-
അത്യാധുനിക സൗകര്യങ്ങളുമായി സാംസങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ പരമ്പര എത്തി. ഗാലക്‌സി എസ് 20, എസ് 20 പ്ലസ്, എസ് 20 അള്‍ട്ര എന്നീ ഫോണുകളാണ് പുറത്തിറക്കിയത്. മൂന്ന് ഫോണുകള്‍ക്കും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയാണുള്ളത്. കുറഞ്ഞത് എട്ട് ജിബി റാം, 8 കെ വീഡിയോ റെക്കോര്‍ഡിങ് സൗകര്യം എന്നിവയും ഈ ഫോണുകള്‍ക്കുണ്ട്.
മാര്‍ച്ച് ആറ് മുതലാണ് ഈ ഫോണുകള്‍ ആഗോള വിപണിയില്‍ വില്‍പനയ്‌ക്കെത്തുക. പുതിയ ഗാലക്‌സി എസ് 20 പരമ്പര ഫോണുകള്‍ അധികം വൈകാതെ ഇന്ത്യന്‍ വിപണിയിലും അവതരിപ്പിക്കും.
മൂന്ന് ഫോണുകളിലും 7nm 64 ബിറ്റ് ഒക്ടാകോര്‍ പ്രൊസസറായിരിക്കും ഉണ്ടാവുക. ഇതില്‍ സ്‌നാപ്ഡ്രാഗണ്‍ 865 പ്രൊസസറോ, എക്‌സിനോസ് 990 പ്രൊസസറോ ഉപയോഗിച്ചേക്കാം. ഇന്ത്യന്‍ വിപണിയില്‍ എക്‌സിനോസ് 990 പ്രൊസസര്‍ ഉള്‍പ്പെടുന്ന ഫോണുകള്‍ ആയിരിക്കും അവതരിപ്പിക്കുക. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ ആണ് ഫോണുകളിലുള്ളത്.
ഐപി68 ഡസ്റ്റ്, വാട്ടര്‍ പ്രൊട്ടക്ഷനും അള്‍ട്രോ സോണിക് ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫെയ്‌സ് റെക്കഗ്നിഷന്‍, റിവേഴ്‌സ് ചാര്‍ജിങ് തുടങ്ങിയ സൗകര്യങ്ങളും ഫോണുകളില്‍ ലഭ്യമാവും.
ഈ മൂന്ന് സ്മാര്‍ട്‌ഫോണ്‍ മോഡലുകളിലും 8K വീഡിയോ റെക്കോര്‍ഡ് ചെയ്യാനാവും. 4ജിബി വരുന്ന ബാച്ചുകളായാണ് വീഡിയോ ഫയലുകള്‍ ശേഖരിക്കപ്പെടുക. ഈ വീഡിയോകള്‍ യൂട്യൂബില്‍ അപ് ലോഡ് ചെയ്യാനാവും. വീഡിയോകള്‍ സ്‌ക്രീന്‍ ഷോട്ട് എടുക്കുമ്പോള്‍ 33 എംപി ചിത്രങ്ങളും ലഭിക്കും.
സ്‌പേസ് സൂം എന്ന പുതിയ ഫീച്ചര്‍ വഴി സൂം ചെയ്ത് ഉയര്‍ന്ന റസലൂഷനിലുള്ള ചിത്രങ്ങള്‍ പകര്‍ത്താനും സാധിക്കും. വീഡിയോകളും ചിത്രങ്ങളും പകര്‍ത്തുന്നതിന് സൂപ്പര്‍ സ്റ്റെഡി മോഡ് മെച്ചപ്പെടുത്തിയിട്ടുണ്ട്. ടിക് ടോക്ക് വീഡിയോ ക്രിയേറ്റര്‍മാര്‍ക്കായി വിവിധ ലെന്‍സുകള്‍ ഉപയോഗിച്ച് 10 സെക്കന്റ് വീഡിയോ ചിത്രീകരിക്കാന്‍ സാധിക്കുന്ന സിംഗിള്‍ ടേക്ക് ഫീച്ചറും ഫോണുകളില്‍ ലഭ്യമാണ്.
സാംസങ് ഗാലക്‌സി എസ് 20 സവിശേഷതകള്‍
6.2 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണ് എസ് 20 യ്ക്ക്. ഫുള്‍എച്ച്ഡി റസലൂഷനില്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ലഭിക്കും. റിഫ്രഷ് റേറ്റ് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ക്വാഡ് എച്ച്ഡിപ്ലസ് റസലൂഷനില്‍ 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ഫോണില്‍ ലഭ്യമാണ്. 120 റിഫ്രഷ് റേറ്റില്‍ ആണെങ്കിലും ബാറ്ററി ചാര്‍ജില്‍ വലിയ വ്യത്യാസം ഉണ്ടാവില്ലെന്ന് കമ്പനി അവകാശപ്പെടുന്നു. റിഫ്രഷ് റേറ്റ് തീരുമാനിക്കാനുള്ള സൗകര്യം മൂന്ന് ഫോണുകളിലുമുണ്ട്.
