Photo: Gettyimages
15 വര്‍ഷം മുമ്പുള്ള ആദ്യത്തെ മോഡല്‍ ഐഫോണ്‍ ലേലം ചെയ്ത് വില്‍ക്കാന്‍ ഒരുങ്ങുകയാണ് അമേരിക്കക്കാരിയായ കോസ്മറ്റിക് ടാറ്റൂ ആര്‍ട്ടിസ്റ്റ് കാരെന്‍ ഗ്രീന്‍. തുറന്നു പോലും നോക്കാത്ത ആ ഫോണിന് അവര്‍ വിലയിട്ടത് 50,000 ഡോളറാണ്, ഏകദേശം 41 ലക്ഷം രൂപ. 2007 ല്‍ പുറത്തിറങ്ങിയ ആദ്യത്തെ ഐഫോണിന് മൂന്നര ഇഞ്ച് ടച്ച് സ്‌ക്രീനും 2 മെഗാപിക്സല്‍ ക്യാമറയും എട്ട് ജിബി സ്റ്റോറേജുമാണ് ഉള്ളത്. അന്ന് 599 ഡോളര്‍ വിലയുണ്ടായിരുന്ന ആ ഫോണാണ് ഇന്ന് അര ലക്ഷം ഡോളറിന് വില്‍ക്കാന്‍ പോകുന്നത്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ അന്ന് 49,225രൂപ വിലയുണ്ടായിരുന്ന ഫോണ്‍ ഇന്ന് വില്‍ക്കാന്‍ പോകന്നത് 41 ലക്ഷം രൂപക്കാണ്.
ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പ്രകാരം കഥ ഇങ്ങനെയാണ്. അന്ന് പുതിയ ജോലി കിട്ടിയപ്പോള്‍ ഗിഫ്റ്റായി കിട്ടിയതാണ് കാരന് ഈ ഐഫോണ്‍. സ്വന്തമായി മറ്റൊരു ഫോണുണ്ടായിരുന്നതുകൊണ്ടും, താന്‍ ഉപയോഗിക്കുന്ന നെറ്റ്‌വര്‍ക്കിന് അനുയോജ്യമല്ലാതിരുന്നതുകൊണ്ടും അവര്‍ അത് അലമാരയില്‍ പൈജാമക്കുള്ളില്‍ പൊതിഞ്ഞുവെച്ചു. ആപ്പ്‌സ്റ്റോര്‍ ഇല്ലാത്ത ഈ ഫോണ്‍ അന്ന് എടി ആന്റ് ടി നെറ്റ് വര്‍ക്കില്‍ മാത്രം പ്രവര്‍ത്തിക്കും വിധം തയ്യാറാക്കിയതായിരുന്നു.
അതിനിടെ 2019 ല്‍ ഒരു ടെലിവിഷന്‍ പരിപാടിക്കിടെ കാരന്റെ ഫോണിന് ഒരാള്‍ 5000 ഡോളര്‍ വിലയിട്ടിരുന്നെങ്കിലും വില്‍ക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല.
അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ഒക്ടോബറില്‍ 39,339 ഡോളറിന് ഇതേ മോഡല്‍ ഐഫോണ്‍ ലേലത്തില്‍ പോയ വിവരം അവര്‍ അറിയുന്നത്.
ന്യൂജേഴ്സിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റായ അവര്‍ക്ക് ബിസിനസില്‍ കുറച്ച് പണം ആവശ്യം വന്നതോടെ ഫോണ്‍ ലേലം ചെയ്ത് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എല്‍സിജി ഓക്ഷന്‍സ് എന്ന സ്ഥാപനമാണ് ലേല നടപടികളുമായി മുന്നോട്ട് പോകുന്നത്. പണം അത്യാവശ്യമില്ലായിരുന്നെങ്കില്‍ ആ ഐഫോണ്‍ വില്‍ക്കില്ലായിരുന്നെന്നും അവര്‍ പറയുന്നു.
മൊബൈല്‍ ഫോണുകളുടെ വിധി മാറ്റി എഴുതിയ സംഭവമായിരുന്നു ആദ്യ ഐഫോണിന്റെ വരവ്. സ്മാര്‍ട്‌ഫോണ്‍ യുഗത്തിന്റെ പിറവിക്കിടയാക്കിയ സംഭവം. ഇന്ന് ആളുകള്‍ ആശയവിനിമയം നടത്തുന്നതും പണമിടപാട് നടത്തുന്നതും ജോലി ചെയ്യുന്നതും സിനിമകാണുന്നതും ചിത്രങ്ങള്‍ എടുക്കുന്നതും ഉള്‍പ്പടെ എല്ലാം സാധ്യമായ സ്മാര്‍ട്‌ഫോണുകളിലാണെന്നത് ആ ഐഫോണ്‍ പതിപ്പിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. പിന്നീടങ്ങോട്ട് ടച്ച് സ്‌ക്രീന്‍ മൊബൈല്‍ ഫോണുകള്‍ വന്നു. മെച്ചപ്പെട്ട ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയെത്തി. അതിനനുബന്ധിച്ചുള്ള പുതിയ സൗകര്യങ്ങള്‍ ഫോണുകളില്‍ ലഭിച്ചുതുടങ്ങി, ഫോണുകളുടെ തന്നെ ശേഷി അന്നത്തേതിനേക്കാളും എത്രയോ മടങ്ങ് വര്‍ധിച്ചു.
ഐഫോണ്‍ അന്നുണ്ടാക്കിയ പേരിന് ഇന്നും യാതൊരു കളങ്കവും ഏല്‍ക്കാതെ പ്രതാപത്തോടെ വിപണിയില്‍ തുടരുന്നുമുണ്ട്.
Content Highlights: apple iphone, iphone first generations, iphone first model, steve jobs, smartphones, technews
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..