ന്‍കിട സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനിയായ സാംസങ് അവരുടെ പ്രശസ്ത സ്മാര്‍ട്‌ഫോണ്‍ ശ്രേണിയായ നോട്ട് സീരീസ് നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സാംസങ് ഗാലക്‌സി നോട്ട് 20-യും ഗാലക്‌സി നോട്ട് 20 അള്‍ട്രയുമാണ് നോട്ട് സീരിസില്‍ ഇറങ്ങിയ അവസാന മോഡലുകള്‍. സാംസങ് എക്‌സിനോസ് 900 ചിപ്‌സെറ്റിന്റെ കരുത്തോടെയാണ് നോട്ട് 20 അള്‍ട്ര വിപണിയില്‍ എത്തിയത്. 6.90-ഇഞ്ച് (1440x3200) വലിപ്പമുള്ള ഡിസ്‌പ്ലേ, മികവുറ്റ 108MP + 12MP + 12MP വരുന്ന ട്രിപ്പിള്‍ പിന്‍ ക്യാമറ സജ്ജീകരണം, 4500mAh ബാറ്ററി കൂടാതെ മള്‍ട്ടി ടാസ്‌കിങ് അനായാസമാക്കാന്‍ സഹായിക്കുന്ന സ്‌റ്റൈലസ് പെന്‍-ഉം ഫോണിനെ മികച്ചതാക്കുന്നു. സവിശേഷതകള്‍ പോലെ തന്നെ വിലയിലും വമ്പന്‍ തന്നെയായിരുന്നു നോട്ട് 20 അള്‍ട്ര. ഏകദേശം Rs 1,05,000 രൂപയാണ് ഫോണിന്റെ വില. സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കിടയില്‍ വന്‍ സ്വീകാര്യത നേടിയെടുത്ത മോഡലുകള്‍ ആയിരുന്നു നോട്ട് സീരീസ്.

2022-ല്‍ ഗാലക്സി നോട്ട് സീരീസ് ഒരു പുതിയ മോഡല്‍ അവതരിപ്പിക്കുമെന്ന് നേരത്തെ ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു, എന്നാല്‍ ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അത് സംഭവിച്ചേക്കില്ല എന്നാണ് കരുതുന്നത്. ഏറ്റവും പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന ഗാലക്സി എസ് അല്ലെങ്കില്‍ ഗാലക്സി സെഡ് സീരീസ് സ്മാര്‍ട്ട്ഫോണുകളുമായി ഗാലക്സി നോട്ട് സീരീസിലെ അത്യാധുനിക സംവിധാങ്ങള്‍ സംയോജിപ്പിക്കാനാണ് സാംസങ് തയ്യാറെടുക്കുന്നത്. 

ഗാലക്‌സി എസ് 21 അള്‍ട്രാ (Galaxy S21 Ultra), ഗാലക്‌സി സെഡ് ഫോള്‍ഡ് 3 (Galaxy Z Fold 3) എന്നീ മോഡലുകള്‍ക്ക് ഇതിനോടകം തന്നെ എസ് പെന്‍ (S Pen) ഒരു ആക്‌സസറിയായി നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഏകദേശം 3.2 ദശലക്ഷം ഗാലക്‌സി നോട്ട് 20 യൂണിറ്റുകള്‍ സാംസങ് നിര്‍മ്മിച്ചു. 2011 ഒക്ടോബറില്‍ ആണ് ആദ്യമായി സാംസങ് നോട്ട് സീരീസ് വിപണിയിലെത്തിക്കുന്നത്.

സാംസങ് എസ് 21 അള്‍ട്രായുടെ പിന്‍ഗാമിയും അടുത്ത തലമുറ ഫ്‌ലാഗ്ഷിപ്പ് ഫോണുമായ സാംസങ് ഗാലക്‌സി എസ് 22 അള്‍ട്രായില്‍ നോട്ട് സീരിസില്‍ ഉള്‍പ്പെടുത്തിയിരുന്ന എസ് പെന്‍ നല്‍കുമെന്നാണ് സൂചനകള്‍. ഇതിനായി എസ് 22 അള്‍ട്രായില്‍ പ്രത്യേക സ്ഥലവും ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2022ലെ വാര്‍ഷിക സ്മാര്‍ട്ട്ഫോണ്‍ പ്രൊഡക്ഷന്‍ പ്ലാനില്‍ നിന്ന് ഗാലക്സി നോട്ട് സീരീസ് ഒഴിവാക്കിയതായി സ്ഥിരീകരിച്ചിരിക്കുന്നു എന്നാണ് അറിവ്.

സാംസങ്ങിന്റെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണുകളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാകാം ഗാലക്സി നോട്ട് സീരീസ് ഉല്‍പ്പാദനം നിര്‍ത്താനുള്ള തീരുമാനം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സാംസങ് 2019 ല്‍ ഏകദേശം 12.7 ദശലക്ഷം യൂണിറ്റും, 2020 ല്‍ 9.7 ദശലക്ഷം യൂണിറ്റ് ഗാലക്സി നോട്ട് സീരീസ് ഫോണുകള്‍ കയറ്റുമതി ചെയ്യുകയും 2021 ല്‍ 3.2 ദശലക്ഷം യൂണിറ്റുകള്‍ നിര്‍മിക്കുകയും ചെയ്തു. അടുത്ത വർഷം നോട്ട് സീരിസിനെക്കാള്‍ കൂടുതല്‍ ഏകദേശം 13 ദശലക്ഷം ഗാലക്‌സി സെഡ് ഫോള്‍ഡ് ഫോണുകള്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കുമെന്നാണ് സാംസങ് പ്രതീക്ഷിക്കുന്നത്.

Content Highlights: Samsung seems to have discontinued the Galaxy Note Series