സാംസങിനെതിരെ ആപ്പിള്‍, ആപ്പിളിനെതിരെ മൈക്രോസോഫ്ട്, മൈക്രോസോഫ്ടിനെതിരെ ബ്ലാക്ക്‌ബെറി നിര്‍മാതാക്കള്‍.....പേറ്റന്റിന്റെ പേരില്‍ ടെക്‌നോളജി രംഗത്ത് നടക്കുന്ന ഈ ബഹുമുഖയുദ്ധത്തില്‍ യാഹൂവും പങ്കുചേരുന്നു. ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്കിനെതിരെയാണ് യാഹൂ രംഗത്തെത്തിയിട്ടുള്ളത്.

ഫെയ്ബുക്കിലെ പരസ്യങ്ങള്‍, സ്വകാര്യതാനിയന്ത്രണ സംവിധാനം, ന്യൂസ് ഫീഡ്, സന്ദേശ സംവിധാനം -എന്നിങ്ങനെ ഒട്ടേറെ സാങ്കേതിക സംഗതികളില്‍ ഫെയ്‌സ്ബുക്ക് തങ്ങളുടെ പേറ്റന്റ് ലംഘിക്കുന്നതായി യാഹൂ ആരോപിക്കുന്നു.

കോടതിയിലെത്താതെ പരസ്പരം ചര്‍ച്ചചെയ്ത് പ്രശ്‌നം പരിഹരിക്കാനുള്ള നീക്കത്തിലാണ് ഇരുകമ്പനികളുമെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. യാഹൂവിന്റെ ഇരുപതോളം പേറ്റന്റുകള്‍ സംബന്ധിച്ച ചര്‍ച്ച ഇരുകമ്പനികളുടെയും പ്രതിനിധികള്‍ കഴിഞ്ഞ ദിവസം നടത്തി.

യാഹൂവിന്റെ പേറ്റന്റുകള്‍ ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സിന് എന്ത് നഷ്ടപരിഹാരം ഫെയ്‌സ്ബുക്ക് വാഗ്ദാനം ചെയ്തുവെന്ന് വ്യക്തമല്ല. ഫെയ്‌സ്ബുക്ക് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ യാഹൂ വെളിപ്പെടുത്തിയിട്ടില്ല.

തങ്ങളുടെ പേറ്റന്റുകള്‍ ലംഘിച്ച മറ്റ് ചില കമ്പനികള്‍ അവ ഉപയോഗിക്കാനുള്ള ലൈസന്‍സ് നേടിക്കഴിഞ്ഞതായി യാഹൂ പറഞ്ഞു. ഫെയ്‌സ്ബുക്ക് ഇക്കാര്യത്തില്‍ ലൈസന്‍സ് ഫീസ് നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ഏകപക്ഷീയമായ നിയമനടപടിക്ക് തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് യാഹൂ മുന്നറിയിപ്പ് നല്‍കി.

ഫെയ്‌സ്ബുക്കിന്റെയും യാഹൂവിന്റെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്ന കാര്യം 'ന്യൂയോര്‍ക്ക് ടൈംസ്' ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. യാഹൂ നിയമനടപടിക്ക് ഒരുങ്ങിയാല്‍, സോഷ്യല്‍ മീഡിയ രംഗത്തെ ആദ്യത്തെ വലിയ നിയമയുദ്ധമായിരിക്കുമത്.