നാസയുടെ പുതിയ ചൊവ്വ പര്യവേക്ഷണ സ്‌പേസ്‌ക്രാഫ്റ്റായ ഓറിയോണ്‍ വഴി ചൊവ്വയിലേക്ക് നമ്മുടെ പേര് അയയ്ക്കാം. അമേരിക്കന്‍ സ്‌പേസ് ഏജന്‍സിയായ നാസയുടെ വെബ് സൈറ്റ് വഴി ഒക്‌ടോബര്‍ 31 വരെ പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ഇതിന് അവസരം. രജിസ്റ്റര്‍ ചെയ്യുന്നവരുടെ പേര് ഒരു മൈക്രോചിപ്പിലാക്കിയായിരിക്കും ചൊവ്വയിലേക്ക് അയയ്ക്കുക. ജേര്‍ണി ടു മാര്‍സ് (#JourneyToMars) എന്നാണ് പദ്ധതിയുടെ പേര്.

ഇതുവരെ 9.7 ലക്ഷത്തിലേറെ പേര്‍ നാസയുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇതില്‍ 1.31 ലക്ഷം പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. അമേരിക്കയ്ക്കു പിന്നില്‍ (2.90 ലക്ഷം) രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 93,000-ത്തിലേറെ പേരുമായി ബ്രിട്ടനാണ് മൂന്നാം സ്ഥാനത്ത്. ഫിലിപ്പീന്‍സ്, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

പേരും പോസ്റ്റല്‍ കോഡും ഈമെയില്‍ വിലാസവും നല്‍കി ഏതു രാജ്യത്തു നിന്നുള്ളവര്‍ക്കും ചൊവ്വയിലേക്ക് പേര് അയയ്ക്കാം.

പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ സൈറ്റില്‍ നിന്ന് ഒരു ഡിജിറ്റല്‍ ബോര്‍ഡിങ് പാസ് ലഭിക്കും. രജിസ്റ്റര്‍ ചെയ്തയാളുടെ പേരും പാസ് നമ്പറും ഇതില്‍ രേഖപ്പെടുത്തിയിരിക്കും. ഡിസംബര്‍ നാലിനാണ് ഓറിയോണ്‍ ചൊവ്വയിലേക്ക് പുറപ്പെടുക.

നാണയ വലുപ്പത്തിലുള്ള ചിപ്പിലാകും പേരുകള്‍ സംഭരിച്ച് ചൊവ്വയിലേക്ക് അയയ്ക്കുന്നത്. ഭാവിയില്‍ തങ്ങള്‍ ചൊവ്വയിലേക്ക് അയയ്ക്കുന്ന എയര്‍ക്രാഫ്റ്റുകളിലും ഈ പേരുകള്‍ അടങ്ങിയ ചിപ്പ് ഉള്‍പ്പെടുത്തുമെന്ന് നാസ അറിയിച്ചിട്ടുണ്ട്.