ഫ്ളോറിഡ: ആകാശത്തിന്റെ അങ്ങേയറ്റത്ത് എത്തിപ്പെടാൻ കൊതിക്കാത്തവർ ആരുണ്ട്. എന്നാൽ ബഹിരാകാശ സഞ്ചാരികൾ മാത്രം എത്തിയിരുന്ന ആ മുനമ്പുകളിൽ മറ്റുള്ളവർക്കും എത്തിപ്പെടാൻ അവസരമൊരുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു അമേരിക്കൻ സ്റ്റാർട്ടപ്പ് കമ്പനി. ഫ്ളോറിഡ ആസ്ഥാനമായ സ്പേസ് പെർസ്പെക്ടീവെന്ന കമ്പനിയാണ് ഇതിനായുള്ള ശ്രമങ്ങൾ തുടങ്ങിയിരിക്കുന്നത്.

മറ്റ് ബഹിരാകാശ വാഹനങ്ങൾക്ക് പകരം ബലൂൺ യാത്രയാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്. ഇതിനായി സാമ്പ്രദായിക ബലൂണുകളിൽ നിന്ന് മാറി അത്യാധുനിക സംവിധാനങ്ങൾ ഉള്ള ബലൂൺ ആണ് ഇവർ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. സ്പേസ് ക്യാപ്സൂളുകൾക്ക് സമാനമായ സഞ്ചാരികൾക്ക് തങ്ങാനുള്ള ഒരു പേടകവും ഇതിനുണ്ടാകും.

ഭൂമിയുടെ അന്തരീക്ഷം നേർത്ത് ഇല്ലാതാകുന്ന അതിര് വരെ എത്തുന്നതിനുള്ള ശേഷിയുള്ളതാകും ഇവർ നിർമിക്കാൻ പോകുന്ന അത്യാധുനിക ബലൂണുകൾ. സ്പേസ് ഷിപ്പ് നെപ്റ്റിയൂൺ എന്നാകും ഇതിന് പേരിടുക.

പദ്ധതിയുടെ ആദ്യ പരീക്ഷണ പറക്കൽ 2021ൽ നടത്താനാണ് സ്പേസ് പെർസ്പെക്ടീവ് ഉദ്ദേശിക്കുന്നത്. അലാസ്കയിലെ പസഫിക് സ്പേസ് പോർട്ടാകും ബലൂണിന്റെ ലോഞ്ചിങ് കേന്ദ്രമായി ഇവർ ഉപയോഗിക്കുക. പരീക്ഷണ പറക്കലിൽ മനുഷ്യർ ഉണ്ടാകില്ല. എന്നാൽ വാണിജ്യാടിസ്ഥാനത്തിൽ വരുന്ന വർഷങ്ങൾക്കുള്ളിൽ പ്രവർത്തിച്ചുതുടങ്ങാനാകുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.

ചെറിയ ബാർ ഉൾപ്പെടെയുള്ള ആഡംബര സൗകര്യങ്ങൾ ഇവയിൽ ഉണ്ടാകും. ഗവേഷണങ്ങൾക്ക് വേണ്ടി മാത്രമല്ല വിനോദ സഞ്ചാരത്തിനുവേണ്ടി ബഹിരാകാശത്തെ ഉപയോഗപ്പെടുത്തുകയെന്നതാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നാണ് സ്പേസ് പെർസ്പെക്ടീവ് പറയുന്നത്.

ബഹിരാകാശത്തുനിന്ന് ഭൂമിയുടെ സൗന്ദര്യം ആസ്വദിക്കാം, ഭൂമിയിൽ നിന്ന് സാധ്യമല്ലാത്ത ബഹിരാകാശ ദൃശ്യങ്ങൾ ആസ്വദിക്കാം, ചക്രവാളത്തിന്റെ അറ്റത്തുനിന്ന് സൂര്യോദയം വീക്ഷിക്കാം തുടങ്ങിയവയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ആറുമണിക്കൂറാകും ഇത്തരത്തിൽ ഭൂമിയുടെ അതിരിൽ ചുറ്റിത്തിരിയാൻ സാധിക്കുക. സാധാരണ യാത്രാ വിമാനങ്ങൾ സഞ്ചരിക്കുന്നതിനേക്കാൾ വളരെ ഉയരത്തിലാകും ഇവ എത്തുക. ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം ഒരുലക്ഷം അടി മുകളിലായാണ് ബലൂണിൽ സഞ്ചാരികളെ എത്തിക്കുക.

ഒരുസമയം എട്ട് സഞ്ചാരികളും ഒരു പൈലറ്റും ഇതിൽ ഉണ്ടാകും. എന്നാൽ അത്രപെട്ടന്ന് എല്ലാവർക്കും ഈ യാത്ര സാധിച്ചെന്നുവരില്ല. ഈ ആറുമണിക്കൂർ നീളുന്ന കാഴ്ചാനുഭവം നേടുന്നതിന് 1.25 ലക്ഷം ഡോളർ ( ഏകദേശം 93 ലക്ഷം രൂപ) ചെലവാകും.

ഈ യാത്രയ്ക്ക് വേണ്ടിയുള്ള ബലൂണിന്റെയും പേടകത്തിന്റെയും രൂപകല്പന നടത്തിയിരിക്കുന്നത് യു.കെയിലെ ഡിസൈൻ സ്റ്റുഡിയോ ആയ പ്രീസ്റ്റ്മാൻഗൂഡി എന്ന സ്ഥാപനമാണ്. എലോൺമസ്കിന്റെ ഹൈപ്പർ ലൂപ്പ് ക്യാപ്സൂളിന് സമാനമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Content Highlights:A Balloon Ride To The Edge Of Space? It Could Soon Be Reality