എട്ടാംക്ലാസ്സില്‍ പഠനം നിര്‍ത്തി. പിന്നെ സൈബര്‍സുരക്ഷാ സേവനം നല്‍കുന്ന കമ്പനി തുടങ്ങി. അച്ഛന്റെ നിര്‍ബന്ധത്താല്‍ ഓപ്പണ്‍ സ്‌കൂള്‍വഴി പന്ത്രണ്ടാംക്ലാസ് പൂര്‍ത്തിയാക്കി. വിദ്യാഭ്യാസം ഇത്രമാത്രം. ഇപ്പോള്‍ ഇന്ത്യയിലെ പ്രമുഖ സൈബര്‍സുരക്ഷാ വിദഗ്ധരിലൊരാളാണ് ഈ ഇരുപത്തിയൊന്നുകാരന്‍.

സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് പോലീസുകാര്‍ക്ക് ക്ലാസ്സെടുക്കും. സി.ബി.ഐ. ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളാണ്. വന്‍കമ്പനികളുടെ ഓണ്‍ലൈന്‍വിവരങ്ങള്‍ മോഷ്ടിക്കപ്പെടാതിരിക്കാന്‍ എന്തുചെയ്യണമെന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. പഞ്ചാബിലെ ലുധിയാന സ്വദേശിയായ തൃഷ്‌നീത് അറോറ ഇന്ന് ഈ രംഗത്തെ ശ്രദ്ധേയവ്യക്തിയാണ്.

ധാര്‍മിക ആവശ്യങ്ങള്‍ക്കായി കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യുന്നതില്‍ വിദഗ്ധന്‍. പഞ്ചാബ്, ഗുജറാത്ത് പോലീസ് സേനകള്‍ക്കാണ് സൈബര്‍കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇദ്ദേഹം പരിശീലനം നല്‍കുന്നത്. രണ്ടുവര്‍ഷംമുമ്പ് പഞ്ചാബ് സര്‍ക്കാര്‍ 'സംസ്ഥാനപുരസ്‌കാരം' നല്‍കി ആദരിച്ചു.

കമ്പ്യൂട്ടറുമായി ബന്ധമേയില്ലാത്ത കുടുംബമാണ് തൃഷ്‌നീതിന്റേത്. അച്ഛന്‍ സ്വകാര്യകമ്പനിയിലെ സീനിയര്‍ അക്കൗണ്ടന്റ്. അമ്മയ്ക്ക് ജോലിയില്ല. പഠനത്തില്‍ മോശമായിരുന്നു തൃഷ്‌നീത്. എട്ടാംക്ലാസോടെ സ്‌കൂള്‍ വിട്ടു. കമ്പ്യൂട്ടര്‍ രംഗത്തായിരുന്നു താത്പര്യം. സൈബര്‍ വിവരാപഹരണത്തില്‍നിന്നും ഈ മേഖലയിലെ മറ്റ് പ്രശ്‌നങ്ങളില്‍നിന്നും കോര്‍പ്പറേറ്റുകള്‍ക്ക് സുരക്ഷ നല്‍കുന്ന ടി.എ.സി. സെക്യൂരിറ്റി സൊല്യൂഷന്‍സ് എന്ന കമ്പനി 2012-ല്‍ സ്ഥാപിച്ചു. റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസ്, ഐ.സി.ഐ.സി.ഐ. ബാങ്ക് തുടങ്ങിയവയും തൃഷ്‌നീതിന്റെ സേവനം ഉപയോഗിച്ചിട്ടുണ്ട്.

'ഹാക്കിങ് ടോക് വിത്ത് തൃഷ്‌നീത് അറോറ', 'ദ ഹാക്കിങ് ഇറ' എന്നീ പുസ്തകങ്ങള്‍ രചിച്ചു. ഈ വിഷയത്തില്‍ പുസ്തകമെഴുതുന്ന ലോകത്തെ രണ്ടാമത്തെ പ്രായംകുറഞ്ഞ വ്യക്തിയാണ്. തൃഷ്‌നീതിന്റെ ക്ലാസുകള്‍ പഞ്ചാബ് പോലീസ് അക്കാദമിക്ക് വലിയ സഹായമാണെന്ന് പഞ്ചാബ് ഐ.ജിയും എ.ഡി.ജിപിയുമായ എല്‍.കെ. യാദവ് പറയുന്നു. വന്‍കമ്പനികള്‍ക്ക് പ്രത്യേക േസവനം നല്‍കുന്ന വള്‍ണറബിലിറ്റി അസ്സസ്‌മെന്റ് ആന്‍ഡ് പെനിട്രേഷന്‍ ടെസ്റ്റിങ്ങിലാണ് തൃഷ്‌നീതിന്റെ കമ്പനി ഇപ്പോള്‍ ശ്രദ്ധിക്കുന്നത്.