സ്‌കൂളില്‍ വരാന്തയിലും ക്ലാസ്സ് മുറിയിലുമൊക്കെ ഒട്ടേറെത്തവണ മുതിര്‍ന്ന വിദ്യാര്‍ഥികളുടെയും സഹപാഠികളുടെയും ഉപദ്രവത്തിനും അവഹേളനത്തിനുമിരയായിട്ടുള്ള കുട്ടിക്കാലം പലര്‍ക്കും കാണും. ഇനി ഇത്തരം സംഭവങ്ങള്‍ ആരുമറിയാതെ അധികൃതരെ അറിയിക്കാന്‍ പേടിക്കേണ്ടിവരില്ല. ഇവ റിപ്പോര്‍ട്ട് ചെയ്യാന്‍ ഓണ്‍ലൈന്‍ ആപ്പ് വികസിപ്പിച്ചിരിക്കയാണ് മേഘാലയയിലെ ഷില്ലോങ് സ്വദേശിയായ മേയ്ദായ്ബഹുന്‍ മാജോ എന്ന ഒമ്പതുവയസ്സുകാരി.

നാലാം ക്ലാസില്‍ പഠിക്കുന്ന മേയ്ദായ്ബഹുന്‍ പലവട്ടം ഇത്തരം അതിക്രമങ്ങള്‍ക്കിരയായിട്ടുള്ളവളാണ്. സ്‌കൂളില്‍ സഹപാഠികളില്‍ ചിലര്‍ തന്നെ വളഞ്ഞുവെച്ച് കളിയാക്കുകയും കാലില്‍ ചവിട്ടുകയുമൊക്കെ ചെയ്ത അനുഭവങ്ങള്‍ മേയ്ക്കുണ്ട്. നഴ്‌സറി മുതല്‍ തനിക്കുണ്ടായ ഇത്തരം അനുഭവങ്ങള്‍ മറ്റാര്‍ക്കുമുണ്ടാകരുതെന്ന വാശിയാണ് ആപ്പ് ഉണ്ടാക്കാന്‍ ഈ ഒമ്പതുവയസ്സുകാരിയെ പ്രേരിപ്പിച്ചത്.

ഉടന്‍തന്നെ ഗൂഗിള്‍ പ്ലേയില്‍ ലഭ്യമാകുന്ന ആപ്പിലൂടെ ഇരകള്‍ക്ക് സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെതന്നെ അധ്യാപകരെയും മാതാപിതാക്കളെയും സുഹൃത്തുക്കളെയുമൊക്കെ തങ്ങളനുഭവിക്കുന്ന പീഡനം അറിയിക്കാനാകും.

ഉപദ്രവിക്കുന്നവരുടെ വിവരങ്ങളും സംഭവത്തിന്റെ വിവരണവും അയക്കുന്നതിനൊപ്പം വ്യക്തികള്‍ക്ക് സന്ദേശങ്ങളയക്കാനും ഈ ആപ്പിലൂടെ സാധിക്കും. ഇതുവഴി അധികൃതര്‍ക്ക് ആവശ്യമായ നടപടികളെടുക്കാനും കഴിയും.

കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് മേയ് ആപ്പ് വികസിപ്പിക്കുന്ന ക്ലാസ്സുകളില്‍ പങ്കെടുക്കാനാരംഭിച്ചത്. ഇതിനോടകം 40 ആപ്പുകള്‍ മേയ് വികസിപ്പിച്ചിട്ടുണ്ട്. 2017-ല്‍ വിപ്രോയുടെ സഹായത്തോടെ ടീച്ചര്‍ ഫൗണ്ടേഷന്‍ നടത്തിയ പഠനമനുസരിച്ച് ഇന്ത്യയിലെ 42 ശതമാനം കുട്ടികളും സ്‌കൂളുകളില്‍ ഉപദ്രവങ്ങള്‍ക്കിരയാകുന്നുണ്ട്.

Content Highlights : 9-year-old  girl creates anti-bullying app