ഷാവോമിയുടെ എംഐ 11 അള്‍ട്ര സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പന അവസാനിപ്പിക്കുന്നു. വിപണിയില്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ട സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം. 

2021 ഏപ്രിലില്‍ അവതരിപ്പിക്കപ്പെട്ട എംഐ 11 അള്‍ട്ര ഷാവോമിയില്‍ നിന്നുള്ള ഏറ്റവും വിലകൂടിയ ഫോണ്‍ ആണ്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഫോണ്‍ വില്‍പനയ്‌ക്കെത്തിക്കാന്‍ കമ്പനിയ്ക്കായില്ല. ജൂലായില്‍ വില്‍പന തുടങ്ങിയെങ്കിലും അതിവേഗം തന്നെ സ്റ്റോക്ക് അവസാനിക്കുകയും ചെയ്തു. ഇപ്പോള്‍ എട്ട് ജിബി റാം 256 ജിബി സ്‌റ്റോറേജ് പതിപ്പ് ഔദ്യോഗിക വെബ്‌സൈറ്റിലുള്‍പ്പടെ വില്‍പനയ്ക്കുണ്ട്. എന്നാല്‍ എംഐ11 അള്‍ട്ര സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

വലിയ 6.81 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 888, 12 ജിബി വരെ റാം, 512 ജിബി വരെയുള്ള യുഎഫ്എസ് 3.1 സ്റ്റോറേജ്, 5000 എംഎഎച്ച് ബാറ്ററി, 67 വാട്ട് അതിവേഗ ചാര്‍ജിങ്, വയര്‍ലെസ് ചാര്‍ജിങ്, 50 എംപി പ്രധാന ക്യാമറ, 48 എംപി പെരിസ്‌കോപ് ടെലിഫോട്ടോ ക്യാമറ, 48 എംപി അള്‍ട്രാ വൈഡ് ക്യാമറ, 20 എംപി ഫ്രണ്ട് ക്യാമറ, തുടങ്ങി അതിഗംഭീരവും അത്യാധുനികവുമായ സൗകര്യങ്ങളോടെയാണ് എംഐ 11 അള്‍ട്രാ എത്തിയിരുന്നത്. 

എന്തായാലും എംഐ 11 അള്‍ട്രയുടെ പിന്‍ഗാമിയായി പുതിയ ഫോണ്‍ 2022 ല്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 'ഷാവോമി' ഫോണ്‍ പരമ്പരയിലാവും ഇത് പുറത്തിറങ്ങുക. എംഐ സീരീസ് എന്ന പേര് കമ്പനി ഒഴിവാക്കി ഷാവോമി സീരീസ് എന്നാക്കി മാറ്റിയിരുന്നു. അങ്ങനെ വരുമ്പോള്‍ പുതിയ ഫോണ്‍ ഷാവോമി 12 അള്‍ട്ര എന്നായിരിക്കും അറിയപ്പെടുക. എംഐ 11 അള്‍ട്രായെ പോലെ ഏറ്റവും കൂടിയ സൗകര്യങ്ങളോടെയാവും ഈ ഫോണും വിപണിയിലെത്തുക.

Content Highlights: Xiaomi Smartphones, Mi Series Phones, Mi 11 Ultra Phone, Expensive