അതിവേഗ വിവരവിനിമയം കടല്‍ത്തട്ടിലൂടെ: മുംബൈ-സിംഗപ്പൂര്‍ 8,100 കിലോമീറ്റര്‍ സമുദ്രാന്തര കേബിള്‍


ബിജീഷ് ബാലകൃഷ്ണന്‍

മുംബൈയെ ലോകത്തിലെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന 17-ാമത്തെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സംവിധാനമായ മിസ്റ്റ് 2023-ല്‍ സേവനത്തിന് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതീകാത്മക ചിത്രം | photo : envato

ലോകരാജ്യങ്ങള്‍ക്കിടയില്‍ വിവരവിനിമയത്തിനായി ഇന്റര്‍നെറ്റ് ശൃംഖലയുടെ നീളം അനുദിനം വര്‍ധിച്ചുവരികയാണ്. കടലിനടിയിലൂടെയുള്ള കേബിള്‍ ശൃംഖലകള്‍ സ്ഥാപിക്കാന്‍ ആരംഭിച്ചിട്ട് നിരവധി വര്‍ഷങ്ങളായി. എന്നാല്‍ നിലവിലെ മാറിയ നയതന്ത്ര, അന്താരാഷ്ട്ര സഹകരണ സാഹചര്യത്തില്‍ പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ സ്ഥാപിക്കുന്ന സമുദ്രാന്തര കേബിള്‍ ശൃംഖലകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഇത്തരത്തില്‍ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഇന്റര്‍നെറ്റ് കണക്ടിവിറ്റി വര്‍ധിപ്പിക്കാനായി തയ്യാറാവുന്ന പദ്ധതിയാണ് മിസ്റ്റ് (MIST) അഥവാ മ്യാന്‍മാര്‍/മലേഷ്യ-ഇന്ത്യ-സിംഗപ്പൂര്‍ ട്രാന്‍സിറ്റ്.

എന്താണ് മിസ്റ്റ്മ്യാന്‍മര്‍, തായ്ലന്‍ഡ്, മലേഷ്യ, സിംഗപ്പൂര്‍ എന്നീ ഏഷ്യന്‍ രാജ്യങ്ങളുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്നതിന് കടലിനടിയിലൂടെയുള്ള കേബിള്‍ ആശയവിനിമയ ശൃംഖലയാണ് മിസ്റ്റ് (MIST - Myanmar/Malaysia-India-Singapore Transit). 8,100 കിലോമീറ്റര്‍ നീളമുള്ള ഈ അന്തര്‍ദേശീയ ഫൈബര്‍ ഒപ്റ്റിക് കേബിള്‍ ശൃംഖല മുംബൈ, ചെന്നൈ നഗരങ്ങളെ സിംഗപ്പൂരുമായി ബന്ധിപ്പിക്കുന്നു. സിംഗപ്പൂരിലെ ട്വാസില്‍(Tuas)നിന്ന് ആരംഭിക്കുന്ന കേബിള്‍ ചെന്നൈയിലെ സാന്തോം ബീച്ചിലും മുംബൈയിലെ വെര്‍സോവ ബീച്ചിലും ലാന്‍ഡ് ചെയ്യും. പദ്ധതിയുടെ ഭാഗമായി ചെന്നൈ എം.ആര്‍.സി നഗറിലും വെര്‍സോവയിലും ഇന്റര്‍നെറ്റ് ടെര്‍മിനലുകള്‍ സ്ഥാപിക്കും.

