വ്യക്തിവിവരങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ടിക്ടോക്കിനെതിരെ കേസ് നല്‍കി 12 വയസുകാരി. സ്വകാര്യതയുമായി ബന്ധപ്പെട്ട പരാതിയായതിനാല്‍ തന്നെ കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ വിവരങ്ങള്‍ അജ്ഞാതമാക്കിവെക്കാന്‍ കോടതി അനുവദിച്ചു. കുട്ടിയ്ക്ക് വേണ്ടി ഇംഗ്ലണ്ടിലെ ചില്‍ഡ്രന്‍സ് കമ്മീഷണറാവും കോടതിയില്‍ ഹാജരാവുക. 

ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക്ടോക്ക് ഇതിനോടകം തന്നെ വിവിധ രാജ്യങ്ങളില്‍ വിവിധ കാരണങ്ങളാല്‍ നിയമനടപടി നേരിടുന്നുണ്ട്. 

ടിക്ടോക്ക് ഉപഭോക്തൃവിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതികള്‍ പരിശോധിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞിരുന്നു.

താന്‍ ഉള്‍പ്പടെയുള്ള ഉപയോക്താക്കളുടെ സ്വകാര്യത അവകാശങ്ങള്‍ ടിക്ടോക്കില്‍ ലംഘിക്കപ്പെട്ടുവെന്നും പരിഹാരം കാണണമെന്നുമാണ് കുട്ടിയുടെ ആവശ്യമെന്ന്‌ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

എന്നാല്‍, ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും കമ്പനി ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെന്നാണ് ടിക്ടോക്ക് ആവര്‍ത്തിച്ചു പറയുന്നത്. പ്രത്യേകിച്ചും തങ്ങളുടെ യുവാക്കളായ ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി ശക്തമായ നയങ്ങളും നടപടികളും സാങ്കേതികവിദ്യകളും തങ്ങള്‍ക്കുണ്ടെന്നും ടിക്ടോക്ക് പ്രസ്താവനയില്‍ പറഞ്ഞു.

Content Highlights: 12 year old girl sued tiktok over privacy infringement