ഔദ്യോഗിക ആശയവിനിമയത്തിനും ഫയല്‍ കൈമാറ്റത്തിനുമൊക്കെ വിദേശ സേവനദാതാക്കളുടെ ഈമെയില്‍ സംവിധാനം ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ജീമെയില്‍, യാഹൂ തുടങ്ങിയ ആഗോള സൈബര്‍ഭീമന്‍മാരെ ഉപേക്ഷിച്ച് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന്റെ (എന്‍ഐസി) ഈമെയില്‍ പ് ളാറ്റ്‌ഫോം ഉപയോഗിക്കാനാണ് നീക്കം.

ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഇതു സംബന്ധിച്ച ശുപാര്‍ശ കേന്ദ്രത്തിന് സമര്‍പ്പിച്ചു കഴിഞ്ഞു. ഈ മാസം അവസാനത്തോടെ ശുപാര്‍ശയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സുരക്ഷ സംബന്ധിച്ച പ്രശ്‌നങ്ങളാണ് കേന്ദ്രസര്‍ക്കാരിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. അടുത്തിടെ അമ്പതുലക്ഷത്തോളം ജീമെയില്‍ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക ആശയവിനിമയങ്ങളും, രഹസ്യസ്വഭാവമുള്ള ഡാറ്റയും വിദേശ സേവനങ്ങള്‍ വഴി കൈമാറുന്നത് എത്രത്തോളം സുരക്ഷിതമാണെന്ന ആശങ്കയുമുണ്ട്.

സര്‍ക്കാര്‍ ഓഫീസുകളുടെയും വകുപ്പുകളുടെയും മുഴുവന്‍ ആശയവിനിമയവും എന്‍ഐസി വഴിയാക്കുക എന്നതാണ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്ദേശിക്കുന്നത്. സൈബര്‍ സെക്യൂരിറ്റി ശക്തിപ്പെടുത്തി രാഷ്ട്രസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വകുപ്പ് പുതിയ നയം രൂപീകരിച്ചിരിക്കുന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാം ഈമെയില്‍ ഉപയോഗിക്കാനാകുന്ന രീതിയിലേക്ക് എന്‍ഐസി പ്ലാറ്റ്‌ഫോം നവീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ആറു ലക്ഷത്തോളം ജീവനക്കാര്‍ ഇതിന്റെ പരിധിയില്‍ വരുമെന്ന് കരുതപ്പെടുന്നത്.

എന്‍ഐസി നവീകരണത്തിനായി 4-5 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. എന്നാല്‍ വലിയ തോതില്‍ ഡാറ്റാ സംഭരണത്തിന് ഉതകുന്ന ക്ലൗഡ് സ്‌റ്റോറേജ് ഉള്‍പ്പെടെയുള്ള ഈമെയില്‍ സംവിധാനം ഒരുക്കാന്‍ 50 കോടി മുതല്‍ 100 കോടിവരെ നിക്ഷേപം വേണ്ടിവരും.

ഡാറ്റ സംഭരണത്തിനു പുറമെ ആവശ്യമായ ഫയലുകള്‍ വേഗത്തില്‍ തെരഞ്ഞെടുക്കാനും മറ്റു ഡിപ്പാര്‍ട്ടുകളുമായി പങ്കിടാനുമെല്ലാം ക്ലൗഡ് വഴി എളുപ്പം സാധിക്കും. ഇത് സര്‍ക്കാര്‍ സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും എന്നാണ് വിലയിരുത്തല്‍.