12 ഫൈബര്‍ ജോഡികള്‍ അടങ്ങുന്ന നെറ്റ്‌വര്‍ക്കിന് 216 ടെറാബിറ്റ്‌സ് പെര്‍ സെക്കന്‍ഡില്‍ (Tbps) കൂടുതല്‍ ശേഷിയുണ്ട്. കേബിള്‍ ശൃംഖല സ്ഥാപിക്കാനുള്ള ആകെ ചെലവ് ഏകദേശം 400 ദശലക്ഷം യു.എസ്. ഡോളറാണ്. ഇന്ത്യന്‍ രൂപ ഏകദേശം 3,184.4 കോടി വരുമിത്. 2019-ല്‍ പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ മ്യാന്‍മാര്‍, ഇന്ത്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ മാത്രമായിരുന്നു മിസ്റ്റ് പദ്ധതിയില്‍ ഉണ്ടായിരുന്നത്. തൊട്ടടുത്ത വര്‍ഷം മലേഷ്യയും തായ്‌ലന്‍ഡും പദ്ധതിയില്‍ ചേര്‍ന്നു. ഐ.ടി. സേവനരംഗത്ത് ലോകത്തിലെതന്നെ വലിയ കമ്പനികളിലൊന്നായ എന്‍.ടി.ടി കമ്മ്യൂണിക്കേഷന്‍സാണ് കേബിള്‍ ശൃംഖല സ്ഥാപിക്കുന്നത്.

മുംബൈയെ ലോകത്തിലെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന 17-ാമത്തെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സംവിധാനമായ മിസ്റ്റ് 2023-ല്‍ സേവനത്തിന് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായുള്ള ഇന്ത്യയുടെ നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി കാര്യക്ഷമമാക്കാന്‍ പദ്ധതി പ്രധാനമാണെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. കേബിള്‍ ശൃഖലയുടെ ആകെ നീളത്തില്‍ 725.56 കിലോമീറ്റര്‍ തീരദേശ നിയന്ത്രണ മേഖലയിലാണ് വരുന്നത്. ഇതില്‍ 523.5 കിലോമീറ്റര്‍ തമിഴ്‌നാട് തീരത്തും 202.06 കിലോമീറ്റര്‍ മഹാരാഷ്ട്ര തീരത്തുമാണ്. കേബിള്‍ സ്ഥാപിക്കുന്നതിലൂടെ പരിസ്ഥിതിക്ക് കാര്യമായ കോട്ടമുണ്ടാകില്ലെന്ന് കാണിച്ച് ഇക്കഴിഞ്ഞ ജൂലായില്‍ കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം രൂപവത്കരിച്ച സമിതി പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്‍കാന്‍ ശുപാര്‍ശ ചെയ്തു.

പദ്ധതിയുടെ പ്രാധാന്യം

മിസ്റ്റ് കേബിള്‍ സംവിധാനം നിലവില്‍ വരുന്നതോടെ ഏഷ്യയില്‍ കൂടുതല്‍ സുരക്ഷിതവും വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ ടെലികോം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാകും. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇന്ത്യയ്ക്കും മറ്റ് ഏഷ്യന്‍ രാജ്യങ്ങളായ മ്യാന്‍മര്‍, തായ്ലന്‍ഡ്, മലേഷ്യ, സിംഗപ്പൂര്‍ എന്നിവയ്ക്കും ഇടയിലുള്ള ടെലികോം കണക്റ്റിവിറ്റി മികച്ചതാകും. പാശ്ചാത്യ രാജ്യങ്ങളുമായുള്ളതുപോലെയോ അതിലും മികച്ച രീതിയിലോ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ രാജ്യത്തിനാകും. ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഇന്ന് എല്ലാ രംഗത്തും ഉപയോഗപ്പെടുത്തുന്ന പ്രവണതയുള്ളതിനാല്‍ വിവിധ മേഖലകളില്‍ പങ്കാളികളാകാന്‍ ഈ രാജ്യങ്ങള്‍ക്ക് അവസരം നല്‍കുന്നതു കൂടിയാകും മിസ്റ്റ്.

ആഗോള ആശയവിനിമയത്തിന് വളരെയേറെ പ്രാധാന്യമുള്ള പദ്ധതി നടപ്പാക്കുന്നതിലൂടെ വിവരവിനിമയ സാധ്യതകള്‍ പുതിയ തലത്തിലെത്തും. ഇന്ത്യയും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥകളായതിനാല്‍ ഐ.ടി. ഉള്‍പ്പെടെയുള്ള വ്യവസായ രംഗങ്ങള്‍ക്ക് കരുത്തുപകരാന്‍ മിസ്റ്റിനാകും. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാന്‍, ബേ ഓഫ് ബെംഗാള്‍ ഇനിഷ്യേറ്റിവ് (Bay of Bengal Initiative for Multi-sectoral Technical and Economic Cooperation - BIMSTEC) തുടങ്ങിയവയുമായി ഊഷ്മള ബന്ധമാണ് ഇന്ത്യ കാത്തുസൂക്ഷിക്കുന്നത്. ഇതോടൊപ്പം മിസ്റ്റ് നിലവില്‍ വരുന്നതോടെ ഈ രാജ്യങ്ങളുമായുള്ള കണക്ടിവിറ്റി പുതിയ ഉയരങ്ങിലെത്തിക്കാനാകും.

