
Smartphone | Photo: Gettyimages
വിദേശ ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലാന്നാണ് ഇന്ത്യ. സാങ്കേതികവിദ്യയുടെ രംഗത്തെ ഉൽപ്പന്നങ്ങളിൽ മിക്കതും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളാണ്. എന്നാൽ ഈ രീതിയ്ക്ക് മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ.
പ്രാദേശിക ഉൽപാദനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിനായി ഇറക്കുമതിയ്ക്ക് നികുതി വർധിപ്പിക്കുകയും ഇന്ത്യയിൽ നിന്ന് നിർമിച്ച് ആഗോളവിപണിയിലേക്ക് കയറ്റുമതി ചെയ്യാനും ബഹുരാഷ്ട്ര കമ്പനികളോട് ആവശ്യപ്പെടുകയാണ് ഇന്ത്യ.
ഈ പദ്ധതിയുടെ ഭാഗമായി 16 കമ്പനികൾക്കാണ് ഇന്ത്യയിൽ ഉൽപാദനം നടത്താൻ സർക്കാർ അനുമതി നൽകിയത്. അതിൽ ആപ്പിൾ ഉൽപ്പന്നങ്ങൾ നിർമിച്ചുനൽകുന്ന കമ്പനികളും ഉൾപ്പെടുന്നു. മൊബൈൽ ഫോൺ ഉൽപാദന രംഗത്ത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10,50,000 കോടി രൂപയുടെ നിക്ഷേപമാണ് ഇതുവഴി ഇന്ത്യ പ്രതീക്ഷിക്കുന്നത്.
ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പ്, വിസ്സ്ട്രൺ കോർപ്പ്, പെഗട്രണൻ കോർപ്പ്, സാംസങ് ഇലക്ട്രോണിക്സ് തുടങ്ങിയ കമ്പനികൾക്ക് ഉൽപാദനം നടത്താൻ കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.
പ്രാദേശിക വിതരണത്തിന് പുറമെ ആഗോള വിപണിയിലേക്കുള്ള ഉൽപ്പന്നങ്ങളും ഇന്ത്യയിൽ നിർമിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനികൾക്ക് ഉൽപാദന അനുമതി നൽകിയിരിക്കുന്നത്. ഉൽപാദനത്തിന്റെ 60 ശതമാനവും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കയറ്റുമതി ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസന്റീവ് പ്രോഗ്രാമിന്റെ ഭാഗമായാണ് ബഹുരാഷ്ട്ര ഇലക്ട്രോണിക്സ് നിർമാണ കമ്പനികൾ ഇന്ത്യയിലേക്ക് വരുന്നത്. ചൈനയുമായി ആഗോള വിപണി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിൽ നിർമാണശാലകൾ ചൈനയിൽ നിന്നു മാറ്റിക്കൊണ്ടിരിക്കുകയാണ് ആഗോള കമ്പനികൾ. ഈ അവസരം പ്രയോജനപ്പെടുത്തി കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കുകയാണ് സർക്കാർ.
പ്രാദേശിക കമ്പനികളായ ലാവ, പാഡ്ജെറ്റ് ഇലക്ട്രോണിക്സ്, യുടിഎൽ നിയോലിങ്ക്സ്, ഒപ്റ്റിമസ് ഇലക്ട്രോണിക്സ് തുടങ്ങിയ കമ്പനികൾക്കും പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസന്റീവ് പ്രോഗ്രാമിന്റെ ഭാഗമാവാൻ അനുമതി ലഭിച്ചിട്ടുണ്ട്.
Content Highlights:16 companies gets nod for 10.5 trillion India manufacturing plan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..