ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഗാലക്‌സി എസ്9, ഗാല്ക്‌സി എസ്9 പ്ലസ് ഫോണുകള്‍ സാംസങ് അവതരിപ്പിച്ചു. ഐഫോണ്‍ ടെന്‍, ഗൂഗില്‍ പിക്‌സല്‍ 2 പരമ്പര ഫോണുകളോടായിരിക്കും ഈ പുതിയ സാംസങ് മോഡലുകള്‍ വിപണിയില്‍ മത്സരിക്കുക. 

ഗാലക്‌സി എസ്9 ന്റെ ക്യാമറ തന്നെയാണ് വലിയ സവിശേഷത. സൂപ്പര്‍ സ്ലോമോഷന്‍ വീഡിയോ ഓപ്ഷന്‍, വെളിച്ചക്കുറവ് കൈകാര്യം ചെയ്യാന്‍ ഡ്യുവല്‍ അപ്പേര്‍ച്ചര്‍ ഫീച്ചര്‍ എന്നിവ സാംസങ് ക്യാമറയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഗാലക്‌സി എസ് 9 പ്ലസില്‍ മാത്രമാണ് ഡ്യുവല്‍ ക്യാമറ സൗകര്യമുള്ളത്. 

ഐഫോണ്‍ ടെന്നിലെ അനിമോജി ഫീച്ചറിന് സമാനമായി പുതിയ എആര്‍ ഇമോജി ഫീച്ചറും സാംസങ് പുതിയ ഫോണുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. 

ഉപയോക്താവിന്റെ മുഖം സ്‌കാന്‍ ചെയ്ത് അതിനനുസരിച്ചുള്ള കാര്‍ട്ടൂണ്‍ പതിപ്പ് നിര്‍മ്മിക്കുകയാണ് സാംസങിന്റെ എആര്‍ അനിമോജി ചെയ്യുന്നത്. ഇത് എസ്എംഎസ് വഴിയും, വാട്‌സ്ആപ്പ് പോലുള്ള ആപ്പുകള്‍ വഴിയും മറ്റുള്ളവര്‍ക്ക് അയക്കാന്‍ സാധിക്കും. 18 ഓളം ഭാവങ്ങളില്‍ ഉപയോക്താവിന് ഇമോജികള്‍ അയക്കാന്‍ സാധിക്കുമെന്ന് സാംസങ് അറിയിച്ചു. തൊലി നിറം, വസ്ത്രം, കഥാപാത്രം എന്നിവ തിരഞ്ഞെടുക്കാനും ഉപയോക്താവിന് സാധിക്കും.

ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകളും ഡോല്‍ബി അറ്റ്‌മോസ് സറൗണ്ട് സൗണ്ട് സംവിധാനവും ഗാലക്‌സി എസ് 9 സ്മാര്‍ട്‌ഫോണില്‍ ആകര്‍ഷകമായ ശബ്ദമൊരുക്കുന്നു. 

3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്കും ഐപി68 വാട്ടര്‍ ആന്റ് ഡസ്റ്റ് റിസിസ്റ്റന്‍സിയും ഫോണുകളില്‍ നിലനിര്‍ത്തിയിട്ടുണ്ട്. 

അതുപോലെ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ റിയര്‍ക്യാമറയ്ക്ക് താഴേക്ക് മാറ്റി. രണ്ട് ഫോണുകളിലും മുഖവും, കണ്ണും സ്‌കാന്‍ ചെയ്യാനുള്ള സംവിധാനങ്ങളുണ്ടാവും.

ക്യാമറ

 പ്രകാശ ക്രമീകരണത്തിനായി f/1.5, f/2.4 എന്നിങ്ങനെ രണ്ട് അപ്പേര്‍ച്ചര്‍ മോഡുകളാണ് പുതിയ ഫോണുകളിലുള്ളത്. സാംസങ് ഗാലക്‌സി 8 പരമ്പരയുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ ഫോണുകളില്‍ 28 ശതമാനം അധികം പ്രകാശം സെന്‍സറുകളിലേക്കെത്തിക്കാന്‍ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡ്യുവല്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ ഡ്യുവല്‍ ക്യാമറകളാണ് ഗാലക്‌സി എസ് 9 പ്ലസ് സ്മാര്‍ട്‌ഫോണിനുള്ളത്. 

12 മെഗാപ്കിസലിന്റെ രണ്ട് സെന്‍സറുകളാണ് ഗാലക്‌സി എസ് 9 പ്ലസിന്റേത്.  12 മെഗാപിക്‌സലിന്റെ വൈഡ് ആംഗിള്‍ ലെന്‍സില്‍  f/1.5, f/2.4 എന്നിങ്ങനെ രണ്ട് അപ്പേര്‍ച്ചറും രണ്ടാമത്തെ ലെന്‍സില്‍  f/2.4 ഉം ലഭിക്കും. 

രണ്ട് ഫോണുകളിലും ഫ്രണ്ട് ക്യാമറ എട്ട് മെഗാപിക്‌സലിന്റേതാണ്. f/1.7 ആണ് അപ്പേര്‍ച്ചര്‍. 

രണ്ട് ഫോണുകളിലും 960  ഫ്രെയിംസ് പെര്‍ സെക്കന്റില്‍ സൂപ്പര്‍ സ്ലോമോഷന്‍ വീഡിയോ പകര്‍ത്താന്‍ സാധിക്കും. 

മറ്റു സവിശേഷതകള്‍

എസ്9, എസ്9 പ്ലസ് ഫോണുകളില്‍ യഥാക്രമം 3000 mAh, 3500 mAh ബാറ്ററികളാണുള്ളത്. ആന്‍ഡ്രോയിഡ് ഓറിയോയില്‍ അധിഷ്ടിതമായ ടച്ച് വിസ് യുഐ ആണ് രണ്ട് ഫോണുകളിലും ഉപയോഗിച്ചിട്ടുള്ളത്. 

പുതിയ ചില സൗകര്യങ്ങളോടുകൂടി ബിക്‌സ്ബി സ്മാര്‍ട് അസിസ്റ്റന്റ് സംവിധാനവും ഫോണുകളിലുണ്ടാവും. ഹിന്ദി, പഞ്ചാബി, ബെംഗാളി, ഉറുദു, ഗുജറാത്തി, തുടങ്ങിയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള സൗകര്യം ബിക്‌സ്ബി ക്യാമറയിലുണ്ടാവും. 

എക്‌സിനോസ് 9810 ഒക്ടാകോര്‍ പ്രൊസസറാണ് ഇന്ത്യ ഉള്‍പടെയുള്ള അന്താരാഷ്ട്ര വിപണിയിലേക്കുള്ള ഫോണുകളില്‍ ഉപയോഗിച്ചിട്ടുള്ളത്. 

നാല് ജിബി റാമില്‍ 64 ജിബി, 128 ജിബി, 256 ജിബി പതിപ്പുകളില്‍ ഗാലക്‌സി എസ് 9 പുറത്തിറങ്ങും. ആറ് ജിബി റാമില്‍ ഗാലക്‌സി എസ് 9 പ്ലസും മൂന്ന് സ്റ്റോറേജ് പതിപ്പുകളില്‍ പുറത്തിറങ്ങും. 

കറുപ്പ്, നീല, ടൈറ്റാനിയം, ഗ്രോ, ലൈലാക് പര്‍പ്പിള്‍ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാവുക.