ടോക്യോ: വിപണിയില്‍ പ്രതീക്ഷിച്ച രീതിയില്‍ ചലനമുണ്ടാക്കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് ഐഫോണ്‍ ടെന്‍ സ്മാര്‍ട്‌ഫോണിന്റെ ഉല്‍പാദനം ആപ്പിള്‍ പകുതിയായി കുറച്ചു. 

ജനുവരി  മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 4 കോടി ഫോണുകള്‍ പുറത്തിറക്കാനാണ് കമ്പനി നേരത്തെ തീരുമാനിച്ചിരുന്നത്. ഇത് രണ്ട് കോടിയായി ചുരുക്കി.

യൂറോപ്പിലും അമേരിക്കയിലും ചൈനയിലും വില്‍പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഫോണുകളില്‍ 50 ശതമാനം കുറവുണ്ടാകുമെന്ന് കമ്പനി വിതരണക്കാരെ അറിയിച്ചതായി നിക്കെയ് ഏഷ്യന്‍ റിവ്യു റിപ്പോര്‍ട്ട് ചെയ്യുന്നു. 

പുറത്തിറക്കിയതിന് ശേഷം ആവശ്യക്കാരെ കണ്ടെത്താന്‍ ആപ്പിള്‍ പാടുപെട്ടുവെന്നും ഇതേതുടര്‍ന്നാണ് ഐഫോണ്‍ നിര്‍മ്മാണത്തില്‍ കുറവു വരുത്താന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഐഫോണിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ മൂന്നിനാണ് ആപ്പിള്‍ ഐഫോണ്‍ ടെന്‍ അവതരിപ്പിച്ചത്. 

വിപണിയിലുള്ള തണുത്ത പ്രതികരണം 2018 പകുതിയോടെ ഒന്നാം തലമുറ ഐഫോണ്‍ ടെന്‍  സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ നിന്നും പിന്‍വലിക്കുന്നതിലേക്ക് നയിക്കുമെന്ന് ഈ മാസം ആദ്യം തായ്‌വാനീസ് ബിസിനസ് ഗ്രൂപ്പ് ആയ കെജിഐ സെക്യൂരിറ്റീസിലെ അനലിസ്റ്റ് അഭിപ്രായപ്പെട്ടിരുന്നു. 

മറ്റ് ഐഫോണ്‍ മോഡലുകളുടെ വില്‍പനയെ ബാധിക്കുമെന്നതിനാല്‍ ഐഫോണ്‍ ടെന്നിന്റെ വില കുറയ്ക്കാനിടയില്ലെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. 

ജനുവരി- മാര്‍ച്ച് കാലയളവില്‍ 1.8 കോടി ഐഫോണ്‍ ടെന്‍ ഫോണുകള്‍ വിപണിയിലിറക്കുമെന്നാണ് കരുതുന്നത്. സാമ്പത്തിക വര്‍ഷം 2017 ലെ നാലാം പാദത്തില്‍ 2.9 കോടി ഐഫോണുകളാണ് കമ്പനി പുറത്തിറക്കിയത്.