വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ വമ്പന്‍ ഇ-ലൈബ്രറി ഒരുക്കുന്നു. ക്ലാസ്സ് മുറികളില്‍ വൈഫൈ ലഭ്യമാക്കി ആവശ്യമായ പുസ്തകങ്ങളും മറ്റു പഠനോപാധികളും വിദ്യാര്‍ത്ഥികളിലേക്ക് നേരിട്ട് എത്തിക്കാനാണ് മാനവ ശേഷി വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്.

'സ്വയം' എന്ന പേരില്‍ മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകളും (MOOC- Massive open online course) മന്ത്രാലയം ആരംഭിക്കുന്നുണ്ട്. ഇതിനായുള്ള ജോലികള്‍ പുരോഗമിക്കുകയാണെന്നും മാനവ ശേഷി വികസന മന്ത്രാലയം ഉപദേഷ്ടാവ് അമിത ശര്‍മ പറഞ്ഞു. ഇ-ലൈബ്രറിയ്ക്കും വൈഫൈ കണക്ടിവിറ്റിയ്ക്കുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും അവര്‍ അറിയിച്ചു.

ഓണ്‍ലൈന്‍ കോഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ലോകത്തെ വമ്പന്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ എഡെക്‌സുമായി (Edex) ബോംബെ ഐഐടി കരാര്‍ ഒപ്പിട്ടു കഴിഞ്ഞതായും അമിത ശര്‍മ വ്യക്തമാക്കി. ഇന്തോ-യുഎസ് ടെക്‌നോളജി സമ്മിറ്റില്‍ സംസാരിക്കവെയാണ് അമിത ഇക്കാരയങ്ങള്‍ വെളിപ്പെടുത്തിയത്.

സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉന്നത വിദ്യാഭ്യാസം 'നോളജ് എക്കണോമി' എന്ന ലക്ഷ്യത്തെ യാഥാര്‍ത്ഥ്യമാക്കുമെന്ന് ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ ആര്‍ ചിദംബരം പറഞ്ഞു. നാളെയുടെ പഠനോപാധിയായി അറിയപ്പെടുന്ന സംവിധാനമാണ് മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍.