സ്മാര്‍ട്ട്‌ഫോണുകളിലേക്ക് സ്‌കൈപ്പിന്റെ ഗ്രൂപ്പ് വീഡിയോ കോളിങ് എത്തിക്കുമെന്ന് കഴിഞ്ഞ മാസമാണ് മൈക്രോസോഫ്റ്റ് പ്രസ്താവിച്ചത്. കമ്പനി വാക്കുപാലിച്ചിരിക്കുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകളിലേക്കും ഐഒഎസ് ഗാഡ്ജറ്റുകളിലേക്കും സ്‌കൈപ്പ് ഗ്രൂപ്പ് വീഡിയോ കോള്‍ സൗകര്യം എത്തിത്തുടങ്ങി.

അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമാണ് ഇന്ന് ഈ സൗകര്യം കിട്ടിത്തുടങ്ങിയത്. അടുത്ത ആഴ്ചയോടെ എല്ലായിടത്തും ഇത് ലഭ്യമാകുമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു.

സ്‌കൈപ്പ് ഗ്രൂപ്പ് വീഡിയോ കോളില്‍ ഒരു സമയം 25 പേര്‍ക്ക് പങ്കെടുക്കാന്‍ മൈക്രോസോഫ്റ്റ് അനുവദിക്കുന്നുണ്ട്. ആരാണോ സംസാരിക്കുന്നത് അയാളുടെ മുഖം മധ്യഭാഗത്തായി ഡിസ്‌പ്ലേ ചെയ്യും. ക്ലൗഡില്‍ ഇത്തരം വലിയ സംഭാഷണങ്ങള്‍ക്ക് ആവശ്യമായ പ്രോസസിങ് ശക്തി ലഭ്യമാക്കാന്‍ മൈക്രോസോഫ്റ്റിനെ ഇന്റലാണ് സഹായിച്ചത്. 

ഗ്രൂപ്പ് വീഡിയോ കോളിങിനൊപ്പം, സ്‌കൈപ്പ് ചാറ്റ് ഇന്‍വൈറ്റേഷന്‍ ഫീച്ചറും ഐഒഎസിലേക്കും ആന്‍ഡ്രോയ്ഡിലേക്കും മൈക്രോസോഫ്റ്റ് വ്യാപിപ്പിക്കുന്നുണ്ട്. ആരെ വേണമെങ്കിലും ഒരു ഗ്രൂപ്പ് ചര്‍ച്ചയിലേക്ക് ക്ഷണിക്കാന്‍ ഇത് സഹായിക്കും. 

ഗ്രൂപ്പ് വീഡിയോ കോളിങ് സംവിധാനം മൊബൈല്‍ ഫോണുകളിലെത്തിക്കുന്ന ആദ്യ കമ്പനിയല്ല മൈക്രോസോഫ്റ്റ്. ഗൂഗിള്‍ ഹാങ്ങൗട്ടില്‍ മുമ്പ് തന്നെ ഈ ഫീച്ചറുണ്ട്. ഒരേസമയം ഗൂഗിള്‍ ഹാങ്ങൗട്ടില്‍ പത്തുപേര്‍ക്ക് സംഭാഷണത്തിലേര്‍പ്പെടാം. 

സ്‌കൈപ്പിന് 30 കോടി യൂസര്‍മാരാണ് ലോകത്താകമാനമുള്ളത്. അവര്‍ക്ക് ഐഫോണിലും ആന്‍ഡ്രോയ്ഡ് ഫോണിലും ഇനി ഗ്രൂപ്പ് ചര്‍ച്ചകളും ഗ്രൂപ്പ് സംവാദങ്ങളും സാധ്യമാകുമെന്നതാണ് പുതിയ നീക്കത്തിന്റെ ഗുണഫലം (ചിത്രം കടപ്പാട്: The Verge ).