പുതിയ ഫുള്‍ ടച്ച് സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കൊനൊരുങ്ങി ബ്ലാക്ക്‌ബെറി ഡിവൈസ് നിര്‍മാതാക്കളായ ടിസിഎല്‍. ഈടുനില്‍ക്കുന്നതും സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്നതുമായ ഉപകരണമായിരിക്കും ടിസിഎല്‍ പുതിയതായി പുറത്തിറക്കുകയെന്നാണ് റിപ്പോര്‍ട്ട്.

അതീവ സുരക്ഷിതമായ ഫോണ്‍ വെള്ളവും പൊടിയും പ്രതിരോധിക്കുന്നതായിരിക്കുമെന്ന് ടിസിഎല്‍ ചീഫ് കൊമേര്‍ഷ്യല്‍ ഓഫീസര്‍ ഫ്രാങ്കോയിസ് മാഹിയുവിന്റെ വാക്കുകളെ ഉദ്ധരിച്ച് എന്‍ഗാഡ്ജറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മാത്രവുമല്ല ഒരു വിഭാഗം ഐഫോണ്‍, സാംസങ് ഗാലക്‌സി ഉപയോക്താക്കള്‍ ബ്ലാക്ക്‌ബെറിയിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നും മാഹിയു അവകാശപ്പെടുന്നുണ്ട്. ഇപ്പോള്‍ വിപണിയിലുള്ള മുന്‍നിര സ്മാര്‍ട്‌ഫോണുകളേക്കാള്‍ വിലക്കുറവിലായിരിക്കും ബ്ലാക്ക്‌ബെറിയുടെ പുതിയ ഫോണ്‍ പുറത്തിറങ്ങുക. ലക്ഷക്കണക്കിന് സ്മാര്‍ട്‌ഫോണുകള്‍ വിലക്കാനാവാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

കീവണ്‍ എന്ന പേരില്‍ ഒരു ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ ആണ് ബ്ലാക്ക്‌ബെറി അവസാനമായി പുറത്തിറക്കിയത്. പുതിയ ഫോണും ആന്‍ഡ്രോയിഡ് ഫോണ്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും തന്നെ ഇതുവരെ വ്യക്തമായിട്ടില്ല.