കീരിയും പാമ്പും സഹകരിക്കുന്നത് സങ്കല്‍പ്പിച്ചു നോക്കൂ. പരസ്പരം കടിച്ചു കീറാന്‍ നില്‍ക്കുന്ന സെര്‍ച്ച് എന്‍ജിനുകള്‍ സഹകരിച്ച് ഒരു പദ്ധതിയാരംഭിക്കുന്നതിനെ അങ്ങനെയേ കാണാനാകൂ. സെര്‍ച്ച് ബിസിനസിലെ വമ്പന്‍മാരും പ്രതിയോഗികളുമായ ഗൂഗിളും ബിങ്ങും യാഹൂവും തമ്മിലാണ് സഹകരിക്കുന്നത്. എന്തിനെന്നല്ലേ, ഏകീകൃതമായ ഒരു വെബ്ബ്‌സൈറ്റ് മാര്‍ക്കപ്പ് സ്റ്റാന്‍ഡേര്‍ഡ് രൂപപ്പെടുത്താന്‍. അതിനായി ഈ മൂന്ന് വമ്പന്‍മാരും ചേര്‍ന്ന് രൂപംനല്‍കിയിരിക്കുന്ന സംരംഭമാണ് 'സ്‌കീമ ഡോട്ട് ഒആര്‍ജി' (http://schema.org).

ഘടന, ആകൃതി, പദ്ധതി എന്നൊക്കെയാണ് സ്‌കീമ എന്ന വാക്കിനര്‍ഥം. വെബ്ബ്‌സൈറ്റുകളുടെ ഘടന സംബന്ധിച്ച മാര്‍ക്കപ്പ് ടാഗുകള്‍ക്ക് ഒരു ഏകീകൃത സ്വഭാവം കൈവരുത്താനും, അതുവഴി കൂടുതല്‍ മികച്ച സെര്‍ച്ച്ഫലങ്ങള്‍ ലഭ്യമാക്കാനുമായാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നതെന്ന്, ഗൂഗിളും ബിങ്ങും യാഹൂവും അവരവരുടെ ബ്ലോഗുകളില്‍ പറയുന്നു.

സിനിമ, സംഗീതം, ടി വി ഷോ, ഉത്പന്നങ്ങള്‍, സ്ഥാപനങ്ങള്‍, സ്ഥലങ്ങള്‍ തുടങ്ങിയ എല്ലാത്തരം വെബ്‌സൈറ്റ് ഉള്ളടക്ക ഘടകങ്ങളും മികച്ച രീതിയില്‍ സെര്‍ച്ച് എന്‍ജിനുകള്‍ക്ക് മനസിലാക്കാന്‍ പുതിയ മാര്‍ക്കപ്പ് ഏകീകരണം സഹായിക്കുമെന്നാണ് പ്രതീക്ഷ. മാത്രമല്ല, ഇത്തരം ഉള്ളടക്കഘടകങ്ങളുള്ള വെബ്ബ്‌സൈറ്റുകള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ തിരച്ചില്‍ ഫലങ്ങളില്‍ പ്രത്യക്ഷപ്പെടാനും ഇത് സഹായിക്കും. സെര്‍ച്ച് ഫലങ്ങളുടെ ഗുണമേന്‍മ വര്‍ധിക്കുമെന്ന് മാത്രമല്ല, കൂടുതല്‍ മികച്ച വിപണന സാധ്യതയും ഇത് മുന്നോട്ട് വെയ്ക്കുന്നതായി വിലയിരുത്തപ്പെടുന്നു.

വ്യത്യസ്തമായ തരത്തില്‍ മാര്‍ക്കപ്പ് ചെയ്യുന്നത് മൂലം, ഒരേ വിഷയം കൈകാര്യം ചെയ്യുന്ന വെബ്ബ്‌സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ ചിതറിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ പുതിയ സംരംഭം സഹായിക്കും. ഒരു ഏകീകൃത മാര്‍ക്കപ്പ് ടാഗിങ് യാഥാര്‍ഥ്യമാകുന്നതോടെ, അത്തരം സൈറ്റുകള്‍ അടുക്കിപ്പെറുക്കി വെക്കാനും തിരയുന്നയാള്‍ക്ക് ഒറ്റ സെര്‍ച്ചില്‍ തന്നെ സമാന ഉള്ളടക്കമുള്ള എല്ലാ സൈറ്റുകളും ലഭ്യമാക്കാനുമുള്ള ശ്രമമാണ് സ്‌കീമ എന്ന് പറയാം.