സമാനമായ മറ്റ് പദ്ധതികള്‍

ഇന്ത്യ ഏഷ്യ എക്‌സ്പ്രസ്: റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ഇന്ത്യ ഏഷ്യ എക്‌സ്പ്രസ് (IAX), ഇന്ത്യയെ മാലദ്വീപ്, സിംഗപ്പൂര്‍, ശ്രീലങ്ക, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നു. 2023-ല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന നെറ്റ്‌വര്‍ക്കിന്റെ ആകെ നീളം 5,791 കിലോമീറ്ററാണ്. ആവശ്യമെങ്കില്‍ വിശാഖപട്ടണം, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലേക്കും ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നിവടങ്ങളിലേക്കും നെറ്റ്‌വര്‍ക്ക് ദീര്‍ഘിപ്പിക്കാന്‍ കമ്പനി പദ്ധതിയൊരുക്കുന്നുണ്ട്.

ഇന്ത്യ യൂറോപ്പ് എക്‌സ്പ്രസ്: ഇന്ത്യയെ ഇറ്റലിയുമായി ബന്ധിപ്പിക്കുന്ന കേബിള്‍ നെറ്റ്‌വര്‍ക്കാണ് ഇന്ത്യ യൂറോപ്പ് എക്‌സ്പ്രസ് (IEX). മുംബൈയെ ഇറ്റാലിയന്‍ നഗരമായ മിലാനുമായി ബന്ധിപ്പിക്കുന്ന കേബിള്‍ നെറ്റ്‌വര്‍ക്കാണിത്. മധ്യകിഴക്കന്‍ (Middle East), വടക്കേ ആഫ്രിക്കന്‍ രാജ്യങ്ങളിലും കേബിള്‍ നെറ്റ്‌വര്‍ക്ക് ലാന്‍ഡിങ് സ്‌റ്റേഷനുകളുണ്ടായിരിക്കും. റിലയന്‍സ് ജിയോ ഇന്‍ഫോകോം തന്നെയാണ് ഈ നെറ്റ്‌വര്‍ക്കും സ്ഥാപിക്കുന്നത്. 200 ടെറാബിറ്റ്‌സ് പെര്‍ സെക്കന്‍ഡില്‍ കൂടുതല്‍ ശേഷിയുള്ള നെറ്റ്‌വര്‍ക്ക് ആയിരിക്കുമിത്.

സീമീവെ-6 പദ്ധതി: ടെലികോം ദാതാക്കളുടെ കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സീമീവെ-6 പദ്ധതി (SeaMeWe-6 Project: South East Asia–Middle East–Western Europe 6) ഇന്ത്യ, ബംഗ്ലാദേശ്, മാലദ്വീപ് വഴി സിംഗപ്പൂരിനെ ഫ്രാന്‍സുമായി ബന്ധിപ്പിക്കും. മലേഷ്യ, ശ്രീലങ്ക, പാകിസ്താന്‍, ജിബൂട്ടി, സൗദി അറേബ്യ, ഈജിപ്ത്, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളും ഇതിന്റെ ഭാഗമാകും. മറ്റു രാജ്യങ്ങളിലെ ടെലകോം ഓപ്പറേറ്റര്‍മാരോടൊപ്പം ഇന്ത്യയില്‍നിന്ന് ഭാരതി എയര്‍ടെലാണ് പദ്ധതിയില്‍ പങ്കാളിയാവുന്നത്. 19,200 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ തയ്യാറാകുന്ന കേബിള്‍ ശൃംഖലയുടെ നിര്‍മാണത്തിന് 500 ദശലക്ഷം യു.എസ് ഡോളറാണ് നിര്‍മാണച്ചെലവ് കണക്കാക്കുന്നത്.

