സാംസങ് ഗാലക്‌സി എസ് 21 സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കുന്ന തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജനുവരി 14-നാണ് ഫോണ്‍ പുറത്തിറക്കുക. 'വെല്‍കം ടു ദി എവരിഡേ എപിക്' എന്ന ടാഗ് ലൈനിലാണ് പുതിയ ഗാലക്‌സി അണ്‍പാക്ക്ഡ് പരിപാടി നടത്തുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 8.30 നാണ് പരിപാടി. ഇത് സംബന്ധിച്ച് ഒരു ഇന്‍വിറ്റേഷന്‍ വീഡിയോയും സാംസങ് പുറത്തുവിട്ടിട്ടുണ്ട്.
സാംസങിന്റെ പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണ്‍ പരമ്പരയില്‍ ഗാലക്‌സി എസ് 21, ഗാലക്‌സി എസ്21 പ്ലസ്, ഗാലക്‌സി എസ്21 അള്‍ട്ര എന്നീ മോഡലുകള്‍ ആയിരിക്കും ഉണ്ടാവുകയെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവര്‍ത്തനവക്ഷമത, ക്യാമറ, രൂപകല്‍പന എന്നിവയില്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പരിഷ്‌കാരങ്ങളോടെയാവാം ഈ ഫോണുകള്‍ എത്തുകയെന്നും പ്രതീക്ഷിക്കുന്നു.
പതിവ് പരിഷ്‌കാരങ്ങളില്‍നിന്ന് വ്യത്യസ്തമായി പുതിയ സ്മാര്‍ട്‌ഫോണുകളില്‍ എസ് പെന്‍ സൗകര്യം ഉള്‍പ്പെടുത്താനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ ഗാലക്‌സി നോട്ട് സീരീസില്‍ മാത്രമാണ് എസ് പെന്‍ സ്റ്റൈലസ് ഉള്‍പ്പെടുത്തിയിരുന്നത്.
ഗാലക്‌സി എസ്21 ന് 6.2 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയും പ്ലസ് മോഡലിന് 6.7 ഇഞ്ച് ഡിസ്‌പ്ലേയും ആയിരിക്കും ഉണ്ടാവുകയെന്നാണ് നേരത്തെ പുറത്തുവന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണം, എച്ച്ഡിആര്‍ 10 പ്ലസ്, 1300 നിറ്റ്‌സ് വരെ ബ്രൈറ്റ്‌നസ് എന്നിവയും ഫോണുകളില്‍ ഉണ്ടായേക്കും.
ഉയര്‍ന്ന ക്യാമറ സൗകര്യങ്ങളും മികച്ച സോഫ്റ്റ് വെയര്‍ ഹാര്‍ഡ് വെയര്‍ സൗകര്യവും ഉള്‍പ്പെടുത്തിയാവും സാംസങ് ഗാലക്‌സി എസ് 201 അള്‍ട്ര എത്തുക. 108 എംപി പ്രധാന ക്യാമറയുള്ള റിയര്‍ ക്യാമറ മോഡ്യൂള്‍ ആയിരിക്കും ഇതിനുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: samsung galaxy s21 smartphone launch date announced