ക്രഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിക്കുമ്പോള്‍, സൈ്വപ്പിങ് മെഷീനില്‍നിന്ന് കാര്‍ഡിന്റെ വിവരങ്ങള്‍ ചോര്‍ത്തുന്ന വൈറസ് ഇന്ത്യയില്‍ പടരുന്നതായി മുന്നറിയിപ്പ്. 'ബ്രൂട്ട്‌പോസ്' ( BrutPOS ) എന്ന ദുഷ്ടപ്രോഗ്രാം ആണ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നത്.

മുംബൈയില്‍ മാത്രം 700 ലേറെ റീട്ടെയ്ല്‍ കേന്ദ്രങ്ങളില്‍ ഈ വൈറസ് ബാധയുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേന്ദ്ര ഐടി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിന് കീഴിലുള്ള 'ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം' ( CERT-In ) ആണ് ബ്രൂട്ട്‌പോസ് ദുഷ്ടപ്രോഗ്രാം (മാള്‍വെയര്‍) സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്.

സൈ്വപ്പിങ് മെഷീനുകള്‍പോലുള്ള 'പോയന്റ്-ഓഫ്-സെയ്ല്‍' ( POS ) സംവിധാനങ്ങളെ ആക്രമിക്കുന്നതിനാലാണ് ഇതിന് ബ്രൂട്ട്‌പോസ് എന്ന് പേരിട്ടിരിക്കുന്നത്. വിന്‍ഡോസ് അധിഷ്ഠിത സംവിധാനങ്ങളെയാണ് ഇത് മുഖ്യമായും ലക്ഷ്യമിടുന്നതെന്ന് സി.ഇ.ആര്‍.ടി. പറഞ്ഞു.

അപകടകാരികളായ ട്രോജന്‍/ബോട്ട്‌നെറ്റ് കുടുംബത്തില്‍പെട്ട വൈറസാണ് ബ്രൂട്ട്‌പോസ്. വൈറസ് ബാധിച്ച മെഷീനുകളില്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍, കാര്‍ഡ് ഹോള്‍ഡറിന്റെ പേര്, അക്കൗണ്ട് നമ്പര്‍, സി.വി.വി. കോഡ് തുടങ്ങിയ വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നു. മാത്രമല്ല, മെഷീനിലെ സിസ്റ്റം ഇന്‍ഫര്‍മേഷനും വൈറസ് ചോര്‍ത്തും.

കാര്‍ഡ് സംബന്ധിച്ച സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നത്, സാമ്പത്തിക തട്ടിപ്പിനുള്ള വഴി തുറക്കും.

ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ അധിഷ്ഠിതമായ പി.ഒ.എസ്.ഉപകരണങ്ങളെയാണ് ഈ ദുഷ്ടപ്രോഗ്രാം ബാധിക്കുകയെന്ന്, സിസ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ബിസിനസ് ഡെവലപ്‌മെന്റ് മേധാവി നിതിന്‍ ഭട്‌നാഗര്‍ പറഞ്ഞു. ഫോണ്‍ ലൈനുകള്‍ വഴി ബന്ധിപ്പിച്ചിട്ടുള്ള സൈ്വപ്പ് മെഷീനുകള്‍ക്ക് പേടിക്കാനില്ലെന്ന് അദ്ദേഹം അറിയിച്ചു (PTI).