അപകീര്‍ത്തികരമായ ഉള്ളടക്കത്തിന്റെ പേരില്‍ ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, മൈക്രോസോഫ്ട്, യാഹൂ ഉള്‍പ്പടെയുള്ള വിദേശ ഇന്‍ര്‍നെറ്റ് കമ്പനികള്‍ക്ക് ഡെല്‍ഹി മെട്രോപൊളിറ്റന്‍ കോടതി സമന്‍സ് അയച്ചു. മാതൃസ്ഥാപനങ്ങളാണ് ഈ സൈറ്റുകളുടെ നടത്തിപ്പുകാരെന്നും, സൈറ്റുകളിലെ ഉള്ളടക്കത്തിന് തങ്ങള്‍ ഉത്തരവാദികളല്ലെന്നും ഈ കമ്പനികളുടെ ഇന്ത്യന്‍ നടത്തിപ്പുകാര്‍ കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.

വിവിധ മതവിഭാഗക്കാര്‍ക്ക് വേദനയുളവാക്കുന്ന ചിത്രങ്ങളും മറ്റ് ഉള്ളടക്കങ്ങളും ഇന്റര്‍നെറ്റ് സൈറ്റുകളില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പത്രപ്രവര്‍ത്തകനായ വിനയ് റേ ആണ് ഡെല്‍ഹി കോടതിയെ സമീപിച്ചത്. അതിനെ തുടര്‍ന്ന് ഗൂഗിള്‍, ഫെയ്‌സ്ബുക്ക് എന്നിങ്ങനെ 21 ഇന്റര്‍നെറ്റ് സൈറ്റുകള്‍ക്കെതിരെ കഴിഞ്ഞ ഡിസംബറില്‍ കോടതി നോട്ടീസ് അയയ്ക്കുകയുണ്ടായി.

അതിനെതിരെ ഈ ആഴ്ച ആദ്യം ഡെല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍, തങ്ങളല്ല ഉള്ളടക്കത്തിന് ഉത്തരവാദികളെന്ന് ഗൂഗിള്‍ ഇന്ത്യ പറഞ്ഞിരുന്നു. അമേരിക്കയിലുള്ള മാതൃകമ്പനിയാണ് വെബ്ബ്‌സൈറ്റ് നടത്തുന്നതെന്നും അപ്പീലില്‍ ഗൂഗിളിന്റെ ഇന്ത്യന്‍ വിഭാഗം ബോധിപ്പിച്ചു. ഫെയ്‌സ്ബുക്കിന്റെ ഇന്ത്യന്‍ ശാഖയും ഹൈക്കോടതിയെ സമീപിപ്പിച്ചിരുന്നു.

ഇന്റര്‍നെറ്റ് കമ്പനികളുടെ ഇന്ത്യന്‍ നടത്തിപ്പുകാര്‍ കൈയൊഴിഞ്ഞപ്പോള്‍, വിദേശമന്ത്രാലയം വഴി ആ കമ്പനികളുടെ ആസ്ഥാനങ്ങളിലേക്ക് സമന്‍സ് അയയ്ക്കാന്‍ കോടതിയില്‍ താന്‍ അപേക്ഷിക്കുകയായിരുന്നുവെന്ന് പരാതിക്കാരനായ റേ അറിയിച്ചു. പരാതിയില്‍ പറഞ്ഞിട്ടുള്ള ഇന്ത്യന്‍ ഇന്റര്‍നെറ്റ് കമ്പനികളുടെയും വിദേശ കമ്പനികളുടെയും അധികൃതരോട് മാര്‍ച്ച് 13 ന് ഹാജരാകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

കോടതിയുടെ പരിഗണനയിലുള്ള സംഗതിയായതിനാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ലെന്ന് ഗൂഗിളും യാഹൂവും പറഞ്ഞു.

മതപരമായ സ്പര്‍ധ വരുത്തുന്നതും ദേശീയോദ്ഗ്രഥനത്തെ അപകടപ്പെടുത്തുന്നതുമായ ഉള്ളടക്കവും, അപകീര്‍ത്തികരമായ ചിത്രങ്ങളും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാരും അടുത്തയിടെ ഇന്റര്‍നെറ്റ് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.

അപകീര്‍ത്തികരമായ ഉള്ളടക്കത്തിന്റെ പേരില്‍ സൈറ്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മതിയായ തെളിവുകളുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഡെല്‍ഹി മെട്രോപൊളിറ്റന്‍ കോടതിയെ 2012 ജനവരി 13 ന് അറിയിക്കുകയുണ്ടായി.