സ്മാര്‍ട്‌ഫോണ്‍ യുഗത്തില്‍ വാട്‌സ്ആപ് ഉപയോഗിക്കാത്തവര്‍ കുറവായിരിക്കും. അയച്ച സന്ദേശങ്ങള്‍ കിട്ടിയോ എന്നറിയാനുള്ള മാര്‍ഗ്ഗം തേടി നടന്നവര്‍ അതില്‍ ബഹുഭൂരിപക്ഷം വരും. ഒടുവില്‍ അതിനും പരിഹാരമായിരിക്കുന്നു- നീലനിറത്തിലുള്ള രണ്ട് ടിക്ക് മാര്‍ക്ക് വഴി.

അയച്ച മെസേജിന്റെ വലതുഭാഗത്ത് ആദ്യം ഒരു ടിക്കും. പിന്നെ രണ്ടു ടിക്കും കണ്ട് തെറ്റിദ്ധരിച്ചവര്‍ ഏറെയാണ്. നിലവില്‍ വാട്‌സ്ആപ്പു വഴി നമ്മള്‍ ഒരു സന്ദേശം അയച്ചാല്‍ അത് നമ്മുടെ ഗാഡ്ജറ്റില്‍ നിന്നും പുറപ്പെട്ടു എന്നു കാണിക്കാനാണ് ഒരു ടിക്ക്. സ്വീകരിക്കേണ്ടയാളുടെ ഗാഡ്ജറ്റില്‍ അത് ലഭിച്ചു കഴിഞ്ഞാല്‍ ഇത് രണ്ടു ടിക്കുകളായി മാറുന്നു. രണ്ടാമത്തെ ടിക്ക് അവിടെ മെസേജ് ലഭിച്ചു എന്നുള്ള സൂചന മാത്രമാണ് നല്‍കുന്നത്. അത് സ്വീകര്‍ത്താവ് തുറന്ന് വായിച്ചുവെന്നല്ല. ഗാഡ്ജറ്റോ ഡേറ്റാ കണക്ഷനോ ഓഫ് ആണെങ്കില്‍ അവ ഓണാക്കി സന്ദേശം സ്വീകരിക്കപ്പെട്ട ശേഷമേ ഡബിള്‍ ടിക്ക് പ്രത്യക്ഷപ്പെടൂ.

'ബ്ലൂ ടിക്ക്' എന്ന സങ്കേതമാണ് വാട്‌സ്ആപ്പ് പുതുതായി അവതരിപ്പിക്കുന്നത്. ഇനിമുതല്‍ വാട്‌സ്ആപ്പ് സന്ദേശം സ്വീകരിക്കുന്നയാള്‍ സന്ദേശം തുറന്ന് വായിച്ചു കഴിഞ്ഞാല്‍ സന്ദേശത്തിനു മുകളിലുള്ള ടിക്ക് മാര്‍ക്കുകള്‍ നീല നിറത്തിലായി മാറും. ഇതില്‍ നിന്നും സന്ദേശം അയച്ചയാള്‍ക്ക് സ്വീകര്‍ത്താവ് സന്ദേശം കണ്ടിരിക്കുന്നു എന്നു തീര്‍ച്ചപ്പെടുത്താനാകും. ഗ്രൂപ്പ് ചാറ്റിലാണെങ്കില്‍ ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും സന്ദേശം കണ്ട ശേഷമാകും ബ്ലൂ ടിക്ക് പ്രത്യക്ഷപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ വാട്‌സ്ആപ്പിന്റെ ഔദ്യോഗിക സൈറ്റില്‍

പുതിയ സങ്കേതം യാഥാര്‍ത്ഥ്യമാകുന്നതോടെ ബ്ലൂ ടിക്ക് പ്രത്യക്ഷപ്പെട്ട ശേഷം സന്ദേശം റിസീവ് ചെയ്ത സമയവും സ്വീകര്‍ത്താവ് വായിച്ച സമയവുമെല്ലാം അയച്ചയാള്‍ക്ക് അറിയാനാകും. സന്ദേശത്തിനു മേല്‍ ടാപ്പു ചെയ്ത് പിടിച്ചാല്‍ (Tap and Hold) മെസേജ് ഇന്‍ഫര്‍മേഷന്‍ സ്‌ക്രീന്‍ പ്രത്യക്ഷപ്പെടും. ഇതില്‍ സന്ദേശം സ്വീകരിക്കപ്പെട്ട സമയവും സ്വീകര്‍ത്താവ് അതു തുറന്നു വായിച്ച സമയവും വോയ്‌സ് നോട്ട് ആണെങ്കില്‍ പ്ലേ ചെയ്ത സമയവുമെല്ലാം രേഖപ്പെടുത്തിയിരിക്കും.

ആപ്ലിക്കേഷന്‍ അപ്‌ഡേറ്റു ചെയ്യാതെ തന്നെ ബ്ലൂ ടിക്ക് സങ്കേതം ലഭ്യമാകുമെന്നും അധികം വൈകാതെ ഇത് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ എങ്കിലും ഇക്കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല.

അതേസമയം ഇന്ത്യയില്‍ വാട്‌സ്ആപ്പ് സൗജന്യമായി തുടരുമെന്ന് കമ്പനി അറിയിച്ചു. ഒരു വര്‍ഷത്തെ സൗജന്യ സേവനമാണ് നിലവില്‍ വാട്‌സ്ആപ്പ് വാഗ്ദാനം ചെയ്തിരുന്നത്. പല സ്ഥലങ്ങളിലും കമ്പനി ഒരു ഡോളര്‍ ഫീസ് ഈടാക്കി തുടങ്ങിയിട്ടുണ്ട്.