ഈ മൂന്ന് സെര്‍ച്ച് എന്‍ജിനുകള്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന മാര്‍ക്കപ്പ് ടാഗുകളും, അവ എങ്ങനെ ഉപയോഗിക്കണം എന്ന് വെബ്ബ് നിര്‍മാതാക്കള്‍ക്കുള്ള നിര്‍ദേശങ്ങളുമാണ് സ്‌കീമ സൈറ്റിലുള്ളത്. വെബ്ബ്‌സൈറ്റ് ഡെവലപ് ചെയ്യുന്നവര്‍ക്കും വെബ്മാസ്റ്റര്‍മാര്‍ക്കും ഈ സൈറ്റില്‍ നിന്ന് ഏകീകൃത മാര്‍ക്കപ്പ് ടാഗുകള്‍ മനസ്സിലാക്കാനും, അവയുപയോഗിച്ച് തങ്ങളുടെ സൈറ്റുകള്‍ മാര്‍ക്കപ്പ് ചെയ്യുന്നതിലൂടെ ഗൂഗിള്‍, ബിങ്, യാഹൂ എന്നിവയില്‍ തിരയുമ്പോള്‍ ലഭിക്കേണ്ട തങ്ങളുടെ സൈറ്റുകളുടെ ഉള്ളടക്ക സൂചന മെച്ചപ്പെടുത്താനും കഴിയും.

വെബ്‌സൈറ്റ് ഡെവലപ്പര്‍മാര്‍ക്ക് മാര്‍ക്കപ്പ് നിര്‍ദേശങ്ങള്‍ നല്‍കുന്ന സെര്‍ച്ച് മങ്കി പ്രൊജക്ട്ട തുടങ്ങിക്കൊണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ രംഗത്ത് യാഹൂ ആദ്യ ചുവടുവെച്ചിരുന്നു. ഇതിന്റെ മാറ്റം യാഹൂ സെര്‍ച്ച് ഫലങ്ങളില്‍ പ്രകടവുമായിരുന്നു. അതാണ് ഇത്തരമൊരു കൂട്ടായ്മയിലേക്ക് ഗൂഗിളിനെയും ബിങ്ങിനെയും അടുപ്പിച്ചത്. നീലനിറത്തിലൊരു ലിങ്കും കുറച്ച് വരികളും മാത്രമാണ് സെര്‍ച്ച് ചെയ്യുമ്പോള്‍ സാധാരണഗതിയില്‍ ലഭിക്കുക. ചാര്‍ട്ടുകളോ ഗ്രാഫുകളോ ചിത്രങ്ങളോ ഒക്കെ അടങ്ങിയ മെച്ചപ്പെട്ട സെര്‍ച്ച് ഫലം അപൂര്‍വം ചില സൈറ്റുകളുടെ കാര്യത്തിലേ ലഭിക്കാറുള്ളു. ആ സ്ഥിതിക്ക് മാറ്റമുണ്ടാക്കാന്‍ പുതിയ നീക്കം സഹായിച്ചേക്കും.

സ്‌കീമയുടെ സഹായത്തോടെ സൈറ്റുകള്‍ മാര്‍ക്കപ്പ് ചെയ്യുമ്പോള്‍ വെബ്മാസ്റ്റര്‍മാര്‍ക്ക് ജോലി എളുപ്പമാകുന്നതോടൊപ്പം, തിരയുന്നവര്‍ക്ക് എളുപ്പത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയും ചെയ്യും. ഒരോ സൈറ്റിന്റെയും ഉള്ളടക്കം മനസ്സിലാക്കാന്‍ സെര്‍ച്ച് എന്‍ജിനുകള്‍ ചെലവഴിക്കുന്ന സമയവും അധ്വാനവും കുറയ്ക്കാനും കഴിയും. സ്വാഭാവികമായും സൈറ്റുകളിലേക്കുള്ള സന്ദര്‍ശകരുടെ ഒഴുക്ക് വര്‍ധിക്കാന്‍ ഇത് സഹായിക്കും. വെബ്‌സൈറ്റ് ഡിസൈനിങ്, സെര്‍ച്ച് മാര്‍ക്കറ്റിങ് തുടങ്ങിയ രംഗങ്ങളില്‍ സെര്‍ച്ച് എന്‍ജിനുകളുടെ ഈ സംയുക്ത സംരംഭം വലിയ മാറ്റം ഉണ്ടാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.