ആഫ്രിക്ക-2 കേബിള്‍: പല ആഫ്രിക്കന്‍ രാജ്യങ്ങള്‍ വഴി ഇന്ത്യയെ യുണൈറ്റഡ് കിംഗ്ഡവുമായി ബന്ധിപ്പിക്കുന്ന കേബിള്‍ നെറ്റ് വര്‍ക്കാണ് ആഫ്രിക്ക-2 കേബിള്‍. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് വന്‍കരകളിലെ 33 രാജ്യങ്ങളിലായി 46 കേബിള്‍ ലാന്‍ഡിങ് സ്റ്റേഷനുകള്‍ പദ്ധതിയിലുണ്ടാകും. 45,000 കിലോമീറ്റര്‍ നീളത്തില്‍ തയ്യാറാകുന്ന ആഫ്രിക്ക-2 നിലവില്‍ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമുദ്രാന്തര കേബിള്‍ നെറ്റ്‌വര്‍ക്ക് പദ്ധതിയാണ്.

സമുദ്രാന്തര കേബിള്‍ നെറ്റ്‌വര്‍ക്ക്

കരയിലുള്ള സ്റ്റേഷനുകള്‍ക്കിടയില്‍ ടെലികമ്മ്യൂണിക്കേഷന്‍ സിഗ്‌നലുകള്‍ കൈമാറുന്നതിനായി കടലിന്റെ അടിത്തട്ടില്‍ സ്ഥാപിക്കുന്ന കേബിള്‍ ശൃംഖലയാണിത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ടെലഗ്രാഫ് കണ്ടെത്തിയ കാലത്തുതന്നെ സമുദ്രാന്തര കേബിള്‍ നെറ്റ്‌വര്‍ക്കിനെക്കുറിച്ചുള്ള സാധ്യതാ പഠനങ്ങള്‍ ആരംഭിച്ചു. ആദ്യഘട്ട പരീക്ഷണങ്ങള്‍ വിജയിച്ചപ്പോള്‍ അധികം വൈകാതെ അറ്റ്‌ലാന്റിക് സമുദ്രത്തിനു കുറുകെ ടെലഗ്രാഫ് സംവിധാനം നടപ്പാക്കായി കേബിള്‍ സ്ഥാപിച്ചു. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വ്യാവസായിക അടിസ്ഥാനത്തില്‍ നിരവധി കേബിളുകള്‍ ഇത്തരത്തില്‍ സ്ഥാപിച്ചു. ടെലഫോണുകള്‍ വ്യാപകമാകുന്നതനുസരിച്ച് നെറ്റ്‌വര്‍ക്കിന്റെ നീളവും വര്‍ധിച്ചു.

