കരാര്‍ ലംഘനത്തിന്റെ പേരില്‍ യാഹൂ കമ്പനിയോട് 270 കോടി ഡോളര്‍ (ഏതാണ്ട് 15000 കോടി രൂപ) പിഴ നല്‍കാന്‍ മെക്‌സിക്കോയിലെ ഒരു കോടതി ഉത്തരവിട്ടു. യെല്ലോ പേജ് ലിസ്റ്റിങ് സര്‍വീസുമായി ബന്ധപ്പെട്ട് യാഹൂ കരാര്‍ലംഘനം നടത്തിയെന്നാണ് കോടതി കണ്ടെത്തിയത്.

എന്നാല്‍, തെറ്റായ അവകാശവാദത്തിന്റെ പേരിലുള്ളതാണ് കോടതി വിധിയെന്നും, അതിനെതിരെ അപ്പീലിന് പോകുമെന്നും യാഹൂ അറിയിച്ചു.

വേള്‍ഡ്‌വൈഡ് ഡയറക്ടറീസ് എസ്.എ.ഡി സി.എ., ഐഡിയാസ് ഇന്ററാക്ടീവ്‌സ് എസ്.എ.ഡി സി.വി. എന്നീ ഡയറക്ടറി സര്‍വീസുകളാണ് കോടതിയെ സമീപിച്ചത്.

യെല്ലോപേജ് ലിസ്റ്റിങ് സര്‍വീസുകളുടെ കാര്യത്തില്‍ കരാര്‍ ലംഘനം നടന്നതായും, തങ്ങള്‍ക്ക് അതുകൊണ്ട് വന്‍നഷ്ടം ഉണ്ടായെന്നും കമ്പനികള്‍ ആരോപിച്ചു. മെക്‌സിക്കോ സിറ്റി ഫെഡറല്‍ ഡ്‌സ്ട്രിക്ടിലെ 49-ാം സിവില്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് യാഹൂവിന്റെ ഓഹരിമൂല്യം 1.4 ശതമാനം താണു.