ന്യൂഡല്‍ഹി: മെയ് പതിനഞ്ചിനും ജൂണ്‍ പതിനഞ്ചിനുമിടയില്‍ 20 ലക്ഷത്തോളം അക്കൗണ്ടുകള്‍ക്ക് വിലക്കേർപ്പെടുത്തിയതായി വാട്സാപ്പ്. ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ തടയുന്നതിനും ഉപയോക്താക്കളുടെ സുരക്ഷയെ കരുതിയുമാണ് വിലക്കെന്ന് വാട്സാപ്പ് അറിയിച്ചു. ഇന്ത്യയിലെ പുതിയ ഐ.ടി നിയമങ്ങള്‍ പ്രകാരം നടപ്പാക്കിയ പുതിയ പരിഷ്‌കാരങ്ങളുടെ റിപ്പോര്‍ട്ട് വാട്സാപ്പ്, ട്വിറ്റര്‍ പോലെയുള്ള സാമ്യൂഹ്യമാധ്യമങ്ങള്‍ക്ക് സമര്‍പ്പിക്കേണ്ടിവന്നു. ഉപദ്രവകരമായ നടപടികള്‍ തടയുന്നതിനായി വാട്സാപ്പ് ചില ടൂളുകൾ ഉപയോഗിക്കുന്നുണ്ട്. ഉപയോക്താക്കളുടെ സുരക്ഷയാണ് തങ്ങള്‍ പ്രാധാന്യം നൽകുന്നത്. ഒരു സംഭവം നടന്നുകഴിഞ്ഞു അത് തടയാന്‍ നടപടി സ്വീകരിക്കുന്നതിലും നല്ലത് അത് തടയുന്നതാണെന്നും വാട്സാപ്പ് പറഞ്ഞു. 

നിരന്തരമായി തങ്ങളുടെ ഉപയോക്താക്കള്‍ക്ക് വേണ്ടി ടെക്‌നോളജിയില്‍ നിക്ഷേപങ്ങള്‍ നടത്തുന്നുണ്ട്. അനാവശ്യവും ഉപദ്രവകരവുമായ സന്ദേശങ്ങള്‍ തടയുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യം. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ അയക്കുന്നത് കണ്ടെത്താനുള്ള എല്ലാ മാര്‍ഗങ്ങളും തങ്ങളുടെ പക്കലുണ്ടെന്നും,അതിനാലാണ് 20 ലക്ഷത്തോളം വരുന്ന അക്കൗണ്ടുകള്‍ വിലക്കിയതെന്നും വാട്സാപ്പ് പറഞ്ഞു. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ യൂസര്‍ റിപ്പോര്‍ട്ടിലൂടെയും ബ്ലോക്കിംഗ് സംവിധാനത്തിലൂടെയുമാണ് വാട്സാപ്പ് അറിയുക. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനുള്ള സോഫ്‌റ്റ് വെയർ ആയതിനാല്‍ ഉപഭോക്താക്കള്‍ അയക്കുന്ന സന്ദേശങ്ങള്‍ വാട്സാപ്പിനറിയാന്‍ കഴിയില്ല.

പുതിയ ഐ.ടി ചട്ടങ്ങളോട് വാട്സാപ്പ് തത്ത്വത്തില്‍ സമ്മതം മൂളിയിട്ടുണ്ടെങ്കിലും ഡല്‍ഹിയില്‍ ഇന്ത്യന്‍ സര്‍ക്കാരിനെതിരെ വാട്സാപ്പ് പരാതി നല്‍കിയിട്ടുണ്ട്. പുതിയ ഐ.ടി നിയമങ്ങള്‍ കഴിഞ്ഞ മാസമാണ് വന്നതെന്നും പുതിയ പരിഷ്‌ക്കാരങ്ങള്‍ തങ്ങളുടെ പ്രൈവസി നിയമങ്ങള്‍ തകര്‍ക്കുന്നതാണെന്നും വാട്സാപ്പ് പറഞ്ഞു. 

ഇന്ത്യയിലെ പുതിയ ഐ.ടി നിയമങ്ങളോട് എതിര്‍പ്പില്ല. എന്നാല്‍ പ്രാവര്‍ത്തികമായ മാര്‍ഗങ്ങളിലുടെ മാത്രമേ പുതിയ നിയമങ്ങള്‍ നടപ്പാക്കാന്‍ കഴിയുകയുള്ളൂ. ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് നിയമം അനുശാസിക്കുന്ന എന്തും ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞ വാട്സാപ്പ് പുതിയ നിയമങ്ങള്‍ തങ്ങളുടെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപഷ്‌ന് എതിരാണെന്നും പറഞ്ഞു. ഇത് ഉപഭോക്താക്കളുടെ പ്രൈവസി പോളിസിക്ക് വിരുദ്ധമാകുമെന്നും വാട്ട്‌സാപ്പ് പറയുന്നു. വാട്സാപ്പിന് നിലവില്‍ ഇന്ത്യയില്‍ 40 കോടി ഉപഭോക്താക്കളുണ്ട്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും, കര്‍ഷക സമരത്തെ കുറിച്ചും തെറ്റായ വിവരങ്ങള്‍ ഇത്തരം സാമ്യൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച പശ്ചാത്തലത്തിലാണ് പുതിയ ഐ.ടി നിയമങ്ങള്‍ ഇന്ത്യ കര്‍ശനമാക്കുന്നത്. പുതിയ ഐ.ടി നിയമങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ ഇരു മാധ്യമങ്ങള്‍ക്കും ഇന്ത്യയുടെ നിയമസഹായം നഷ്ടമായേക്കാം. 

Content Highlights: 20 lakh whatsapp account blocked