ആധുനിക സമുദ്രാന്തര കേബിളുകളില്‍ ഫൈബര്‍-ഒപ്റ്റിക് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഒപ്റ്റിക്കല്‍ ഫൈബര്‍ ഘടകങ്ങള്‍ സാധാരണയായി പ്ലാസ്റ്റിക് പാളികളാല്‍ പൊതിഞ്ഞിരിക്കും. പരിസ്ഥിതിക്ക് ദോഷമാകാത്ത രീതിയില്‍ ട്യൂബുകളിലാക്കിയാണ് ഇവ കടലിനടിയില്‍ സ്ഥാപിക്കുന്നത്. ഉപഗ്രഹങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കടലിനടിയിലെ കേബിളുകള്‍ വഴിയുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ കൂടുതല്‍ വിശ്വസനീയവും ചെലവ് കുറഞ്ഞതും മികച്ച ശേഷിയുള്ളതുമാണ്. ലോകത്തിലെ ഇന്റര്‍നെറ്റ് ട്രാഫിക്കിന്റെ 90 ശതമാനത്തിലേറെയും കടലിനടിയില്‍ സ്ഥാപിച്ചിരിക്കുന്ന കേബിളുകള്‍ വഴിയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ആമസോണ്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ വന്‍കിട ഇന്റര്‍നെറ്റ് കമ്പനികള്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് സമുദ്രാന്തര കേബിള്‍ നെറ്റ്‌വര്‍ക്കുകളാണ്. ക്ലൗഡ് കംപ്യൂട്ടിങ്, ക്ലൗഡ് ഡേറ്റ സ്റ്റോറേജ്, സ്ട്രീമിങ് ആപ്ലിക്കേഷനുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം സബ്മറൈന്‍ കേബിളുകള്‍ പ്രയോജനപ്പെടുത്തുന്നു. അതേസമയം മണ്ണിടിച്ചില്‍, കൊടുങ്കാറ്റ് പോലുള്ള പ്രകൃതിദുരന്തങ്ങളുണ്ടാകുന്ന സ്ഥലങ്ങളില്‍ സമുദ്രാന്തര കേബിള്‍ നെറ്റ്‌വര്‍ക്കുകള്‍ സ്ഥാപിക്കാനാവില്ല. സമുദ്രത്തിനടിയിലെ സ്വാഭാവിക അന്തരീക്ഷത്തില്‍ പ്രശ്‌നമില്ലെങ്കിലും ചരക്കു കപ്പലുകള്‍, മത്സ്യബന്ധനം എന്നിവ ചിലപ്പോഴെല്ലാം ഇത്തരം നെറ്റ്‌വര്‍ക്കിന് ഭീഷണിയാവാറുമുണ്ട്.

ഒപ്റ്റിക്കല്‍ ഫൈബര്‍

ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ നട്ടെല്ലായാണ് ഒപ്റ്റിക്കല്‍ ഫൈബറിനെ കണക്കാക്കുന്നത്. പ്രകാശത്തെ സംവഹിക്കാന്‍ കഴിവുള്ള ഗ്ലാസിന്റെയോ പ്ലാസ്റ്റിക്കിന്റെയോ നാരുകളെയാണ് ഒപ്റ്റിക്കല്‍ ഫൈബറുകള്‍ എന്നു പറയുന്നത്. നേര്‍ത്ത നാരുകളുടെ നീണ്ട ഇഴകളിലൂടെ സഞ്ചരിക്കുന്ന ലൈറ്റ് പള്‍സുകള്‍ വഴിയാണ് ഡേറ്റ കൈമാറുന്നത്. പരമ്പരാഗതമായി ഉപയോഗിക്കുന്ന ചെമ്പ് (copper) നാരുകളെക്കാള്‍ വളരെ വേഗത്തിലും ഫലപ്രദവുമായി ഡേറ്റ കൈമാറാന്‍ ഒപ്റ്റിക്കല്‍ ഫൈബറിനാകും. ചെമ്പ് നാരുകളെ അപേക്ഷിച്ച് ഒപ്റ്റിക്കല്‍ ഫൈബറില്‍ ഡേറ്റാ ട്രാന്‍സ്മിഷനില്‍ തെറ്റുവരുന്നത് വളരെ അപൂര്‍വമാണ്. ഉയര്‍ന്ന ബാന്‍ഡ് വിഡ്ത്തുകളില്‍ ദീര്‍ഘദൂര ആശയ വിനിമയം നടത്താന്‍ സഹായിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബറുകള്‍ക്ക് ലോഹചാലകങ്ങളേക്കാള്‍ പ്രസരണനഷ്ടം കുറവാണ്.

