തൃശ്ശൂര്‍: ലോക്ഡൗണ്‍ തീരുംവരെ മൊബൈല്‍ ഫോണ്‍ കേടാകാതെ നോക്കണേ. കാരണം ഫോണുകള്‍ക്കും അനുബന്ധ സാധനങ്ങള്‍ക്കും കടുത്തക്ഷാമമാണ്. ഒന്നോ രണ്ടോ ദിവസംകൊണ്ട് വിറ്റുപോകാവുന്ന സാധനങ്ങളെ സ്റ്റോക്കുള്ളൂവെന്ന് മൊത്തവിതരണക്കാര്‍ പറയുന്നു. മൊബൈല്‍ കടകള്‍ തുറക്കാന്‍ അനുമതികിട്ടിയാലും പ്രയോജനമില്ലാത്ത സ്ഥിതിയാണ്. പല കടകളും തുറന്നിട്ടുമില്ല.
മൊബൈല്‍ അനുബന്ധ ഉപകരണങ്ങളില്‍ 90 ശതമാനവും ചൈനയില്‍നിന്നാണ് വരുന്നത്. മാസം 20 കോടിയുടെ അനുബന്ധഉപകരണങ്ങള്‍ ചൈനയില്‍പ്പോയി വാങ്ങുന്ന മൊത്തക്കച്ചവടക്കാര്‍ കേരളത്തിലുണ്ട്. ആലുവയിലെ ഒരു മൊത്തവിതരണക്കാരന്‍ 20 ദിവസം കൂടുമ്പോള്‍ ചൈനയില്‍നിന്ന് രണ്ടുകോടി രൂപയുടെ മൊബൈല്‍ ഉത്പന്നങ്ങളാണ് വാങ്ങാറുള്ളത്. ഇത്തവണ ചൈനയില്‍നിന്ന് വരുന്നവഴി സ്വകാര്യ ആവശ്യത്തിന് സൗദിയില്‍പ്പോയ അദ്ദേഹം അവിടെ കുടുങ്ങിക്കിടക്കുകയാണ്.ചൈനയിലെ പ്രശ്‌നം അവസാനിച്ചാലും മൊബൈല്‍ മേഖലയിലെ പ്രശ്‌നം തീരില്ലെന്ന് തൃശ്ശൂരിലെ അനുബന്ധസാധനങ്ങളുടെ മൊത്തവിതരണക്കാരായ പി.എം. അന്‍വറും ജോജു അച്ചാണ്ടിയും പറയുന്നു.
ഡിസ്പ്ലേ, സ്‌ക്രീന്‍ഗാഡ്... വന്‍ ആവശ്യം
ലോക്ഡൗണില്‍ ആദ്യമായി മൊബൈല്‍കടതുറന്ന ഞായറാഴ്ച കൂടുതല്‍ ആവശ്യം മൊബൈല്‍ അനുബന്ധ ഉപകരണങ്ങള്‍ക്കായിരുന്നു. ഡിസ്പ്ലേ, സ്‌ക്രീന്‍ഗാഡ്, ബാറ്ററി, ചാര്‍ജര്‍ ഇങ്ങനെ പോകുന്നു ആവശ്യങ്ങള്‍. ഹെഡ്ഫോണാണ് കൊച്ചിയിലെ കൂടുതല്‍ കടകളിലും വിറ്റുപോയ പ്രധാന ഇനം.
വിതരണക്കാരും പുറത്തിറങ്ങരുത്
മൊബൈല്‍ കടതുറക്കാന്‍ അനുമതിയായെങ്കിലും വിതരണക്കാര്‍ക്ക് പുറത്തിറങ്ങാന്‍ ഇതുവരെ അനുമതിയായിട്ടില്ല. ഇതുകൊണ്ടുതന്നെ കടകളില്‍ സ്റ്റോക്ക് ഇരിക്കുന്ന സാധനങ്ങള്‍മാത്രമാണ് വില്‍ക്കാന്‍ സാധിക്കുന്നത്.
ജനുവരിയില്‍ നിലച്ച ചൈനവിപണി
ജനുവരിയിലാണ് ചൈനയില്‍നിന്നുള്ള മൊബൈല്‍ സാധനങ്ങളുടെ വരവ് നിലച്ചത്. ഇവരുടെ പുതുവര്‍ഷാഘോഷത്തിനായി ജനുവരി പകുതിയോടെ 20 ദിവസത്തേക്ക് കടകള്‍ അടച്ചു. ഇതിനുമുമ്പ് ഇറക്കുമതി ചെയ്ത സാധനങ്ങളാണ് ഇപ്പോഴും വിപണിയിലുള്ളത്. വീണ്ടും തുറക്കേണ്ട സമയമായപ്പോഴേക്കും നിയന്ത്രണങ്ങള്‍ വന്നു.
തിരിച്ചടിയായി ജി.എസ്.ടി.യും
മൊബൈല്‍ ഫോണിന്റെ ജി.എസ്.ടി. 12 ശതമാനത്തില്‍നിന്നും 18 ശതമാനമാക്കിയതും വില്‍പ്പനയ്ക്ക് തിരിച്ചടിയായി. കമ്പനികള്‍ എല്ലാം ഇതിനുസരിച്ച് വിലകൂട്ടി. ലോക്ഡൗണിലെ ക്ഷാമം മുതലെടുക്കാന്‍ കച്ചവടക്കാര്‍ വിലകൂട്ടുന്നതായാണ് പലപ്പോഴും ഉപഭോക്താക്കള്‍ കരുതുന്നത്. ഇതും വില്‍പ്പനയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.
ഫോണിനും വേണം വിശ്രമം
തുടര്‍ച്ചയായ ഉപയോഗം ഫോണ്‍ബാറ്ററികള്‍ക്ക് തകരാറുണ്ടാക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് ടെക്‌നീഷ്യന്‍മാര്‍ പറയുന്നു. ശരിയായ ചാര്‍ജിങ് നടക്കുന്നില്ല. പല ഫോണുകള്‍ക്കും ഊരിമാറ്റാനാവാത്ത ബാറ്ററിയാണ്. അതിനാല്‍, ബാറ്ററി കേടായാല്‍ ഫോണ്‍ മാറ്റുകയേ വഴിയുള്ളൂ. അമിതമായ ചാര്‍ജിങ്ങും കുറഞ്ഞ ചാര്‍ജിങ്ങും ഒരേപോലെ ദോഷംചെയ്യും. പ്രത്യേകിച്ച് പഴക്കമുള്ള ഫോണുകള്‍ക്ക്.
Content Highlights: Shortage of smartphones due to lockdown
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..