ഇന്ത്യയില്‍ 5ജി അവതരിപ്പിച്ചു; എത്ര വേഗമുണ്ടാവും?, നേട്ടങ്ങളെന്തെല്ലാം?


Photo: Ap

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 5ജി അവതരിപ്പിച്ചു. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനില്‍ നടക്കുന്ന ഈ വര്‍ഷത്തെ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ചാണ് അദ്ദേഹം 5ജി സേവനങ്ങള്‍ക്ക് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

രാജ്യത്തെ അതിവേഗ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയിലേക്കും അതിനോട് ചേര്‍ന്നുള്ള നൂതന സാധ്യതകളിലേക്കും അവസരങ്ങളിലേക്കും കൈപിടിച്ചുയര്‍ത്തുന്ന സാങ്കേതിക വിദ്യയായിരിക്കും 5ജി.വയര്‍ലെസ് വിവരവിനിമയത്തിന്റെ അഞ്ചാം തലമുറ സാങ്കേതികവിദ്യകളെയാണ് 5ജി എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്നത്. അള്‍ട്രാ-ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയാണ് 5ജി വാഗ്ദാനം. ഇത്രയും നാള്‍ എംബിപിഎസ് വേഗമാണ് കണക്കിലെടുത്തിരുന്നത് എങ്കില്‍ 5ജിയിലേക്ക് എത്തുമ്പോള്‍ അത് ജിബിപിഎസിലേക്ക് മാറും. വിവര കൈമാറ്റത്തിന് വേഗം വര്‍ധിക്കും.

ഉദ്ഘാടന വേദിയില്‍ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞ പോലെ ആരോഗ്യം, വിദ്യാഭ്യാസം, ആരോഗ്യം, ചരക്ക് നീക്കം, ബാങ്കിങ് ഉള്‍പ്പടെ വിവിധ മേഖലകളില്‍ 5ജി സമൂലമാറ്റം കൊണ്ടുവരും.

എന്തെല്ലാം ആണ് 5 ജിയുടെ ഉപയോഗം

നിലവില്‍ നമ്മളെല്ലാം ഉപയോഗിക്കുന്ന 4ജി സ്മാര്‍ട്‌ഫോണുകള്‍ കേന്ദ്രീകരിച്ചുള്ള അതിവേഗ കണക്റ്റിവിറ്റിയിലൂന്നിയ സേവനങ്ങളാണ് യാഥാര്‍ത്ഥ്യമാക്കിയത്. എന്നാല്‍ 5ജി വരുന്നതോടെ അത് സ്മാര്‍ട്‌ഫോണുകളില്‍ മാത്രം ഒതുങ്ങില്ല. സ്മാര്‍ട് ടിവികള്‍, കംപ്യൂട്ടറുകള്‍, വിര്‍ച്വല്‍ റിയാലിറ്റി ഉപകരണങ്ങള്‍, മെറ്റാവേഴ്‌സ് സേവനങ്ങള്‍, ഗെയിമിങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് തുടങ്ങി വിവിധങ്ങളായ ഉപയോഗങ്ങള്‍ക്ക് 5ജി പുതിയ വഴികള്‍ തുറക്കും.

തീര്‍ച്ചയായും കൂടുതല്‍ മികവുള്ള മൊബൈല്‍ കണക്റ്റിവിറ്റി 5ജിയിലൂടെ ലഭിക്കും. പ്രധാനമായും പരസ്പര ബന്ധിതമായ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തിന് 5ജി ശക്തിപകരും. ദുരന്ത നിവാരണം, പ്രതിരോധം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളില്‍ 5ജിയുടെ അതിവേഗ വിവര കൈമാറ്റ ശേഷി പ്രയോജനപ്പെടുത്തിക്കൊണ്ട് നൂതന സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കാനാവും.

ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിലെ പ്രദര്‍ശനശാലയിലെ ക്വാല്‍കോമിന്റെ പവലിയനിലിരുന്ന് പ്രധാനമന്ത്രി സ്വീഡനിലെ ഒരു കാര്‍ ഓടിച്ചത് നാം കണ്ടു. പ്രതിരോധ രംഗത്തും ദുരന്ത നിവാരണ രംഗത്തും ഇത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്താവുന്നാണ്. കൂടാതെ വിര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യകള്‍ക്ക് 5ജി കൂടുതല്‍ അവസരം നല്‍കും.