പൂര്‍ണ ആന്തരിക പ്രതിഫലനം (total internal reflection) വഴിയാണ് ഒപ്റ്റിക്കല്‍ ഫൈബറുകള്‍ ഡേറ്റ കൈമാറുന്നത്. ഒപ്റ്റിക്കല്‍ ഫൈബറിന് പ്രധാനമായും രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ഉള്ളിലുള്ള ഭാഗത്തെ കോര്‍ എന്നും പുറമെയുള്ള ഭാഗത്തെ ക്ലാഡിങ്ങ് എന്നും പറയുന്നു. ഇവയ്ക്ക് പുറമെ സംരക്ഷിത ആവരണവുമുണ്ടാകും. പൂര്‍ണ ആന്തരിക പ്രതിഫലനം വഴി പ്രകാശ കണികകള്‍ കോറില്‍നിന്നും പുറത്തു പോകാതെ സംവഹിക്കപ്പെടുന്നു. റിഫ്രാക്ടിവ് ഇന്‍ഡക്‌സ് കൂടുതലായുള്ള സിലിക്കോണ്‍ ഡയോക്‌സൈഡ് കൊണ്ട് നിര്‍മിച്ച ഗ്ലാസ് കൊണ്ടായിരിക്കും കോര്‍ നിര്‍മിക്കുക. റിഫ്രാക്ടിവ് ഇന്‍ഡക്‌സ് കുറഞ്ഞ ഫൈബറോ പ്ലാസ്റ്റികോ ഉപയോഗിച്ചായിരിക്കും ക്ലാഡിങ് നിര്‍മിക്കുക. പ്രകാശം ഒരു പദാര്‍ത്ഥത്തിലൂടെ കടന്നുപോകുന്ന വേഗതയാണ് റിഫ്രാക്ടിവ് ഇന്‍ഡക്‌സ്. സിലിക്കണ്‍ ഡയോക്‌സൈഡ് കൊണ്ട് നിര്‍മിച്ച ഗ്ലാസിലൂടെ പ്രകാശം അതിന്റെ 60 ശതമാനം വേഗത്തില്‍ കടന്നുപോകും. കോറിലേക്ക് കടത്തിവിടുന്ന ലൈറ്റ് പള്‍സുകള്‍ ക്ലാഡിങില്‍ തട്ടി ദീര്‍ഘദൂരം സഞ്ചരിക്കും. നെറ്റ്‌വര്‍ക്കില്‍ പ്രതിരോധമുണ്ടാകുമ്പോള്‍ അതിനെ മറികടക്കാനായി ഇടക്കിടെ ആംപ്ലിഫയറുകളും സ്ഥാപിക്കുന്നു.

സാധാരണ നെറ്റ്‌വര്‍ക്ക് സംവിധാനങ്ങളെ അപേക്ഷിച്ച് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കാനുള്ള ചെലവ് ഏറെ കൂടുതലാണ്. ഒപ്റ്റിക്കല്‍ ഫൈബറുകള്‍ തമ്മില്‍ ബന്ധിപ്പിക്കുക എന്നത് ലോഹചാലകങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനേക്കാള്‍ സങ്കീര്‍ണമാണ്. ഇവ ബന്ധിപ്പിക്കുന്നതിനായി പ്രത്യേക തരം കണക്റ്ററുകളും ഉണ്ട്. ഇതോടൊപ്പം വളരെ നേര്‍ത്ത നാരുകളായതിനാല്‍ കൂടുതല്‍ സൂക്ഷ്മമായി കൈകാര്യം ചെയ്യുകയും വേണം. കടലിനടിയില്‍ സ്ഥാപിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ വീണ്ടും പല തട്ടായി ആവരണം ചെയ്തിരിക്കും. ഒപ്റ്റിക്കല്‍ ഫൈബറിനു മുകളില്‍ വിവിധ പെട്രോളിയം ജെല്ലി, കോപ്പര്‍/ അലുമിനിയം ട്യൂബ്, പോളികാര്‍ബണേറ്റ്, അലുമിനിയം വാട്ടര്‍ ബാരിയര്‍, സ്റ്റീല്‍ വയര്‍, മെലിനെക്‌സ്, പോളിഎഥിലിന്‍ എന്നിവ കൊണ്ടുള്ള ആവരണങ്ങളുണ്ടാകും. ഇത് കേബിളിന് കൂടുതല്‍ സുരക്ഷ നല്‍കുന്നു.

(മാതൃഭൂമി ജി.കെ. ആന്‍ഡ് കറന്റ് അഫയേഴ്‌സ് മാസികയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: 8,100-km India-Singapore Submarine Cable System

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


minister p prasad

7 min

കര്‍ഷകരെ വിദേശത്തയച്ച് പുതിയ രീതികള്‍ പഠിക്കും, മലയാളി ഭക്ഷണ രീതി മാറ്റണം - മന്ത്രി പി. പ്രസാദ്

Nov 30, 2022

Most Commented