വിവോയുടെ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ് ഫോണുകളായ വിവോ എക്‌സ്80 പ്രോ, വിവോ എക്‌സ്80 പ്രോ+മോഡലുകള്‍ അടുത്തവര്‍ഷം ആദ്യം ഇന്ത്യൻ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. മുന്‍തലമുറ മോഡലുകളായ വിവോ X70 പ്രോ, X70 പ്രോ+ സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ ജനപ്രീതി നേടിയവയാണ്. ഇതിലെ സ്‌നാപ്ഡ്രാഗണ്‍ 888+ പ്രോസസറിന്റെ മികവും അത്യാധുനിക ലെന്‍സ് നിര്‍മ്മാതാക്കളായ സീസ് (ZEIS) എന്ന കമ്പനിയോടൊപ്പം ചേര്‍ന്ന് നിര്‍മിച്ച ഗിമ്പല്‍ സ്റ്റെബിലൈസേഷനോട് കൂടിയ ക്യാമറകളും എടുത്തുപറയത്തക്ക സവിശേഷതകള്‍ തന്നെയായിരുന്നു.

അടുത്തവര്‍ഷം ആദ്യപാദത്തോടുകൂടി വിവോ എക്‌സ്80, വിവോ എക്‌സ്80 പ്രോ, വിവോ എക്‌സ്80 പ്രോ പ്ലസ് എന്നിങ്ങനെ മൂന്ന് മോഡലുകളിലായി ഫോണ്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ മുന്‍തലമുറ ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി മീഡിയടെക് ഡൈമന്‍സിറ്റി പ്രോസസറിന്റെ കരുത്തോടെയാകും ഫോണ്‍ വിപണിയിലെത്തുക എന്ന അനൗദ്യോഗികമായ റിപ്പോര്‍ട്ടുകളുമുണ്ട്. മീഡിയടെക് ഡൈമന്‍സിറ്റി പ്രോസസ്സര്‍ ശ്രേണിയിലെ ഏറ്റവും പുതിയതും ഇപ്പോഴും നിര്‍മ്മാണത്തിലിരിക്കുന്നതുമായ ഡൈമന്‍സിറ്റി 2000 SoC എന്ന ചിപ്‌സെറ്റ് ഫോണില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് സപ്പോര്‍ട്ടുമായി വരുന്ന ഡിസ്പ്ലേയും പ്രധാന മാറ്റങ്ങളുമായി വരുന്ന ക്യാമറ വിഭാഗവും ഉപഭോക്താക്കളില്‍ പ്രതീക്ഷയേറ്റുന്നുണ്ട്

2022 ജനുവരി ആദ്യമോടെ പുതിയ ഫോണുകള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ എക്‌സ്80 പ്രോ, എക്‌സ്80 പ്രോ പ്ലസ് എന്നീ മോഡലുകള്‍ മാത്രമേ ജനുവരിയിലെ ഔദ്യോഗിക പ്രകാശനത്തില്‍ കാണുവെന്നും ബേസ് മോഡലായ എക്‌സ്80 പിന്നീട് മാത്രമേ വിപണിയിലെത്തിക്കാന്‍ സാധ്യതയുള്ളൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിവോ എക്‌സ്80 എന്ന മോഡല്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റോഡ് കൂടിയ ഒരു ഫുള്‍-എച്ച്ഡി + ഡിസ്പ്ലേയും  മീഡിയടെക് ഡൈമന്‍സിറ്റി 2000 ( MediaTek Dimensity 2000 ) SoC പ്രോസസറും  5-ആക്‌സിസ് സ്റ്റബിലൈസേഷനോട് കൂടിയ 50-മെഗാപിക്‌സല്‍ പ്രധാന സെന്‍സറും  അവതരിപ്പിക്കുമെന്നാണ് സൂചന. 2X സൂമുമായി പ്രവര്‍ത്തിക്കുന്ന 12-മെഗാപിക്‌സല്‍ ടെലിഫോട്ടോ ലെന്‍സും പ്രതീക്ഷിക്കുന്നു. പ്രോ മോഡലുകളെക്കുറിച്ചുമുള്ള വിവരങ്ങളും വിലയെ സംബന്ധിച്ചുള്ള മറ്റ്  വിശദാംശങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല.

വിവോ X70 പ്രോ, X70 പ്രോ+ എന്നീ മോഡലുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ 52290 /- രൂപമുതല്‍ 79,990 /- വരെയാണ് വില.

Content Highlights : Vivo X80 Series including X80, X80 Pro & X80 Pro+ Set to Launch in India Around Early 2022.