മുങ്ങുന്ന കപ്പലായ യാഹൂവിനെ കരകയറ്റാനുള്ള ഉത്തരവാദിത്വം ഇനി ഗൂഗിളിന്റെ എക്‌സിക്യൂട്ടീവായ മരിസ മേയര്‍ക്ക്. കമ്പനിയുടെ പുതിയ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ (സി.ഇ.ഒ) ആയി മേയര്‍ നിയമിക്കപ്പെട്ടു.

ആക്ടിങ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ റോസ് ലിവിന്‍സോന് പകരം മേയറെ നിയമിക്കാന്‍ യാഹൂ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. ജൂണ്‍ പകുതിയിലാണ് യാഹൂവിന്റെ ബോര്‍ഡ് ഇക്കാര്യത്തിന് മെയറെ സമീപിച്ചതെന്നും, അപ്പോള്‍ തന്നെ അവര്‍ സ്ഥാനം സ്വീകരിക്കാന്‍ സമ്മതിച്ചിരുന്നതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഓണ്‍ലൈന്‍ ഉള്ളടക്കം വര്‍ധിപ്പിക്കുന്ന ഏര്‍പ്പാടില്‍ നിന്ന്, വെബ്ബ് ടെക്‌നോളജിയിലേക്ക് യാഹൂവിന്റെ ശ്രദ്ധ തിരിയാന്‍ പോകുന്നു എന്നതിന്റെ സൂചനയായി മേയറുടെ നിയമനം വിലയിരുത്താം.

ഉപഭോക്താക്കളാണ് തന്റെ മുന്നിലുള്ളതെന്നും, അവര്‍ക്ക് വേണ്ടിയുള്ള സങ്കേതങ്ങള്‍ വികസിപ്പിക്കുന്നതിലാകും തന്റെ ശ്രദ്ധയെന്നും, പുതിയ പദവിയില്‍ നിയമിക്കപ്പെട്ടപ്പോള്‍ മേയര്‍ പറഞ്ഞു.

താന്‍ ഗര്‍ഭിണിയാണെന്നും തന്റെ ആദ്യ കുഞ്ഞ് ആണ്‍കുട്ടിയാണെന്നും, യാഹൂ മേധാവിയായി നിയമിക്കപ്പെട്ട വാര്‍ത്ത പുറത്തുവന്ന ശേഷം മേയര്‍ ട്വീറ്റ് ചെയ്തു.

1999 ല്‍ ഗൂഗിളിലെ ഇരുപതാമത്തെ എംപ്ലോയിയായി ചേര്‍ന്ന മേയര്‍, ഗൂഗിളിലെ ആദ്യ വനിതാ എന്‍ജിനിയറാണ്. സെര്‍ച്ച് എന്‍ജിന്‍ ബിസിനസ് രംഗത്ത് ഗൂഗിള്‍ നേടിയ തിളക്കമാര്‍ന്ന വിജയത്തിന്റെ ശില്പിക്കളിലൊരാള്‍ കൂടിയാണ് 37 കാരിയായ മേയര്‍.

സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളായിരുന്ന സെര്‍ജി ബ്രിന്‍, ലാറി പേജ് എന്നിവര്‍ ചേര്‍ന്ന് ഗൂഗിള്‍ സ്ഥാപിച്ച് ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍, സ്റ്റാന്‍ഫഡില്‍ നിന്നുതന്നെ ബിരുദം നേടിയ മേയര്‍ അവര്‍ക്കൊപ്പം ചേരുകയായിരുന്നു. ഗൂഗിളിന്റെ പ്രോഡക്ട് മാനേജര്‍ എന്നനിലയ്ക്ക് തിളങ്ങിയ മേയറെ 'ഗൂഗിളിന്റെ പ്രഥമവനിത'യെന്ന് വിശേഷിപ്പിക്കാറുണ്ട്.

ഗൂഗിള്‍ 2002 ല്‍ 'ഗൂഗിള്‍ ന്യൂസ്' സര്‍വീസ് ആരംഭിച്ചപ്പോള്‍, മേയര്‍ ഫലത്തില്‍ കമ്പനിയുടെ വക്താവായി മാറി. ഗൂഗിളിന്റെ ശബ്ദമായി പലരും തിരിച്ചറിഞ്ഞിരുന്നത് അവരുടെ വാക്കുകളാണ്. ഗൂഗിള്‍ മാപ്‌സ്, ലോക്കല്‍ സെര്‍ച്ച്, ഗൂഗിള്‍ എര്‍ത്ത്, സ്ട്രീറ്റ് വ്യൂ എന്നീ ഗൂഗിള്‍ സര്‍വീസുകളെ ഇന്നത്തെ നിലയ്ക്ക് വിജയമാക്കിയതില്‍ മേയറുടെ നേതൃത്വമാണുണ്ടായിരുന്നത്.

