രാജ്യത്ത് പുതിയ സ്മാര്‍ട്‌ഫോണ്‍ പരമ്പരയ്ക്ക് തുടക്കമിട്ടുകൊണ്ട് ഷാവോമിയുടെ രണ്ട് സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറങ്ങി. ഷവോമി വൈ 1, വൈ 1 ലൈറ്റ് സ്മാര്‍ട്‌ഫോണുകളാണ് വ്യാഴാഴ്ച അവതരിപ്പിച്ചത്. റെഡ്മി 4 എ യുടേയും റെഡ്മി 4 ന്റെയും ഒരു കൂടിച്ചേരലാണ്  റെഡ്മി വൈ വണ്‍, വൈ വണ്‍ ലൈറ്റ് സ്മാര്‍ട്‌ഫോണുകള്‍. 

സെല്‍ഫി പ്രേമികളെ ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ സ്മാര്‍ട്‌ഫോണുകള്‍ ഷവോമി പുറത്തിറക്കിയിരിക്കുന്നത്. താമസിയാതെ റെഡ്മി 4 സീരീസിന് പകരക്കാരായി റെഡ്മി വൈ സീരീസ് മാറുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. 

ക്യുവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 435 പ്രൊസസറും 4ജിബി റാമുമാണ് റെഡ്മി വൈ വണ്ണിലുള്ളത്. ക്യുവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 425 പ്രൊസസറും 2ജിബി റാമുമാണ് റെഡ്മി വൈ വണ്‍ ലൈറ്റിലുള്ളത്. 

Xiaomi Redmi Y1 Lite64 ജിബിയാണ് റെഡ്മി വൈ വണ്‍ സ്മാര്‍ട്‌ഫോണിന്റെ സ്റ്റോറേജ്. വൈ വണ്‍ ലൈറ്റില്‍ 16 ജിബിയും. രണ്ട് ഫോണുകളിലും 128 ജിബി വരെയുള്ള എസ്ഡി കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കും. രണ്ട് ഫോണുകള്‍ക്കും 5.5 ഇഞ്ച്  720 പിക്‌സല്‍ ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണുള്ളത്. 

രണ്ട് ഫോണുകളിലും 13 മെഗാപിക്‌സലിന്റേയാണ് റിയര്‍ ക്യാമറ. അതേസമയം സെല്‍ഫി പ്രേമികളെ ലക്ഷ്യമിട്ടുകൊണ്ട്, റെഡ്മി വൈ വണ്‍ ഫോണില്‍ എല്‍ഇഡി ഫ്‌ളാഷോടുകൂടിയ 16 മെഗാപ്കിസലിന്റെ സെല്‍ഫി ക്യാമറയാണുള്ളത്. എന്നാല്‍ റെഡ്മി വൈ വണ്‍ ലൈറ്റില്‍ അഞ്ച് മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ.

ആന്‍ഡ്രോയിഡ് ന്യൂഗട്ട് ഓഎസില്‍ അധിഷ്ഠിതമായുള്ള എംഐയുഐ 9 ആണ് ഇരുഫോണുകളിലും ഉള്ളത്. ഷവോമിയുടെ ഏറ്റവും പുതിയ യൂസര്‍ ഇന്റര്‍ഫേയ്‌സില്‍ പുറത്തിറങ്ങുന്ന രാജ്യത്തെ ആദ്യ സ്മാര്‍ട്‌ഫോണുകളാണ് റെഡ്മീ വൈ സീരീസിലെ ഈ ആദ്യ രണ്ട് ഫോണുകള്‍. രണ്ട് ഫോണുകളിലും 3,080 mAh ബാറ്ററികളാണുള്ളത്.