീയ്യതിക്ക് മുമ്പ് എ-സാറ്റ് ഉപഗ്രഹ പദ്ധതി പൂര്‍ത്തിയാക്കാനായി നൂറോളം ശാസ്ത്രജ്ഞര്‍ രാപ്പകലില്ലാതെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

Content Highlights: a-sat-missile-will not affect other space assets says drdo chairman