ജെഫ് ബെസോസ്


വാഷിങ്ടണ്‍ : അമേരിക്കന്‍ മാധ്യമലോകത്തെ പ്രൗഢസാന്നിധ്യമായ 'വാഷിങ്ടണ്‍ പോസ്റ്റ്' പത്രം ആമസോണ്‍ ഡോട്ട് കോം സ്ഥാപകന്‍ ജെഫ് ബെസോസ് വാങ്ങുന്നു. 25 കോടി ഡോളര്‍ (1500 കോടി രൂപ) ആണ് ജെഫ് നല്‍കുക. അമേരിക്കന്‍ മാധ്യമലോകത്ത് നടുക്കമുളവാക്കിയ ഈ വിവരം തിങ്കളാഴ്ചയാണ് പുറത്തുവന്നത്.

നാലു തലമുറയായി അമേരിക്കയിലെ ഗ്രഹാം കുടുംബത്തിന്റെ വകയായിരുന്ന പത്രം ജെഫ് സ്വന്തമാക്കുന്നതിനെ, ഒരു 'യുഗത്തിന്റെ അന്ത്യം' എന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് വിശേഷിപ്പിച്ചത. തിങ്കളാഴ്ചയാണ് വില്‍പ്പന സംബന്ധിച്ച ധാരണയായതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

പത്രപ്രവര്‍ത്തനത്തിന്റെ കുലീന പാരമ്പര്യം എന്നും നിലനിര്‍ത്തിപ്പോന്ന വാഷിങ്ടണ്‍ പോസ്റ്റ്, അതിന്റെ 'വാട്ടര്‍ഗേറ്റ്' റിപ്പോര്‍ട്ടുകള്‍ വഴി ഒരു അമേരിക്കന്‍ പ്രസിഡന്റിനെ തന്നെ നിലംപൊത്തിച്ചിട്ടുണ്ട്. അതുവഴി പത്രപ്രവര്‍ത്തകരുടെ ഒരു തലമുറയ്ക്ക് തന്നെ പ്രചോദനമായി മാറിയ പത്രമാണ് വാഷിങ്ടണ്‍ പോസ്‌റ്റെന്ന് മുഖ്യ പ്രതിയോഗിയായ 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.

ഓണ്‍ലൈന്‍ റിട്ടെയ്‌ലിങിലൂടെ ആധുനിക ബിസിനസിന് പുത്തന്‍ മുഖം നല്‍കിയ കമ്പനിയാണ് ജെഫ് സ്ഥാപിച്ച ആമസോണ്‍ ഡോട്ട് കോം. എന്നാല്‍ , ആമസോണ്‍ അല്ല വാഷിങ്ടണ്‍ പോസ്റ്റിനെ സ്വന്തമാക്കുന്നത്. ജെഫ് സ്വന്തംനിലയ്ക്കാണ് കച്ചവടം ഉറപ്പിച്ചിരിക്കുന്നത്.

80 വര്‍ഷമായി ഗ്രഹാം കുടുംബത്തിന്റെ വകയായിരുന്നു വാഷിങ്ടണ്‍ പോസ്റ്റ്. 'പത്രവ്യവസായം വര്‍ഷങ്ങളായി നേരിടുന്ന വെല്ലുവിളികള്‍ക്കിടെ, മറ്റൊരാള്‍ 'പോസ്റ്റി'ന്റെ ഉടമസ്ഥത ഏല്‍ക്കാന്‍ തയ്യാറാകുമോ എന്ന് ഞങ്ങള്‍ അത്ഭുതപ്പെട്ടിരുന്നു' - പത്രത്തിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഡൊണാള്‍ഡ് ഗ്രഹാം അറിയിച്ചു.


'സാങ്കേതികരംഗത്തും ബിസിനസ് മേഖലയിലും കഴിവു തെളിയിച്ച പ്രതിഭയാണ് ജെഫ് ബെസോസ്. ദീര്‍ഘവീക്ഷണത്തോടുകൂടിയ അദ്ദേഹത്തിന്റെ സമീപനവും, വ്യക്തിപരമായ യോഗ്യതയും 'പോസ്റ്റി'ന്റെ ഒരു മികച്ച ഉടമയായിരിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കുന്നു'- ഗ്രഹാം അഭിപ്രായപ്പെട്ടു.

അടുത്ത രണ്ടുമാസത്തിനകം വില്‍പ്പനയുടെ നടപടി പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്‍ര്‍നെറ്റ് മീഡിയയുടെ വരവോടെ, അമേരിക്കയിലെ മറ്റ് പത്രങ്ങളെപ്പോലെ വാഷിങ്ടണ്‍ പോസ്റ്റിന്റെയും സര്‍ക്കുലേഷനില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ദിവസങ്ങള്‍ക്കുള്ളില്‍ അമേരിക്കയില്‍ നടക്കുന്ന രണ്ടാമത്തെ വലിയ പത്രക്കച്ചവടമാണിത്. തങ്ങളുടെ ഉടമസ്ഥതയിലുള്ള 'ബോസ്റ്റണ്‍ ഗ്ലോബ്' പത്രം ജോണ്‍ ഡബ്ല്യു.ഹെന്‍ട്രിക്ക് ഏഴ് കോടി ഡോളറിന് വിറ്റ കാര്യം ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തിയത് കഴിഞ്ഞയാഴ്ചയാണ്. 1993 ല്‍ 110 കോടി ഡോളറിന് ടൈംസ് സ്വന്തമാക്കിയ പത്രമാണ്, ഇത്രയും ചെറിയ തുകയ്ക്ക് ഇപ്പോള്‍ കച്ചവടമാക്കിയത്.