എട്ട് ജിബി, 12 ജിബി റാം പതിപ്പുകളാണ് എസ് 20 ഫോണിനുള്ളത്. രണ്ട് പതിപ്പുകള്‍ക്കും 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് സൗകര്യമുണ്ട്. ഒരു ടിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഫോണില്‍ ഉപയോഗിക്കാനുമാവും.
എസ് 20 യില്‍ ട്രിപ്പിള്‍ ക്യാമറയാണുള്ളത് അതേസമയം എസ് 20 പ്ലസ്, എസ് 20 അള്‍ട്ര ഫോണുകള്‍ ക്വാഡ് ക്യാമറയാണ് നല്‍കിയിരിക്കുന്നത്.
എസ് 20 യിലെ ട്രിപ്പിള്‍ ക്യാമറയില്‍ 64 എംപി ടെലിഫോട്ടോ, 12 എംപി വൈഡ് ആംഗിള്‍, 12 എംപി അള്‍ട്രാ വൈഡ് സെന്‍സറുകള്‍ ഉള്‍പ്പെടുന്നു. സെല്‍ഫിയ്ക്കായി 10 എംപി ക്യാമറയാണുള്ളത്.
ഗാലക്‌സി എസ് 20 യില്‍ 4000 എംഎഎച്ച് ബാറ്ററിയാണുള്ളത് ഇതില്‍ 25 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവുമുണ്ടാവും. ഗ്രേ, ബ്ലൂ, പിങ്ക് നിറങ്ങളില്‍ ഫോണ്‍ വിപണിയിലെത്തും.

6.7 ക്വാഡ് എച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണ് എസ് 20 പ്ലസ് ഫോണിന്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ഈ ഡിസ്‌പ്ലേയ്ക്കുണ്ട്.
എട്ട് ജിബി റാം+ 128 ജിബി സ്റ്റോറേജ്, 12ജിബി റാം+ 512 ജിബി സ്‌റ്റോറേജ് പതിപ്പുകളാണ് എസ് 20 പ്ലസിനുള്ളത്. രണ്ട് പതിപ്പുകളിലും 1 ടിബി വരെയുള്ള മെമ്മറി കാര്‍ഡ് ഉപയോഗിക്കാം.
എസ് 20 പ്ലസിലെ ക്വാഡ് റിയര്‍ ക്യാമറയില്‍ 64 എംപി ടെലിഫോട്ടോ ലെന്‍സ്, 12 എംപി വവൈഡ് ആംഗിള്‍ ലെന്‍സ്, 12 എംപി അള്‍ട്രാ വൈഡ് ലെന്‍സ്, ഒരു ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. 10 എംപിയുടെ സെല്‍ഫി ക്യാമറയാണ് എസ് 20 പ്ലസിനുമുള്ളത്.
4500 എംഎഎച്ച് ബാറ്ററിയില്‍ 25 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. ഗ്രേ, ബ്ലൂ, പിങ്ക് നിറങ്ങളില്‍ ഫോണ്‍ വിപണിയിലെത്തും.
ഗാലക്‌സി എസ് 20 അള്‍ട്രായുടെ സവിശേഷതകള്‍
വിലകൂടിയ ഈ ഫോണിന് 6.9 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണുള്ളത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്.
12 ജിബി, 16 ജിബി എന്നിങ്ങനെ രണ്ട് റാം ഓപ്ഷനുകളാണ് എസ് 20 അള്‍ട്രായ്ക്കുള്ളത്. 128 ജിബി, 256 ജിബി, 512 ജിബി എന്നിങ്ങനെ സ്റ്റോറേജ് ഓപ്ഷനുകളും ലഭ്യമാണ്. ഒരു ടിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകളും ഉപയോഗിക്കാം.
എസ് 20 അള്‍ട്രായിലെ ക്വാഡ് ക്യാമറയില്‍ 48 എംപി ടെലിഫോട്ടോ ലെന്‍സ്, 108 എംപി വൈഡ് ആംഗിള്‍ ലെന്‍സ്, 12 എംപി അള്‍ട്രാ വൈഡ് ലെന്‍സ്, ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. 10X ഹൈബ്രിഡ് സൂം, 100X ഡിജിറ്റല്‍ സൂം സൗകര്യങ്ങള്‍ ഇതിലുണ്ട്. 40 മെഗാപിക്‌സല്‍ റസലൂഷനുള്ളതാണ് ഇതിന്റെ സെല്‍ഫി ക്യാമറ.
5000 എംഎഎച്ച് ബാറ്ററിയില്‍ 45 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യം ലഭ്യമാണ്. എന്നാല്‍ ഫോണിനൊപ്പം 25 വാട്ട് ചാര്‍ജറാണ് ലഭിക്കുക. ഗ്രേ,ബ്ലാക്ക് നിറങ്ങളില്‍ ഫോണ്‍ വിപണിയിലെത്തും.
Content Highlights: samsung launched new s20 s20+ s20 ultra smartphones
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..