എന്നാല്‍, സമീപകാലത്ത് ഗൂഗിളില്‍ മേയറുടെ സ്ഥാനത്തിന് കോട്ടംവന്നു. കമ്പനിയുടെ പുതിയ മേധാവിയായി ലാറി പേജ് സ്ഥാനമേറ്റ ശേഷം, സി.ഇ.ഒ.യോട് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യേണ്ട ഉന്നത എക്‌സിക്യുട്ടീവുകളുടെ കൂട്ടത്തില്‍നിന്ന് മേയറെ ഒഴിവാക്കി.

മേയറെ സി.ഇ.ഒ.ആയി റിക്രൂട്ട് ചെയ്യാന്‍ കഴിഞ്ഞത് യാഹൂവിന്റെ 'യഥാര്‍ഥ വിജയ'മാണെന്ന് ഗൂഗിള്‍ ചെയര്‍മാന്‍ എറിക് ഷിമിഡ്ത് പ്രതികരിച്ചു. എന്നാല്‍, ഗൂഗിളില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടതിനാലാണ് മേയര്‍ പോയതെന്ന വാദം ഷിമിഡ്ത് നിരസിച്ചു. മേയര്‍ പോയത് ഗൂഗിളിന് നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

യാഹൂവിനെ സംബന്ധിച്ച് സംഘര്‍ഷഭരിതമായ ഒരു സമയത്താണ് മേയര്‍ അതിന്റെ മേധാവിയായി നിയമിക്കപ്പെട്ടിരിക്കുന്നത്. ആറുമാസം കമ്പനിയെ നയിച്ച സി.ഇ.ഒ. സ്‌കോട്ട് തോംപ്‌സണ്‍ മെയിലാണ് സ്ഥാനമൊഴിഞ്ഞത്. അക്കാദമിക് യോഗ്യതകള്‍ സംബന്ധിച്ച വിവാദമായിരുന്നു രാജിക്ക് കാരണം.

അതിന് ശേഷമായിരുന്നു ലിവിന്‍സോന്‍ ആക്ടിങ് സി.ഇ.ഒ. ആയി ചുമതലയേറ്റത്. യാഹൂവിന്റെ ഓണ്‍ലൈന്‍ ഉള്ളടക്കം മെച്ചപ്പെടുത്താനായി മാധ്യമപങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ലിവിന്‍സോന്‍ തുടരുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

ആ പ്രതീക്ഷ അസ്ഥാനക്കാക്കിക്കൊണ്ടാണ് മേയറെ യാഹൂ മേധാവിയായി നിയമിച്ചിരിക്കുന്നത്. മാധ്യമ കമ്പനിയെന്ന നിലയ്ക്കും, ടെക് കമ്പനിയെന്ന നിലയ്ക്കും യാഹൂവിന് പ്രാഗത്ഭ്യം തെളിയിക്കാനാകുമെന്ന് മേയര്‍ പറഞ്ഞു.

ഒരുകാലത്ത് ഇന്റര്‍നെറ്റ് കമ്പനികള്‍ക്കിടയില്‍ ഏറ്റവും തലയെടുപ്പുണ്ടായിരുന്ന യാഹൂ, ഗൂഗിളിന്റെയും മറ്റ് കമ്പനികളുടെയും മുന്നില്‍ നിഷ്പ്രഭമാകുന്ന കാഴ്ച്ചയാണ് സമീപവര്‍ഷങ്ങളില്‍ കണ്ടത്. യാഹൂവിന്റെ യൂസര്‍ അടിത്തറ തന്നെ കാര്യമായി ശോഷിച്ചു. വരുമാനത്തില്‍ വന്‍ ഇടിവുണ്ടായി.

അങ്ങനെ യാഹൂ വന്‍പ്രതിസന്ധി നേരിടുന്ന സമയത്താണ് മേയറിന്റെ നിയമനം.