കുറഞ്ഞ ലേറ്റന്‍സി

4ജിയും 5ജിയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് ലേറ്റന്‍സിയാണ്. നിങ്ങള്‍ നല്‍കുന്ന ഒരു നിര്‍ദേശം ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നതിനും തിരിച്ചെത്തുന്നതിനും ആവശ്യമായി വരുന്ന സമയത്തെയാണ് ലേറ്റന്‍സി എന്ന് വിളിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമിങ് പോലുള്ള ആവശ്യങ്ങള്‍ക്ക് ലേറ്റന്‍സിയ്ക്ക് വലിയ പ്രാധാന്യമുണ്ട്. രണ്ട് പേര്‍ രണ്ട് സ്ഥലത്ത് നിന്ന് ആശയവിനിമയം നടത്തുമ്പോള്‍ നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ അവിടെ കേള്‍ക്കുന്നതിനും അവിടെ പറയുന്ന കാര്യങ്ങള്‍ ഇവിടെ കേള്‍ക്കുന്നതിനും വേണ്ടി വരുന്ന സമയമാണ് ലേറ്റന്‍സി എന്ന് പറയാം. ലേറ്റന്‍സി കുറയുകയാണ് വേണ്ടത്. 4ജിയില്‍ ലേറ്റന്‍സി 60 മുതല്‍ 98 മില്ലി സെക്കന്‍ഡ് ആയിരുന്നുവെങ്കില്‍ 5ജിയില്‍ അത് 5 മില്ലി സെക്കന്റിന് താഴേക്ക് ചുരുങ്ങും. അതായത് 'നിമിഷ നേരം കൊണ്ട്' എന്ന് പോലും പറയാന്‍ പറ്റാത്ത അത്രയും വേഗത്തിലാണ് 5ജിയിലൂടെയുള്ള വിവരകൈമാറ്റം സംഭവിക്കുന്നത്. തൊട്ടടുത്ത് രണ്ട് പേര്‍ നിന്ന് സംസാരിക്കുന്നതിന് തുല്യമായ വേഗത 5ജിയിലൂടെ കൈവരും.

5ജിയിലെ പരമാവധി ഡൗണ്‍ലോഡ് വേഗം സെക്കന്റില്‍ 20 ജിബി ആണെന്നാണ് ക്വാല്‍കോം നല്‍കുന്ന കണക്ക്. ഒപ്പോള്‍ രണ്ട് ജിബിയ്ക്കടുത്തുള്ള ഒരു ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ എത്രനേരം വേണ്ടി വരുമെന്ന് ചിന്തിച്ച് നോക്കൂ. ഇതില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഒരോ സ്‌പെക്ട്രം തരംഗങ്ങള്‍ക്കനുസരിച്ചും ലേറ്റന്‍സിയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവും. എന്നാല്‍ അത് 4 ജിയെ സംബന്ധിച്ചിടത്തോളം വളരെ കുറവായിരിക്കും.

നിരക്കുകള്‍ എങ്ങനെ?

ടെലികോം കമ്പനികള്‍ ഒന്നും തന്നെ 5ജി താരിഫ് നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും അവ 4ജി നിരക്കുകള്‍ക്കൊപ്പം തന്നെയായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ടെലികോം സേവന ദാതാക്കളും മൊബൈല്‍ നിര്‍മാണ കമ്പനികളും ചേര്‍ന്ന് 5ജി ബണ്ടില്‍ പ്ലാനുകള്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാഷ്ബാക്ക്, ആഡ്-ഓണ്‍ ഓഫറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ബണ്ടില്‍ ഓഫറിലുണ്ടാവുക. റിയല്‍മി സി 30 വാങ്ങുന്ന എയര്‍ടെല്‍ ഉപഭോക്താവിന് 750 രൂപ ഡിസ്‌കൗണ്ട് പോലുള്ള ഓഫറുകളായിരിക്കും ഇത്. മറ്റ് ഫോണുകളിലും കമ്പനി ഈ രീതി പിന്തുടരുമെന്നും ഷേത്ത് പറഞ്ഞു.

Content Highlights: 5g in india speed benefits other details

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented