സെമിത്തേരിയിലെ സൈനികരുടെ സ്മാരകങ്ങള്‍


സെമിത്തേരിയില്‍ ശവക്കല്ലറകളിലെ ചതുരകോഡുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് വായിക്കുന്നത് ആലോചിച്ചുനോക്കൂ. കാനഡയിലെ ഒരു ക്രിസ്ത്യന്‍ ദേവാലയത്തിലെ സെമിത്തേരിയില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് മരിച്ച സൈനികരുടെ വിരങ്ങള്‍ ഇനി ഇത്തരത്തില്‍ വായിക്കാം.

സൈനികരുടെ വിവരങ്ങള്‍ ക്വിക്ക് റെസ്‌പോന്‍സ് കോഡുകള്‍ അഥവാ ക്യു.ആര്‍.കോഡുകളുടെ രൂപത്തില്‍ സ്മാരകങ്ങളില്‍ രേഖപ്പെടുത്തുന്ന പദ്ധതി പുരോഗമിക്കുകയാണ്. HistoryPoints.org എന്ന പദ്ധതി വഴി ഇതിനാവശ്യമായ ക്യു.ആര്‍.കോഡുകള്‍ രൂപപ്പെടുത്തി.

ബൊഡെല്‍വ്യാഡനിലെ സെന്റ് മാര്‍ഗ്രറ്റ് ദേവാലയത്തിന് സമീപത്തെ സെമിത്തേരിയിലാണ്, സൈനികരുടെ വിവരങ്ങള്‍ ക്യു.ആര്‍.കോഡുകളുടെ രൂപത്തില്‍ രേഖപ്പെടുത്തുന്നത്. എണ്‍പതിലേറെ സൈനികരെ അവിടെ അടക്കംചെയ്തിട്ടുണ്ട്.

വര്‍ഷംതോറും അവിടം സന്ദര്‍ശിക്കുന്ന ആയിരങ്ങള്‍ക്ക് ഇനി തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് ആ വിവരങ്ങള്‍ ഫോണില്‍ വായിക്കാം.

ക്യു.ആര്‍.കോഡ്‌
സാധാരണ ബാര്‍കോഡുകള്‍ നമുക്ക് പരിചിതമാണ്. കടയില്‍നിന്ന് വാങ്ങുന്ന മിക്ക ഉത്പന്നങ്ങളുടെയും കവറിന് പുറത്ത് കറുത്ത വരകളുള്ള ബാര്‍കോഡുകള്‍ ഉണ്ടാകും. എന്നാല്‍, അതില്‍നിന്ന് വ്യത്യസ്തമായി പ്രത്യേക രീതിയിലുള്ള ദ്വിമാന മാട്രിക്‌സ് ബാര്‍കോഡുകളാണ് ക്യു.ആര്‍. കോഡുകള്‍.

പരമ്പരാഗത ബാര്‍കോഡുകളേക്കാള്‍ നൂറുമടങ്ങ് വിവരങ്ങള്‍ സൂക്ഷിക്കാന്‍ ക്യു.ആര്‍. കോഡുകള്‍ക്കാകും. ക്യു.ആര്‍. റീഡര്‍ എന്ന അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഫോണുകളില്‍ അതിന്റെ ചിത്രമെടുത്താല്‍ ഉടന്‍ തന്നെ അതിലുള്ള ഡാറ്റ നമ്മുടെ ഫോണിലേക്ക് വരും.

എന്നുവെച്ചാല്‍, മാര്‍ഗ്രറ്റ് ദേവാലയം സന്ദര്‍ശിക്കുന്നവര്‍ക്ക് സെമിത്തേരിയിലെ ഓരോ ശവക്കല്ലറയിലും രേഖപ്പെടുത്തിയിരിക്കുന്നത് അവിടെനിന്ന് മിനക്കെട്ട് വായിച്ച് കഷ്ടപ്പെടേണ്ട കാര്യം ഇനിയില്ല. ശവക്കല്ലറയ്ക്ക് പുറത്തെ ക്യൂ.ആര്‍.കോഡിന്റെ ഫോട്ടോ ഫോണിലെടുത്താല്‍ മതി, വിവരങ്ങള്‍ ഫോണിലെത്തും.
സെന്റ് മാര്‍ഗ്രറ്റ് ദേവാലയവും സെമിത്തേരിയും


അവിടെ സ്ഥാപിക്കുന്ന ക്യു.ആര്‍.കോഡില്‍ നിന്ന് ഇംഗ്ലീഷിലും ഫ്രഞ്ചിലും വിവരങ്ങള്‍ അറിയാം. ഒന്നാംലോക മഹായുദ്ധകാലത്ത് എങ്ങനെ 17000 ലേറെ കനേഡിയന്‍ സൈനികര്‍ കിന്‍മെല്‍ പാര്‍ക്കിന് സമീപം ക്യാമ്പ് ചെയ്യാനിടയായെന്ന് ആ കോഡുകളിലുണ്ട്. ബൊഡെല്‍വ്യാഡനില്‍ സംസ്‌കരിച്ച സൈനികരില്‍ മിക്കവരും 1918-19 കാലത്ത് സ്പാനിഷ് ഫ് ളൂ ബാധിച്ച് മരിച്ചവരാണ്.

1918 -19 ലെ ശൈത്യകാലത്ത് എന്താണ് സംഭവിച്ചതെന്ന് ആളുകള്‍ക്ക് മനസിലാക്കാന്‍ സ്മാരകങ്ങളിലെ ക്യു.ആര്‍.കോഡുകള്‍ സഹായിക്കുമെന്ന്, പദ്ധതിയുടെ സ്ഥാപകന്‍ റോഡ്രി ക്ലാര്‍ക്ക് പറഞ്ഞു.