മൊബൈല്‍, ടാബ്‌ലറ്റ് രംഗങ്ങളില്‍നിന്ന് പേറ്റന്റ് തര്‍ക്കങ്ങള്‍ സോഷ്യല്‍ മീഡിയ രംഗത്തേക്കും വ്യാപിക്കുന്നു.....10 പേറ്റന്റുകളുടെ പേരിലാണ് യാഹൂ ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്
പേറ്റന്റ് പ്രശ്‌നത്തിന്റെ പേരില്‍ പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കമ്പനിയായ ഫെയ്‌സ്ബുക്കിനെതിരെ യാഹൂ കോടതിയെ സമീപിച്ചു. വെബ്ബിലെ പരസ്യസങ്കേതങ്ങളുമായി ബന്ധപ്പെട്ട തങ്ങളുടെ 10 പേറ്റന്റുകള്‍ ഫെയ്‌സ്ബുക്ക് ലംഘിക്കുന്നുവെന്നാതാണ് യാഹൂവിന്റെ ആരോപണം. സോഷ്യല്‍ മീഡിയ രംഗത്തെ കമ്പനികള്‍ക്കിടയില്‍ ആദ്യമായാണ് ഇത്തരമൊരു വലിയ നിയമപോരാട്ടത്തിന് അരങ്ങൊരുങ്ങുന്നത്.

സാന്‍ ഹൊസെയിലെ കാലിഫോര്‍ണിയ ഫെഡറല്‍ കോടതിയിലാണ് യാഹൂ തിങ്കളാഴ്ച കേസ് ഫയല്‍ ചെയ്തത്. സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലറ്റ് രംഗങ്ങളില്‍ ആപ്പിളും മൈക്രോസോഫ്ടും മൊട്ടറോള മൊബിലിറ്റുയുമുള്‍പ്പെട്ട പേറ്റന്റ് യുദ്ധക്കളത്തിലേക്ക് ഇപ്പോള്‍ ഫെയ്‌സ്ബുക്കും യാഹൂവും എത്തുകയാണ്.

ഒരു പബ്ലിക്ക് ലിമിറ്റഡ് കമ്പനിയായി ഫെയ്‌സ്ബുക്ക് പരിണമിക്കുന്ന വേളയിലാണ്, നിയമനടപടിയുമായി യാഹൂ രംഗത്തെത്തിയിരിക്കുന്നത് എന്നകാര്യം ശ്രദ്ധേയം. മാധ്യമങ്ങളിലൂടെയാണ് ഈ കേസിന്റെ കാര്യം തങ്ങള്‍ അറിഞ്ഞതെന്ന് ഫെയ്‌സ്ബുക്ക് വക്താവ് ജോനാതന്‍ ഥാ അറിയിച്ചു.

'ദീര്‍ഘകാലമായി ഫെയ്‌സ്ബുക്കിന്റെ ബിസിനസ് പങ്കാളിയും, ആ പങ്കാളിത്തത്തിലൂടെ കാര്യമായ നേട്ടമുണ്ടാക്കുകയും ചെയ്ത യാഹൂവിനെപ്പോലൊരു കമ്പനി ഇത്തരമൊരു നിയമനടപടിയില്‍ അഭയംതേടാന്‍ തീരുമാനച്ചതില്‍ ഞങ്ങള്‍ നിരാശരാണ്'-അദ്ദേഹം പറഞ്ഞു.

കേസില്‍ വിജയിക്കാനാകുമെന്ന് തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന് ഒരു ഈമെയില്‍ പ്രസ്താവനയില്‍ യാഹൂ പറഞ്ഞു.

പരസ്യങ്ങള്‍, സ്വകാര്യതാനിയന്ത്രണ സംവിധാനം, ന്യൂസ് ഫീഡ്, സന്ദേശ സംവിധാനം എന്നിങ്ങനെ ഒട്ടേറെ സാങ്കേതിക സംഗതികളില്‍ ഫെയ്‌സ്ബുക്ക് തങ്ങളുടെ പേറ്റന്റ് ലംഘിക്കുന്നതായി കഴിഞ്ഞ ഫിബ്രവരി അവസാനം യാഹൂ ആരോപിച്ചിരുന്നു.

കോടതിയിലെത്താതെ പരസ്പരം ചര്‍ച്ചചെയ്ത് പ്രശ്‌നം പരിഹരിക്കാനുള്ള നീക്കത്തിലാണ് ഇരുകമ്പനികളുമെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. യാഹൂവിന്റെ ഇരുപതോളം പേറ്റന്റുകള്‍ സംബന്ധിച്ച ചര്‍ച്ച ഇരുകമ്പനികളുടെയും പ്രതിനിധികള്‍ നടത്തി എന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍, ഇരുകമ്പനികളും നടത്തിയ ചര്‍ച്ചകള്‍ ഫലവത്തായില്ല എന്നാണ് യാഹൂവിന്റെ ഇപ്പോഴത്തെ നീക്കം വ്യക്തമാക്കുന്നത്. തങ്ങള്‍ക്ക് പേറ്റന്റുള്ള സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതിന് ഫെയ്‌സ്ബുക്ക് ലൈസന്‍സ് ഫീസ് നല്‍കണമെന്നായിരുന്നു യാഹൂവിന്റെ ആവശ്യം.