ബ്രിട്ടനില്‍ ലെയ്‌സസ്റ്ററിലെ കാര്‍പാര്‍ക്കിനടിയില്‍ കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ അസ്ഥികൂടം റിച്ചാര്‍ഡ് മൂന്നാമന്‍ രാജാവിന്റേതാണെന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചു. ഡി.എന്‍.എ.സങ്കേതമുപയോഗിച്ച് നടത്തിയ വിശകലനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

റിച്ചാര്‍ഡ് മൂന്നാമനെ സംസ്‌ക്കരിച്ചത് എവിടെയെന്ന 500 വര്‍ഷം പഴക്കമുള്ള ദുരൂഹതയ്ക്കാണ് ഇതോടെ തിരശ്ശീല വീഴുന്നത്. മധ്യ ഇംഗ്ലണ്ടില്‍ ബോസ്‌വര്‍ത്ത് ഫീല്‍ഡില്‍ 1485 ല്‍ നടന്ന പോരാട്ടത്തില്‍, പിന്‍ഗാമിയായ ഹെന്‍ട്രി ട്യൂഡര്‍ ആണ് റിച്ചാര്‍ഡ് മൂന്നാമനെ വധിച്ചത്.

ഒരു നിഷ്ഠൂ സേച്ഛാധിപതിയായി ഷേക്‌സ്പിയര്‍ ചിത്രീകരിച്ചിട്ടുള്ള റിച്ചാര്‍ഡ് മൂന്നാമന്റെ ശരീരം എവിടെയാണ് അടക്കം ചെയ്തതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ലെയ്‌സസ്റ്റര്‍ സര്‍വകലാശാലയിലെ ചരിത്രകാരന്‍മാരും പുരാവസ്തു ഗവേഷകരുമാണ് ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കിയിരിക്കുന്നത്.കാര്‍പാര്‍ക്കില്‍ നടന്ന ഉത്ഖനനത്തില്‍ 2012 സപ്തംബറില്‍ കണ്ടെത്തിയ അസ്ഥികൂടം റിച്ചാര്‍ഡ് മൂന്നാമന്റേതാണെന്ന്, പഠനപദ്ധതിക്ക് നേതൃത്വം നല്‍കിയ റിച്ചോര്‍ഡ് ബക്ക്‌ലി പ്രഖ്യാപിച്ചു.

റിച്ചാര്‍ഡ് മൂന്നാമന്റെ സഹദേരി ആനിയുടെ നേര്‍ പിന്‍ഗാമിയെന്ന് കരുതുന്ന ലണ്ടനിലെ ഫര്‍ണിച്ചര്‍ നിര്‍മാതാവാണ് മൈക്കല്‍ ഇബ്‌സണ്‍. കനേഡിയന്‍ വംശജനായ ഇബ്‌സന്റെ ഡി.എന്‍.എ.യും, കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ അവശിഷ്ടങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഡി.എന്‍.എ.യും തമ്മിലുള്ള താരതമ്യമാണ് ഇത്തരമൊരു നിഗമനത്തിലേക്ക് ഗവേഷകരെ നയിച്ചത്.

റിച്ചാര്‍ഡ് മൂന്നാമന് പോരാട്ടത്തിലേറ്റ പരിക്കുകളുടെ ബാക്കിയും അസ്ഥികൂടത്തില്‍ ഗവേഷകര്‍ കണ്ടു. അസ്ഥികൂടത്തില്‍ പത്ത് പരിക്കുകള്‍ കാണപ്പെട്ടതായാണ് അവരുടെ വെളിപ്പെടുത്തല്‍. 1485 ല്‍ മരിക്കുമ്പോള്‍ റിച്ചാര്‍ഡിന്റെ പ്രായം 32 വയസായിരുന്നു.

അവശിഷ്ടം റിച്ചാര്‍ഡ് മൂന്നാമന്റേതാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍, അത് ലെയ്‌സസ്റ്റര്‍ കത്തീഡ്രലില്‍ വീണ്ടും സംസ്‌ക്കരിക്കും. പുനര്‍ സംസ്‌ക്കാരത്തിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല.