ന്യൂഡല്‍ഹി: ഇന്ത്യ നടത്തിയ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം അപകടകരമായ സാഹചര്യം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന നാസയുടെ ആശങ്ക അസ്ഥാനത്താണെന്ന് ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡിവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) അറിയിച്ചു. ചൈന നടത്തിയ രണ്ട് പരീക്ഷങ്ങളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ബഹിരാകാശത്ത് തന്നെയുണ്ടെന്നും എന്നാല്‍ ഇന്ത്യയുടെ പരീക്ഷണാവശിഷ്ടങ്ങള്‍ ബഹിരാകാശത്ത് നിന്ന് 45 ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുമെന്നും ഡിആര്‍ഡിഒ വക്താവ് പറഞ്ഞു.
ഇന്ത്യ നടത്തിയ മിസൈല്‍ പരീക്ഷണത്തിന്റെ അനന്തരഫലമായി ബഹിരാകാശത്ത് ചിതറിത്തെറിച്ച അവശിഷ്ടങ്ങള്‍ ഭാവിയില്‍ നിരവധി ഭീഷണി ഉയര്‍ത്തുമെന്ന് നാസയുടെ തലവന്‍ ജിം ബ്രൈറ്റ്‌സ്റ്റൈന്‍ ചൊവ്വാഴ്ച പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യ പരീക്ഷണം നടത്തിയത് സമുദ്രനിരപ്പില്‍ നിന്ന് 180 മൈല്‍(300 കി മി)ഉയരത്തിലാണെന്നും അതിനാല്‍ ഉപഗ്രഹങ്ങളുടേയോ ബഹിരാകാശവാഹനങ്ങളുടേയോ സഞ്ചാരപഥത്തിലെത്താനുള്ള സാധ്യത വളരെ കുറവാണെന്ന് ഡിആര്‍ഡിഒ അറിയിച്ചു.
പരീക്ഷണത്തിന്റെ ഫലമായി ഉപഗ്രഹം 400 കഷണങ്ങളായി ചിതറിത്തെറിച്ചിരുന്നു. ഇതില്‍ വലിയ 60 കഷണങ്ങള്‍ മാത്രമാണ് കണ്ടെത്തിയതെന്നും ബാക്കിയുള്ളവ ഭീഷണിയുയര്‍ത്തി ബഹിരാകാശത്ത് തന്നെ തുടരുന്നുന്നെന്നും ബ്രൈറ്റ് സ്‌റ്റൈന്‍ പറഞ്ഞിരുന്നു. ചെറുകഷണങ്ങള്‍ കണ്ടെത്താന്‍ പ്രയാസമാണെന്നും ബ്രൈറ്റ് സ്റ്റൈന്‍ അഭിപ്രായപ്പെട്ടിരുന്നു.
10 സെന്റിമീറ്ററില്‍ അധികം വലിപ്പമുള്ള 23,000 ഓളം വസ്തുക്കള്‍ ബഹിരാകാശത്ത് ഒഴുകിനടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പതിനായിരത്തോളം എണ്ണം ബഹിരാകാശത്തെ അന്യവസ്തുക്കളാണ്. 2007ല്‍ ചൈന നടത്തിയ ഉപഗ്രഹ വേധ മിസൈൽ പരീക്ഷണത്തില്‍ രൂപപ്പട്ടതാണ് 3000 വസ്തുക്കള്‍.
Content Highlights: NASA, DRDO, ISS, Satellite Destruction