ൺലൈൻ ക്ലാസുകൾക്കും മറ്റുമായി കുട്ടികൾക്ക് സ്മാർട്ഫോണുകൾ സ്വതന്ത്രമായി നൽകുന്ന കാലമാണ്. സ്മാർട്ഫോണുകൾ അക്കാദമിക കാര്യങ്ങൾക്ക് ഏറെ ഉപയോഗപ്രദമായ ഉപകരണമാണെങ്കിലും രക്ഷിതാക്കളുടെ കർശന നിരീക്ഷണത്തിൻ കീഴിൽ അല്ലാതെ കുുട്ടികള്‍ക്ക് ഫോണുകൾ നൽകാൻ‌ പാടില്ല. അത് പല വിധ അപകടങ്ങളിലേക്കും നയിച്ചേക്കാം. ഇക്കാര്യം മുന്നിൽ കണ്ടുകൊണ്ട് രക്ഷിതാക്കൾ സൂക്ഷിക്കേണ്ട ചില മൊബൈൽ ആപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് കേരള പോലീസ്. 

നിശ്ചിത പ്രായപരിധിയ്ക്ക് മുകളിലൂള്ളവർക്ക് വേണ്ടി മാത്രമായി ഒരുക്കിയിട്ടുള്ള ഈ ആപ്പുകളുടെ പട്ടികയിൽ കുട്ടികൾ ഏറെ ഉപയോഗിക്കുന്ന ടിക് ടോക്കും, ഇൻസ്റ്റാഗ്രാമും വരെ ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. 

ഇത്തരം ആപ്പുകൾ ഒരു പക്ഷെ, പ്രായപൂർത്തിയായവർക്കോ വിനോദത്തിനോ വിജ്ഞാനത്തിനോ ആശയവിനിമയത്തിനോ വേണ്ടി ഉണ്ടാക്കിയതാകാം. പക്ഷെ, കുട്ടികൾ ഇത്തരം ആപ്പുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ രക്ഷകർത്താക്കൾ കുട്ടികൾക്ക് നൽകുന്ന ഫോണുകളിൽ ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണമെന്ന് കേരള പോലീസ് പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

beware of these appsഅപരിചിതരുമായി സംവദിക്കാനും കൂടിക്കാഴ്ച ഒരുക്കാനും സാധിക്കുന്ന whisper, Omegle, Ask.FM,  Hot On Not പോലുള്ള ആപ്പുകളും, Yellow, Wishbone, Kik Messahing Kik, Meet Me, Grindr, Instagram, Burn Book, Snapchat, Tiktok, YikYak, Zoomerang, Telloymn, FacebookMessenger, Badoo, Bumble തുടങ്ങിയ ആപ്പുകളാണ് പോലീസ് പുറത്തുവിട്ട പട്ടികയിലുള്ളത്. 

ഈ ആപ്പുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. മുതിര്‍ന്നവരെ ലക്ഷ്യമിട്ടുള്ള ഇത്തരം ആപ്പുകള്‍ കുട്ടികള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു. 

അതിനാല്‍,  കുട്ടികള്‍ക്ക് നല്‍കിയിരിക്കുന്ന ഫോണുകളില്‍ അപരിചിതമായ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ എന്നും അക്കൂട്ടത്തില്‍ പോലീസ് നല്‍കിയിരിക്കുന്ന പട്ടികയിലുള്ള ആപ്പുകള്‍ ഉണ്ടോ എന്നും ഇടക്കിടെ പരിശോധിക്കുക.