വാന്‍കുവര്‍: ഇന്‍റര്‍നെറ്റ് വ്യാപാരത്തിനുള്ള ഡിജിറ്റല്‍ കറന്‍സിയായ 'ബിറ്റ്‌കോയിന്‍', സാധാരണ കറന്‍സിയാക്കി മാറ്റുന്നതിനുള്ള ആദ്യ എ.ടി.എം. തുടങ്ങി. പശ്ചിമ കനഡയിലെ വാന്‍കുവറിലുള്ള കോഫി ഷോപ്പിലാണ് ബിറ്റ്‌കോയിന്‍ എ.ടി.എം. തുടങ്ങിയത്.

എ.ടി.എം. ഉപയോഗിച്ച് ബിറ്റ്‌കോയിന്‍ കനേഡിയന്‍ ഡോളര്‍ ആക്കി മാറ്റാനും കനേഡിയന്‍ ഡോളര്‍ ബിറ്റ്‌കോയിന്‍ ആക്കാനും കഴിയും. അമേരിക്കന്‍ കമ്പനിയായ 'റോബോകോയിന്‍ ' ( Robocoin ) ആണ് എ.ടി.എം. നിര്‍മിച്ചത്.

ബിറ്റ്‌കോയിന്‍ ഉപയോഗിച്ചുള്ള പണമിടപാടിനും വ്യപാരത്തിനും പേരുകേട്ട നഗരമാണ് വാന്‍കുവര്‍. ഇവിടെ പതിനഞ്ചോളം വന്‍കിട സ്ഥാപനങ്ങള്‍ ബിറ്റ്‌കോയിന്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ അംഗീകരിക്കുന്നു.

2008 ല്‍ സതോഷി നകാമോട്ടോ എന്ന വ്യാജപ്പേരില്‍ ഒരു അജ്ഞാതനാണ് ബിറ്റ്‌കോയിന്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്.


രജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ക്ക് ബിറ്റ്‌കോയിന്‍ വിലാസം ഉപയോഗിച്ച് ഓണ്‍ലൈന്‍ ആയി സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും കഴിയുമെന്നാണ് ഇതിന്റെ പ്രത്യേകത.

എക്‌സ്‌ചേഞ്ച് കമ്പനികളെ ഉപയോഗിച്ചാണ് കറന്‍സികള്‍ ബിറ്റ്‌കോയിന്‍ ആക്കുന്നത്. ഒരു ബിറ്റ്‌കോയിന് 200 ഡോളര്‍ (12000 രൂപ) ആണ് ഇപ്പോഴത്തെ മൂല്യം.

ഭരണകൂടത്തിന്റെ നിയന്ത്രണമില്ലാത്തവയായതിനാല്‍ ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ കള്ളപ്പണമടക്കമുള്ള അനധികൃത കൈമാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നുവെന്നും ആക്ഷേപമുണ്ട്.


കാണുക : ബിറ്റ്‌കോയിന്‍സ് - കറന്‍സിയുടെ ഡിജിറ്റല്‍ അവതാരം